image: Facebook

60 കോടിയുടെ ക്രിപ്റ്റോ തട്ടിപ്പുകേസില്‍ നടി തമന്നയെയും കാജല്‍ അഗര്‍വാളിനെയും ചോദ്യം ചെയ്യാനൊരുങ്ങി പുതുച്ചേരി പൊലീസ്. കോയമ്പത്തൂര്‍  ആസ്ഥാനമായി പ്രവര്‍ത്തിച്ച കമ്പനി നിക്ഷേപകരെ വഞ്ചിച്ച് കോടികള്‍ തട്ടിയെടുത്തുവെന്ന പരാതിയിലാണ് അന്വേഷണം. 2022 ല്‍ കമ്പനിയുടെ ഉദ്ഘാടനത്തിലാണ് തമന്ന പങ്കെടുത്തത്. കാജലാവട്ടെ പിന്നീട് കമ്പനി നടത്തിയ കോര്‍പറേറ്റ് പരിപാടിയിലും പങ്കെടുത്തു. വന്‍തുക നിക്ഷേപിച്ചവര്‍ക്ക് ഈ ചടങ്ങില്‍ വച്ച് വിലയേറിയ സമ്മാനങ്ങള്‍ കൈമാറിയിരുന്നു. ഇതിന് പുറമെ മുംബൈയില്‍ വച്ച് ആഡംബര കപ്പലില്‍ പാര്‍ട്ടി നടത്തിയെന്നും കമ്പനിക്കെതിരെ ആരോപണമുണ്ട്. 

കമ്പനി നടത്തിയ പരിപാടികളില്‍ പങ്കെടുത്തതിന്  പുറമെ ക്രിപ്റ്റോയില്‍ പണം നിക്ഷേപിക്കാന്‍ ഇരുവരും മറ്റുള്ളവരെ പ്രേരിപ്പിച്ചോ എന്നും നടിമാര്‍ക്ക് കമ്പനിയില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നോ എന്നും പൊലീസ് ചോദിച്ചറിയും.

പുതുച്ചേരിയില്‍ നിന്നുള്ള പത്തുപേര്‍ക്ക് മാത്രം രണ്ടരക്കോടിയോളം രൂപ നഷ്ടം വന്നുവെന്നും 40 കോടി രൂപയോളം കമ്പനി ഇത്തരത്തില്‍ തട്ടിയെടുത്തുവെന്നും വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനും പരാതി നല്‍കി. കേസുമായി ബന്ധപ്പെട്ട് നിതിഷ് ജെയിന്‍, അരവിന്ദ് കുമാര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡല്‍ഹി. ഒഡിഷ, മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്ര, കേരളം എന്നിവിടങ്ങളിലടക്കം ഇവര്‍ക്കെതിരെ തട്ടിപ്പുകേസുകള്‍ നിലവിലുണ്ട്. വ്യാജ അക്കൗണ്ടുകളിലേക്കാണ് ഇവര്‍ പണം സ്വീകരിച്ചതെന്നും സമാന കേസില്‍ ഇവരുടെ സഹായിയാ ഇമ്രാന്‍ പാഷയെ റായ്​പുര്‍ പൊലീസ് അറസ്റ്റ് ചെയ്തുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. 

ENGLISH SUMMARY:

Puducherry Police are set to question actresses Tamannaah Bhatia and Kajal Aggarwal over their involvement in a ₹60 crore crypto scam. Police are investigating whether the actresses merely attended these events or actively encouraged others to invest in the company. They will also probe if the two had any financial dealings with the firm.