alappuzha

ആലപ്പുഴയിൽ വീണ്ടും കോടികളുടെ ഓൺലൈൻ തട്ടിപ്പ്. ഹരിപ്പാട് സ്വദേശിയും പ്രവാസിയുമായ വയോധികനെ കബളിപ്പിച്ച് 8.8 കോടി രൂപ തട്ടിയെടുത്തു. മകൻ്റെ പരാതിയിൽ ആലപ്പുഴ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ആലപ്പുഴ ജില്ലയിലെ ഏറ്റവും വലിയ സൈബർ തട്ടിപ്പാണിത്. ഓൺലൈനായി ഓഹരി ഇടപാട് നടത്താം എന്ന് പറഞ്ഞാണ് പണം തട്ടിയത്. വൻകിട കോർപ്പറേറ്റ് ഗ്രൂപ്പിൻ്റെ പേരിനോട് സാമ്യമുള്ള സ്ഥാപനത്തിൻ്റെ പ്രതിനിധി എന്ന പേരിലാണ് ഓഹരി ഇടപാടിനായി സമീപിച്ചത്. വൻ ലാഭം ഉണ്ടാകുമെന്ന് വയോധികനെ വിശ്വസിപ്പിച്ചു. കഴിഞ്ഞ സെപ്റ്റംബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്.73 തവണകളായി വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ പണം കൈമാറി. മകന് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് തട്ടിപ്പാണെന്ന് വ്യക്തമായത്. മകൻ നൽകിയ പരാതിയിൽ ആലപ്പുഴ സൈബർ പൊലീസ് കേസെടുത്തു. ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ്ങ് പോർട്ടലിൽ വിവരം അറിയിച്ചിട്ടുണ്ടെന്നും നഷ്ടമായ പണം വീണ്ടെടുക്കാൻ ശ്രമം തുടങ്ങിയതായും ആലപ്പുഴ സൈബർ പൊലീസ് എസ്എച്ച്ഒ ഏലിയാസ് പി. ജോർജ് പറഞ്ഞു. വാട്സാപ്പ് ,  സോഷ്യൽ മീഡിയ സന്ദേശങ്ങൾ എന്നിവ സൈബർ പൊലീസ് പരിശോധിക്കുന്നുണ്ട്. ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചാണ് ആലപ്പുഴ സൈബർ പൊലീസിൻ്റെ അന്വേഷണം. 

ENGLISH SUMMARY:

Online fraud in Alappuzha has resulted in a senior citizen losing 8.8 crore rupees. Cyber police are investigating the case and attempting to recover the lost funds after the victim's son reported the incident.