കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റ ആസ്ഥാനത്തെ കമ്പ്യൂട്ടറിലെ വിവരങ്ങൾ ചോർത്തി, വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചെന്ന പരാതിയിൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു. ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങൾ, സാമ്പത്തിക ഇടപാട് എന്നിവ സംബന്ധിച്ച വിവരങ്ങളാണ് ചോർന്നത്. ഉദ്യോഗസ്ഥർ തമ്മിലുള്ള ചേരിപ്പോരാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന.
കൊച്ചി കലൂർ സ്റ്റേഡിയം സ്‌റ്റേഷനിലെ അഡ്‌മിൻ ഓഫിസിലെ കംപ്യുട്ടറിൽ നിന്ന് ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങളും, സാമ്പത്തിക ഇടപാട് കാര്യങ്ങളും ചോർത്തി കൊച്ചി മെട്രോയുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന വാട്‌സാപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ചെന്നാണ് പരാതി.
കേസുമായി ബന്ധപ്പെട്ട് പത്ത് ഉദ്യോഗസ്ഥരെ ഇന്നലെ കൊച്ചി മെട്രോ പൊലീസ് ചോദ്യം ചെയ്തു. ഇവരിൽ ചിലരുടെ മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഉദ്യോഗസ്ഥർക്കിടയിലെ ചേരിപ്പോരാണ് ഔദ്യോഗിക വിവരങ്ങൾ ചോരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. രേഖകൾ ചോർത്താൻ ഉപയോഗിച്ച മെയിൽ ഐ.ഡിയുടെ ലോഗിൻ വിവരങ്ങളുൾപ്പെടെ നൽകാൻ ഗൂഗിളിനോട് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.