നിക്ഷേപകരുടെ 37 കോടി രൂപ തട്ടിയെടുത്ത മലപ്പുറം തെന്നല സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ ഒന്നാം പ്രതി വാളക്കുഴം കളളിയത്ത് മൻസൂർ അറസ്റ്റിൽ. അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ 10 വർഷത്തിനിടെ മൻസൂർ അടങ്ങുന്ന സംഘം 37 കോടി രൂപയുടെ നിക്ഷേപമാണ് തട്ടിയെടുത്തത്. പ്യൂണായി ജോലിയിൽ പ്രവേശിച്ച മൻസൂർ പിന്നീട് ബാങ്കിൽ അക്കൗണ്ടന്റായി. ഒരേ ഭൂമി ഈടുവെച്ച് 25 ലക്ഷം രൂപ വീതമുള്ള മൂന്ന് ലോണുകൾ മൻസൂർ തട്ടിയെടുത്തതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. 2015-ൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.
ഒന്നാം പ്രതി മൻസൂറിന് പുറമെ മുൻ ബാങ്ക് പ്രസിഡന്റ് എം.പി. കുഞ്ഞിമൊയ്തീൻ, സെക്രട്ടറിമാരായ വാസുദേവൻ മൂസത്, രത്നകുമാരി, ഡയറക്ടർമാരായ വി.പി. അലി ഹസൻ, നസീർ, ഹഫ്സൽ തുടങ്ങി 9 പ്രതികളാണ് നിലവിലുള്ളത്. 62 പേർ നൽകിയ പരാതി ആദ്യം സഹകരണ ജോയിന്റ് രജിസ്ട്രാർ അന്വേഷിച്ചിരുന്നു.
സാധാരണക്കാരായ നൂറുകണക്കിന് പേർക്കാണ് യു.ഡി.എഫ് ഭരിക്കുന്ന തെന്നല സർവീസ് സഹകരണ ബാങ്കിൽ പണം നഷ്ടമായത്. ക്രൈംബ്രാഞ്ച് സാമ്പത്തിക വിഭാഗം ഡി.വൈ.എസ്.പി. രവീന്ദ്രൻ പൊറ്റമ്മൽമാടിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൂടുതൽ അറസ്റ്റ് വൈകാതെ ഉണ്ടാകും.