കര്‍ണാടകയെ നടുക്കി ഡിജിറ്റല്‍ അറസ്റ്റില്‍ ടെക്കിക്കു 32 കോടി രൂപ നഷ്ടമായി. ബെംഗളുരു ഇന്ദിരാനഗര്‍ സ്വദേശിയായ സീനിയര്‍ സോഫ്റ്റ് വെയര്‍ എന്‍ജിനിയറായ 57കാരിക്കു ആറുമാസത്തിലേറെ ഡിജിറ്റല്‍ അറസ്റ്റിലാക്കി 31.82 കോടി രൂപ തട്ടിയെടുത്തത്. മകന്റെ വിവാഹത്തിനും വിദേശയാത്രയ്ക്കുമായി ഒരുങ്ങുന്നതിനിടെയാണ് ടെക് നഗരത്തിലെ പ്രമുഖ കമ്പനിയില്‍ ഉയര്‍ന്ന തസ്തികയില്‍ ജോലി ചെയ്യുന്ന 57കാരിക്കു ഫോണെത്തുന്നത്. വിദേശത്തു നിന്നു യുവതിയുടെ പേരില്‍ കൊറിയറായി ലഹരിമരുന്നുകളും നിര്‍ണായക രേഖകളും അയച്ചത് മുംബൈ കസ്റ്റംസ് പിടികൂടിയെന്നായിരുന്നു വിളിച്ചയാള്‍ അറിയിച്ചത്.
വിദേശത്ത് ആരുമില്ലെന്നും ബെംഗളുരു വിട്ടുപോയിട്ടില്ലെന്നും യുവതി അറിയിച്ചതോടെ ഫോണ്‍കോള്‍ സിബിഐ ഉദ്യോഗസ്ഥനെന്നു പരിചയപെടുത്തിയ ആള്‍ക്കു കൈമാറി. സൈബര്‍ തട്ടപ്പുകാരായിരിക്കാം കൊറിയര്‍ അയച്ചതെന്നു പറഞ്ഞാശ്വസിപ്പിച്ചയാള്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈമാറാന്‍ നിര്‍ദേശിച്ചു. വിഡിയോ കോളില്‍ വിളിച്ചു ഡിജിറ്റല്‍ അറസ്റ്റിലാക്കി ചോദ്യം ചെയ്യല്‍ തുടങ്ങി. തുടര്‍ന്നു കൊറിയറുമായി ബന്ധമില്ലെന്നു കണ്ടെത്തിയെന്നറിയിച്ച തട്ടിപ്പുകാര്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനായി പണം വിവിധ അക്കൗണ്ടുകളിലേക്ക് മറ്റണമെന്നു നിര്‍ബന്ധിച്ചു.
പലപ്പോഴായി 31.86 കോടി രൂപ കൈമാറി. പരിശോധന പൂര്‍ത്തിയായാല്‍ ഉടന്‍ തിരികെ നല്‍കുമെന്നായാരിന്നു അറിയിച്ചിരുന്നത്. മാസങ്ങള്‍ കഴിഞ്ഞിട്ടും പണം കിട്ടാതായതോടെ വെള്ളിയാഴ്ച പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കര്‍ണാടകയിലെ ഏറ്റവും വലിയ ഡിജിറ്റര്‍ അറസ്റ്റ് തട്ടിപ്പാണിത്. മൂന്നുകോടിക്കു മുകളിലായതിനാല്‍ കേസ് സിഐഡി വിഭാഗത്തിനു കൈമാറി.