TOPICS COVERED

രാജ്യത്ത് തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണം (എസ്‌ഐആർ) തുടരുന്നതിനിടെ പട്ടികയിൽ പേര് ചേർക്കാനെന്ന വ്യാജേന ലിങ്കുകൾ അയച്ച് സൈബർ തട്ടിപ്പ്. സോഷ്യൽ മീഡിയ അക്കൗണ്ടുകള്‍ വഴിയും ടെക്സ്റ്റ് മെസേജുകളിലൂടെയുമാണ് എസ്‌ഐആർ പ്രക്രിയയുടെ ഭാഗമെന്ന രീതിയിൽ സന്ദേശങ്ങൾ പ്രചരിക്കുന്നത്. എന്യൂമെറേഷൻ ഫോമിന്റെ ലിങ്ക് എന്ന പേരിലാണ് മെസേജുകള്‍ എത്തുന്നതെന്ന് രാജസ്ഥാൻ സൈബർ ക്രൈം ഡിജിപി സഞ്ജയ് അഗർവാൾ പറഞ്ഞു. 

ഫോം പൂരിപ്പിച്ചില്ലെങ്കിൽ വോട്ടർ പട്ടികയിൽ നിന്ന് പേരുവെട്ടുമെന്നാണ് വ്യാജ സന്ദേശങ്ങളിൽ പറയുന്നത്. ഇതിനൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്‌താൽ ഒടിപി അല്ലെങ്കിൽ പ്രോസസ്സിംഗ് ഫീസ് ആവശ്യപ്പെടും. ഈ രീതിയാണ് കുറ്റവാളികൾ പിന്തുടരുന്നതെന്നും, രഹസ്യ വിവരങ്ങളും പണവും മോഷ്ടിക്കാൻ ഉദ്ദേശിച്ചുള്ളതാണ് ഇതെന്നും അഗർവാൾ മുന്നറിയിപ്പ് നൽകി. 

എസ്‌ഐആർ പ്രക്രിയയുടെ ഭാഗമാകാൻ വോട്ടര്‍മാര്‍ ബൂത്ത് ലെവൽ ഓഫീസറെ നേരില്‍ കാണണമെന്നും എസ്‌ഐആർ അല്ലെങ്കിൽ വോട്ടർ കാർഡുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകൾക്കായി ഔദ്യോഗിക വെബ്‌സൈറ്റുകളെ മാത്രം ആശ്രയിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.  എസ്‌ഐആർ പ്രക്രിയ സൗജന്യമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ കോളുകളിലൂടെയോ സന്ദേശങ്ങളിലൂടെയോ ഒടിപികൾ, ആധാർ, പാൻ, ബാങ്ക് വിശദാംശങ്ങൾ എന്നിവയോ വ്യക്തിഗത വിവരങ്ങളോ ചോദിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. 

സൈബര്‍ കഫേകള്‍ ഉപയോഗിക്കുമ്പോള്‍ ബ്രൈസര്‍ ഹിസ്റ്റിയും കാഷെയും നീക്കം ചെയ്യാന്‍ മറക്കരുത്. ഓട്ടോ സേവ് ഒപ്ഷനുകള്‍ ഒഴിവാക്കണം. യുആര്‍എല്‍ സുരക്ഷിതമാണോയെന്ന് പരിശോധിക്കുകയും വേണം. വോട്ടര്‍ പട്ടിക പരിശോധിക്കാന്‍ ഔദ്യോഗിക ലിങ്കുകള്‍ മാത്രം ഉപയോഗിക്കുക. സംശയം തോന്നിയാല്‍ ശ്രദ്ധയിൽപ്പെട്ടാൽ ഉടന്‍ പോലീസ് സ്റ്റേഷനിലോ, സൈബർ പോലീസ് സ്റ്റേഷനിലോ അറിയിക്കുകയും വേണം. 

ENGLISH SUMMARY:

Cyber fraud targeting voters is on the rise with fake links shared under the guise of voter list updates. Voters are urged to be cautious, verify information through official sources, and report suspicious activities to the police.