സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വെബ്സൈറ്റിന് നേരെയുണ്ടായ സൈബര്‍ ആക്രമണത്തില്‍ വന്‍തോതില്‍ വിവരച്ചോര്ച്ചയുണ്ടായെന്ന് റിപ്പോര്‍ട്ട്. 3897 ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നുവെന്നും ഇവ ഡാര്‍ക് വെബില്‍ പ്രത്യക്ഷപ്പെട്ടുവെന്നും എസ്ബിഐ സ്ഥിരീകരിച്ചു. ഉപഭോക്താക്കളുടെ പേര്, മൊബൈല്‍ നമ്പറുകള്‍, ജനന തീയതി, ഇമെയില്‍ വിലാസം, വീട്ടുവിലാസം, ബ്രാന്‍ഡ്– കസ്റ്റമര്‍ വിവരങ്ങള്‍, വായ്പാ വിവരങ്ങള്‍ എന്നിവയടക്കം ചോര്‍ന്നുവെന്നാണ് പ്രാഥമിക വിലയിരുത്തലില്‍ മനസിലാകുന്നതെന്ന് എസ്ബിഐ അറിയിച്ചു.
സംഭവത്തില്‍ സ്വതന്ത്ര സൈബര്‍ സുരക്ഷാ ഏജന്‍സിയെ അന്വേഷണത്തിന് നിയോഹിച്ചുവെന്നും വിവരച്ചോര്‍ച്ചയുടെ രീതിയും വ്യാപ്തിയും പൂര്‍ണതോതില്‍ വൈകാതെ മനസിലാക്കാന്‍ കഴിയുമെന്നും എസ്ബിഐ വ്യക്തമാക്കി. അതേസമയം, വിവരച്ചോര്‍ച്ച ബാങ്കിന്റെ വാണിജ്യ പ്രവര്‍ത്തനങ്ങളെയോ പണമിടപാടുകളെയോ ബാധിക്കില്ലെന്നും ബാങ്ക് അറിയിച്ചു.
ബാങ്കുകള്‍ സൈബര്‍ സെക്യുരിറ്റി കര്‍ശനമാക്കണമെന്ന് റിസര്‍വ് ബാങ്ക് നേരത്തെ തന്നെ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളിലെ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമം നടക്കുന്നുണ്ടെന്നും അതീവ ജാഗ്രത വേണമെന്നുമായിരുന്നു മുന്നറിയിപ്പിലുണ്ടായിരുന്നത്.
സൈബര്‍ ആക്രമണത്തിന് പിന്നിലാര്?
കഴിഞ്ഞ വെള്ളിയാഴ്ചയാണ് എസ്ബിഐയുടെ നെറ്റ്വര്ക്കിന് നേരെ സൈബര്‍ ആക്രമണം ഉണ്ടായതെന്നാണ് സൈബര്‍ പള്സെന്ന എക്സ് അക്കൗണ്ട് പറയുന്നത്. സെബര്സുരക്ഷാ ഇന്റലിജന്‍സ് നിരീക്ഷിക്കുന്ന ഹാന്ഡിലാണിതെന്നാണ് വിവരം. 'സിരിയുസിം' എന്ന ഗ്രൂപ്പാണ് സൈബര്‍ ആക്രമണത്തിന് പിന്നിലെന്ന് ഈ എക്സ് അക്കൗണ്ട് പറയുന്നു. 375,000 വ്യക്തിഗത ഫയലുകള്‍, 2,722 പിഡിഎഫ് ഡോക്യുമെന്റുകള്‍, ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍, വായ്പാ അപേക്ഷകളും അതിനൊപ്പം സമര്‍പ്പിക്കപ്പെട്ട രേഖകളും, അക്കൗണ്ടെടുക്കാന്‍ നല്കിയ അപേക്ഷകള്‍, മേല്‍വിലാസങ്ങള്‍ എന്നിവയാണ് ഹാക്കര്‍മാര്‍ ചോര്‍ത്തിയത്. ഇത്തരത്തില്‍ ചോര്‍ത്തപ്പെട്ട വിവരങ്ങള്‍ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ്, വ്യാജ വായ്പകള്‍, ആള്‍മാറാട്ടം എന്നിവ നടത്തിയേക്കാമെന്നും ജാഗ്രത പാലിക്കണമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.