• സൈബര്‍ തട്ടിപ്പുകാര്‍ ഇങ്ങിനെ പല വേഷത്തില്‍ വലവിരിച്ചിരിക്കുകയാണ്. ഓരോ ദിവസവും നമ്മുടെ നാട്ടില്‍ പത്ത് പേര്‍ക്കെങ്കിലും പണം നഷ്ടപ്പെടാറുണ്ട്. പണം നഷ്ടമായാല്‍ എന്ത് ചെയ്യണം. കാര്യങ്ങള്‍ മനസിലാക്കി കൃത്യസമയത്ത് ഇടപെട്ടാല്‍ നഷ്ടപ്പെട്ട പണം തിരികെ പിടിക്കാം.

മൊബൈല്‍ ഫോണ്‍ അപ്ഡേറ്റ് ചെയ്തപ്പോള്‍ ഒറ്റയടിക്ക് പോയത് നാല്‍പതിനായിരത്തോളം രൂപ.. ക്രെഡിറ്റ് കാര്‍ഡ് ബില്ലടച്ചപ്പോള്‍ കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍  പതിനായിരങ്ങള്‍ നഷ്ടമായി.. പെന്‍ഷന്‍ കാര്‍ഡ് പുതുക്കിയപ്പോള്‍ വയോധികന് പോയത് ഒരു ലക്ഷത്തോളം രൂപ...കഴിഞ്ഞ ദിവസങ്ങളില്‍ കേരളം കേട്ട സൈബര്‍ തട്ടിപ്പുകളില്‍ ചിലതാണിത്.  Also Read: ‘ഹാര്‍ട്ട് വിഷ് ഇന്‍ ആപ്പ്’; കണ്ണൂരില്‍ ഡോക്ടര്‍ക്കും സുഹൃത്തുക്കള്‍ക്കും നഷ്ടമായത് 32 ലക്ഷം


സൈബര്‍ തട്ടിപ്പുകാര്‍ ഇങ്ങിനെ പല വേഷത്തില്‍ വലവിരിച്ചിരിക്കുകയാണ്. ഓരോ ദിവസവും നമ്മുടെ നാട്ടില്‍ പത്ത് പേര്‍ക്കെങ്കിലും പണം നഷ്ടപ്പെടാറുണ്ട്. പണം നഷ്ടമായാല്‍ എന്ത് ചെയ്യണം. കാര്യങ്ങള്‍ മനസിലാക്കി കൃത്യസമയത്ത് ഇടപെട്ടാല്‍ നഷ്ടപ്പെട്ട പണം തിരികെ പിടിക്കാം. അതിനുള്ള വഴി നോക്കാം.

​

നമ്മുടെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ടൂവെന്ന് മനസിലാകുന്ന നിമിഷം മുതല്‍ അത് തട്ടിപ്പാണെന്ന് തിരിച്ചറിയണം.പിന്നീടുള്ള ഓരോ നിമിഷവും വിലപ്പെട്ടതാണ്. ഏറ്റവും ആദ്യം മൊബൈലിലെ നെറ്റ് വര്‍ക് ഓഫാക്കണം. അങ്ങിനെ ചെയ്താല്‍ വീണ്ടും പണംപോകാനുള്ള സാധ്യത ഒഴിവാക്കാം. 

​

അടുത്തത് പരാതിപ്പെടാനുള്ള സമയമാണ്. ആദ്യത്തെ ഒരു മണിക്കൂറാണ് അതീവ നിര്‍ണായകം. ഇതിനകം പരാതി നല്‍കണം. പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനിലേക്കോ ബാങ്കിലേക്കോ ഒന്നും പോകണ്ട. അങ്ങിനെ സമയം കളയണ്ട. പകരം 1930 എന്ന ടോള്‍ ഫ്രീ നമ്പരില്‍ വിളിച്ചാണ് പരാതി നല്‍കേണ്ടത്.

