ബംഗ്ലൂരുവിലെ കരിങ്കൽ ക്വാറിയിൽ ഷെയർ ഹോൾഡറാക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ്. പ്രതി വാട്സൺ പൊലീസ് കസ്റ്റഡിയിൽ. ബംഗ്ലൂരുവിൽ ക്രഷർ ബിസിനസ് നടത്തുന്ന തൃശൂർ ആളൂർ സ്വദേശിനികളാണ് കബളിപ്പിക്കപ്പെട്ടത്.
2023 ലാണ് തട്ടിപ്പ് നടക്കുന്നത്. ബംഗ്ലൂരിൽ ക്രഷർ ബിസിനസ് നടത്തി വരുകയായിരുന്നു പരാതിക്കാരിയും മകളും. പ്രതിയായ വാട്സൺ ബിസിനസ് കാര്യങ്ങളിൽ സഹായിക്കാനായി അവരുടെ ഒപ്പം ഉണ്ടായിരുന്നു. ഇവർ നടത്തിയിരുന്ന ക്രഷറിലേക്ക് കരിങ്കൽ ലഭിക്കണമെങ്കിൽ കരിങ്കൽ വാങ്ങുന്ന ക്വാറിയുടെ ഉടമയായ ഗജേന്ദ്ര ബാബുവിൽ നിന്ന് ക്വാറിയിൽ ഷെയർ എടുക്കണമെന്ന് വാട്സൺ പറഞ്ഞ് വിശ്വസിപ്പിച്ചു. ഇതുമൂലം പരാതിക്കാരിയും മകളും ചേർന്ന് ഇരുവരുടെയും അക്കൗണ്ടുകളിലായി എൺപത്തിയെട്ട് ലക്ഷത്തി ഇരുപതിനായിരം രൂപ ബാങ്ക് അക്കൗണ്ട് വഴി അയച്ചുകൊടുത്തു.
എന്നാൽ പാർട്ണർമാരുമായുള്ള തർക്കത്തെ തുടർന്ന് ഗജേന്ദ്ര ബാബുവിന്റെ ക്വാറി അടച്ച് പൂട്ടി. പരാതിക്കാരിയെയും മകളെയും പാർട്ണർ ആക്കുകയോ വാങ്ങിയ പണം തിരികെ നൽകുകയോ ചെയ്യാതെ ഇരുവരും ചേർന്ന് പണം തട്ടിയെടുത്തു. തുടർന്ന് വാട്സൺ പുതിയൊരു സ്ഥാപനത്തിന്റെ ഷെയറും വാങ്ങിച്ചു. ഇതിനുമുമ്പും സാമ്പത്തിക തിരിമറി നടത്തിയതിന് ബഹ്റൈനിൽ 4 മാസം ജയിലിൽ കിടന്നിട്ടുണ്ട് വാട്സൺ , തൃശൂർ റൂറൽ പൊലീസിന്റെ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.