ബെംഗളുരു നഗരത്തെ നടുക്കിയ എ.ടി.എം കൊള്ളയ്ക്ക് മലയാളി ബന്ധവും. എ.ടി.എമ്മുകളില്‍ പണം നിറയ്ക്കാന്‍ കരാറെടുത്ത സ്വകാര്യ കമ്പനി ജീവനക്കാരനായ മലയാളി അടക്കം രണ്ടുപേര്‍ അറസ്റ്റില്‍. കവര്‍ച്ചയുടെ ആസൂത്രകന്‍ പൊലീസുകാരനാണന്നും കണ്ടെത്തി. പട്ടാപകല്‍ റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥരെന്ന വ്യാജേനയെത്തിയ സംഘം എടിഎമ്മില്‍ നിറക്കാന്‍ കൊണ്ടുപോയ 7.11 കോടിയാണ് കൊള്ളയടിച്ചത്.
പട്ടാപകല്‍ സുരക്ഷാ സംവിധാനങ്ങളെയെല്ലാം വെട്ടിച്ചു തിരക്കേറിയ റോഡില്‍ വാഹനം തടഞ്ഞു ഏഴുകോടി 11 ലക്ഷം രൂപ കൊള്ളയടിച്ചതിനു പിന്നില്‍ പൊലീസ് ബുദ്ധിയാണന്നു തെളിഞ്ഞു. ഗോവിന്ദാപുരം പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ അന്നപ്പ നായികാണു കൊള്ളയുടെ ആസൂത്രകന്‍. സ്വകാര്യ ബാങ്കിന്റെ എടിഎമ്മുകളില്‍ പണം നിറയ്ക്കാന്‍ കരാറെടുത്ത കമ്പനി വാഹനത്തില്‍ മതിയായ സുരക്ഷയില്ലെന്നു മനസിലാക്കിയ അന്നപ്പ നായിക് കമ്മനഹള്ളി കല്യാണ നഗര്‍ എന്നിവടങ്ങളിലെ ഗുണ്ടാ സംഘങ്ങളുമായി ചേര്‍ന്നാണു കൊള്ള നടത്തിയത്.
ഇതിനായി സംഘാഗങ്ങള്‍ക്ക് കവര്‍ച്ച രക്ഷപെടാനുള്ള മാര്‍ഗങ്ങളും സംബന്ധിച്ചു വിശദമായ പരിശീലനവും അന്നപ്പ നായിക് നല്‍കി. എടിഎമ്മുകളില്‍ പണം നിറയ്ക്കുന്നതിനു കരാറെടുത്ത കമ്പനിയിലെ മുന്‍ജീവനക്കാരന്‍ ഡേവിഡാണ് അറസ്റ്റിലായത്. ഇയാള്‍ക്കും കൊള്ളയില്‍ പങ്കുണ്ടെന്നു പൊലീസ് വ്യക്തമാക്കി. കൊള്ളക്കാര്‍ എത്തിയ കാറിന്റെ യഥാര്‍ഥ ഉടമ മലയാളിയായ ഗംഗാധരനാണ്. ദിവസങ്ങള്‍ക്കു മുന്‍പ് കാര്‍ വില്‍പന നടത്തിയതാണന്നാണു ഇയാളുടെ മൊഴി. ഇതു പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.
വിശദമായി ചോദ്യം ചെയ്യുന്നതു തുടരുകയാണ്. ഇന്നലെ കാര്‍ തിരുപ്പതിക്കു സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കവര്‍ച്ച നടന്നു 45 മിനിറ്റ് കഴിഞ്ഞാണു പൊലീസില്‍ വിവരം അറിയിച്ചത്. വാഹനത്തിലുണ്ടായിരുന്ന ജീവനക്കാരെ ചോദ്യം ചെയ്യുന്നതു തുടരുകയാണ്.ഇവര്‍ക്കും പങ്കുണ്ടെന്നാണു സൂചന.