​

1930 എന്നത് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ നിയന്ത്രണത്തില്‍ സൈബര്‍ തട്ടിപ്പ് തടയാന്‍ മാത്രമായുള്ള നമ്പരാണ്. കേരളത്തില്‍ നിന്ന് വിളിച്ചാല്‍ തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമിലാണ് ലഭിക്കുക. 24 മണിക്കൂറും ആളുണ്ടാവും. പണം നഷ്ടമായത് എങ്ങിനെയാണ്? ഏത് അക്കൗണ്ടില്‍ നിന്നാണ്? എത്ര രൂപ പോയി? ഏത് യു.പി.ഐ.ഡിയിലേക്കാണ് പണം പോയിരിക്കുന്നത് പോലുള്ള വിവരങ്ങള്‍ കൈമാറുക. പരാതി റജിസ്റ്റര്‍ ചെയ്ത ശേഷം അവിടന്ന് ഒരു നമ്പര്‍ ലഭിക്കും. അത് സൂക്ഷിച്ചുവെക്കണം.

​

ഇവിടെ വിളിക്കുന്നതിന്‍റെ ഗുണം–പണം തിരികെ കിട്ടുകയെന്നതാണ്. സൈബര്‍ തട്ടിപ്പുകള്‍ കൂടിയതോടെ ഇന്ത്യയിലുള്ള മുഴുവന്‍ ബാങ്കുകളുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം കരാറിലായിട്ടുണ്ട്. കേന്ദ്രത്തിലെ കണ്‍ട്രോള്‍ റൂമില്‍ എല്ലാ ബാങ്കുകളുടെയും പ്രതിനിധികളുണ്ട്. കൂടാതെ ആമസോണും ഫ്ളിപ് കാര്‍ട്ടും പോലുള്ള സര്‍വീസ് പ്രൊവൈഡേഴ്സിന്‍റെയും പ്രതിനിധികളുണ്ട്. അതിനാല്‍ നമ്മള്‍ വിളിച്ച് പരാതി പറയുന്നതോടെ സംസ്ഥാനത്തെ കണ്‍ട്രോള്‍ റൂമില്‍ നിന്ന് കേന്ദ്ര കണ്‍ട്രോള്‍ റൂമിലേക്ക് വിവരം കൈമാറും. ഏത് ബാങ്കില്‍ നിന്ന് ഏത് ബാങ്കിലേക്കാണ് പണം പോയിരിക്കുന്നത്. ആ ബാങ്കിന്‍റെ പ്രതിനിധികള്‍ ഇടപെട്ട് പണം തടഞ്ഞുവെക്കും. പിന്നീട് നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കി ആ പണം നമുക്ക് തിരികെ ലഭിക്കും. 

​

ഏത്രയും വേഗം, അതായത് തട്ടിപ്പ് നടന്ന് പരാമവാധി ഒരു മണിക്കൂറിനുള്ളില്‍ ഈ ഇടപെടല്‍ നടന്നിരിക്കണം. തട്ടിപ്പുകാര്‍ പണം അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കുകയോ വിദേശ അക്കൗണ്ടുകളിലേക്ക് മാറ്റുകയോ ഒക്കെ ചെയ്താല്‍ തിരിച്ചുപിടിക്കാന്‍ പാടാണ്. അതിനാല്‍ തട്ടിപ്പിന് ഇരയായാല്‍ പകച്ച് നില്‍ക്കാതെ ഉടനടി 1930 നമ്പരില്‍ വിളിക്കുക.അങ്ങിനെ വിളിച്ച് പരാതിപ്പെട്ടതിനാല്‍ 11158 കോടി രൂപ തിരിച്ചുപിടിക്കാന്‍ സാധിച്ചെന്നാണ് കേന്ദ്രത്തിന്‍റെ കണക്ക്. 

ENGLISH SUMMARY:

Cyber fraud victims can improve their chances of recovering stolen money by acting quickly. Disconnect your phone from the internet to prevent further unauthorised transactions and immediately report the incident by calling India's cybercrime helpline 1930. Provide transaction details, bank information, the amount lost and the recipient's UPI ID. Reporting within the first hour can help authorities coordinate with banks to freeze the transferred funds before criminals withdraw or move the money.