11 ദിവസത്തിനുള്ളില്‍ പണം ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് ഡോക്ടറില്‍ നിന്ന്  തട്ടിപ്പുസംഘം അടിച്ചുമാറ്റിയത് 12കോടിയിലേറെ രൂപ. പുണെയിലെ 75കാരനായ ഡോക്ടറാണ് സൈബര്‍ തട്ടിപ്പുസംഘത്തിന്‍റെ തട്ടിപ്പിനിരയായത്. ഓഹരിവിപണിയില്‍ പണം നിക്ഷേപിച്ചാല്‍ വെറും 11 ദിവത്തിനുള്ളില്‍ ഇരട്ടിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ്  തട്ടിപ്പുസംഘം ഡോക്ടറില്‍ നിന്ന് കോടികള്‍ തട്ടിയെടുത്തത്. 

കഴിഞ്ഞ ജനുവരിയിൽ ഒരു അജ്ഞാത നമ്പറിൽ നിന്നുാണ്  ഓഹരി വിപണിയിലെ നിക്ഷേപത്തിലൂടെ ഉയർന്ന ലാഭം വാഗ്ദാനം ചെയ്തുകൊണ്ടുള്ള സന്ദേശം വയോധികനായ ഡോക്ടര്‍ക്ക് ലഭിച്ചത്.  നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചാൽ വെറും 11 ദിവസത്തിനുള്ളിൽ പണം പലമടങ്ങായി വർദ്ധിക്കുമെന്ന് ഇദ്ദേഹത്തെ വിശ്വസിപ്പിച്ചു. താൽപ്പര്യം പ്രകടിപ്പിച്ച ഇദ്ദേഹത്തെ ഒരു പ്രമുഖ അന്താരാഷ്ട്ര കമ്പനിയുടെ പേരിനോട് സാമ്യമുള്ള വ്യാജ ട്രേഡിങ് ആപ്പിലേക്കാണ് തട്ടിപ്പുകാർ നയിച്ചതെന്ന് പോലീസ് പറഞ്ഞു. ആപ്പില്‍ നിക്ഷേപിച്ചാല്‍ 11 ദിവസത്തിനകം 54 കോടി രൂപ വരെ ലാഭം ലഭിക്കുമെന്ന് തട്ടിപ്പുസംഘം ഡോക്ടറെ വിശ്വസിപ്പിച്ചു. വേഗത്തില്‍ ഇരട്ടി ലാഭം എന്ന മോഹ വാദ്ഗാനത്തില്‍ ആകൃഷ്ടനായ ഡോക്ടര്‍ ആഴ്ചകളോളം തട്ടിപ്പുകാര്‍ക്ക് പണം കൈമാറിക്കൊണ്ടിരുന്നു. ആകർഷകവും ലാഭകരവുമെന്ന് തോന്നിക്കുന്ന നിക്ഷേപ പദ്ധതികൾ  "VIP Stock 24" എന്ന വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് പ്രതികൾ പങ്കുവെച്ചിരുന്നത്.

തട്ടിപ്പ് സംഘം ഡോക്ടറോട് വ്യക്തിഗത വിവരങ്ങളും ബാങ്ക് വിവരങ്ങളും പങ്കുവെക്കാൻ ആവശ്യപ്പെടുകയും തുടർന്ന് വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമാറാൻ നിർദ്ദേശിക്കുകയും ചെയ്തു. ഇദ്ദേഹം അയച്ച തുക വ്യാജ ആപ്പിൽ നിക്ഷേപമായി കാണിക്കുകയും, ഒപ്പം പദ്ധതി യഥാർത്ഥമാണെന്ന് തോന്നിപ്പിക്കാൻ വ്യാജ ലാഭവിവരങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്തു. മാർച്ച് 7 നും മാർച്ച് 18 നും ഇടയിൽ എട്ട് സാമ്പത്തിക ഇടപാടുകളിലൂടെ ആകെ 12.31 കോടി രൂപ തട്ടിപ്പുകാർ നൽകിയ എട്ട് വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകളിലേക്ക് ഇദ്ദേഹം കൈമാറി. കൂടുതൽ പണം നിക്ഷേപിക്കാൻ മടിച്ചതോടെ  പ്രതികൾ ഡോക്ടറുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്ന് ഭീഷണിപ്പെടുത്തിയതായും പണം കൈമാറാൻ നിർബന്ധിച്ചതായും പോലീസ് പറഞ്ഞു.

വാഗ്ദാനം ചെയ്ത ലാഭം പ്രതീക്ഷിച്ച് ഏകദേശം മൂന്ന് മാസത്തോളം ഇദ്ദേഹം പണം കൈമാറിക്കൊണ്ടിരുന്നു. എന്നാൽ പണമൊന്നും തിരികെ ലഭിക്കാതിരിക്കുകയും തട്ടിപ്പുകാർ വീണ്ടും പണം ആവശ്യപ്പെടുകയും ചെയ്തതോടെയാണ് താൻ കബളിപ്പിക്കപ്പെട്ടതായി ഡോക്ടര്‍ക്ക് മനസ്സിലായത്. തുടർന്ന് അദ്ദേഹം പോലീസിനെ സമീപിച്ച് പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ പോലീസ് സ്റ്റേഷനിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തു. പ്രതികളെ കണ്ടെത്താനും പണം എങ്ങോട്ടാണ് പോയതെന്ന് കണ്ടെത്താനുമുള്ള അന്വേഷണം പോലീസ് ആരംഭിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു. 

Doctor Loses 12 Crore in Dubious Investment Scheme:

A doctor in Pune was defrauded of over 12 crore rupees by an investment scam promising to double his money in just 11 days. The cyber fraud gang lured the 75-year-old doctor with promises of high returns through a fake trading app, leading to significant financial loss