മൊബൈല്‍ ഫോണുകളുടെയും സിംകാര്‍ഡുകളുടെയും ദുരുപയോഗത്തിനെതിരെ മുന്നറിയിപ്പുമായി ടെലികോം വകുപ്പ്. സിംകാര്‍ഡുകള്‍ ദുരുപയോഗം ചെയ്യാപ്പെട്ടാല്‍ കാര്‍ഡ് ഉടമയ്ക്കും ഉത്തരവാദിത്തമുണ്ടാകും. തട്ടിപ്പു നടത്തിയ 21 ലക്ഷം മൊബൈല്‍ നമ്പറുകള്‍ ബ്ലാക്ക് ലിസ്റ്റ് ചെയ്തെന്നും ഒരുലക്ഷം കമ്പനികള്‍ക്കെതിരെ നടപടിയെടുത്തു എന്നും ടെലികോം മന്ത്രാലയം അറിയിച്ചു.
മൊബൈല്‍ ഫോണ്‍വഴി സൈബര്‍ കുറ്റകൃത്യങ്ങളോ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളോ നടന്നാല്‍ സിം കാര്‍ഡ് ഉടമയ്ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്. സിംകാര്‍ഡ് കൈമാറ്റം ചെയ്യുകയോ മറ്റൊരാള്‍ക്കു വേണ്ടി സിം കാര്‍ഡ് എടുത്തു നല്‍കുകയോ ചെയ്യുമ്പോള്‍ ജാഗ്രതപാലിക്കണം. നമ്പറുകള്‍ ദുരുപയോഗം ചെയ്യപ്പെട്ടാല്‍ ഉടമയ്ക്ക് മൂന്നുവര്‍ഷം തടവോ 50 ലക്ഷം രൂപ പിഴയോ ലഭിക്കാം.
സ്പാം കോളുകള്‍ വന്നാല്‍ ബ്ലോക്ക് ചെയ്യുന്നതിന് പകരം റിപ്പോര്‍ട്ട് ചെയ്യണമെന്നും മന്ത്രാലയം അറിയിച്ചു. ഫോണുകളുടെയും മോഡത്തിന്‍റെയും ഐ.എം.ഐ.ഐ നമ്പറില്‍ കൃത്രിമം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടാലും കടുത്ത നടപടിയുണ്ടാകും. സഞ്ചാര്‍ സാഥി പോര്‍ട്ടല്‍ വഴിയോ ആപ് വഴിയോ IMEI നമ്പര്‍ പരിശോധിച്ച് ഉറപ്പാക്കണമെന്നും മന്ത്രാലയം പറയുന്നു. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ തട്ടിപ്പു നടത്താന്‍ ഉപയോഗിച്ച 21 ലക്ഷം സിം കാര്‍ഡുകള്‍ ബ്ലാക്ക് ലിസ്റ്റ് ചെയ്തു. പൊതുജനങ്ങള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.