ആറ്റിങ്ങല്‍ മൂന്നു മുക്കിലെ ഗ്രീന്‍ലൈന്‍ ലോഡ്ജില്‍ യുവതി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ലോഡ്ജിലെ ജീവനക്കാരനായ ജോബി ജോര്‍ജിനായി പൊലീസ് തിരച്ചില്‍. ഒരാഴ്ചയ്ക്ക് മുന്‍പ് ലോ‍ഡ്ജില്‍ ജോലിക്കാരനായെത്തിയ ജോബി ഭാര്യയെന്ന പേരിലാണ് വടകര സ്വദേശിയായ 40 കാരി അസ്മിനയെ ലോഡ്ജില്‍ പരിചയപ്പെടുത്തിയത്. 

ഇന്നലെ രാവിലെയാണ് അസ്മിനയെ ലോഡ്ജിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരമാകെ കുപ്പികൊണ്ട് കുത്തിയ നിലയില്‍ പാടുകള്‍ കണ്ടതോടെയാണ് മരണം കൊലപാതകമാണെന്ന് പൊലീസ് ഉറപ്പിച്ചത്. സംഭവത്തിന് ശേഷം ഹോട്ടലില്‍ നിന്നും മുങ്ങിയ ജോബി ജോര്‍ജിനായി തിരച്ചിലിലാണ് പൊലീസ്. 

രണ്ടു ദിവസം മുന്‍പ് അസ്മിന എത്തിയതോടെ ജോബി ഇരുവര്‍ക്കുമായി ലോഡ്ജില്‍ മുറിയെടുത്തു. ഇതിന് പിന്നാലെ വൈകീട്ട് ജോബിയെ കാണാന്‍ മറ്റൊരാള്‍ മുറിയിലെത്തി. രാവിലെ ഇരുവരെയും കാണാതായതോടെ ഹോട്ടല്‍ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലയിടക്കം മുറിവുണ്ട്. മുറിയില്‍ പൊട്ടിയ ബിയര്‍ ബോട്ടിലും ലഭിച്ചു. 

പുലര്‍ച്ചെ ജോബി ഹോട്ടലില്‍ നിന്നും പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. രണ്ടുകുട്ടികളുടെ അമ്മയാണ് കൊല്ലപ്പെട്ട അസ്മിന. ഇവരും ജോബിയും അടുപ്പത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. യാതൊരു രേഖകളും നല്‍കാതെയാണ് ജോബി ലോ‍ഡ്ജില്‍ ജോലിക്കാരനായി എത്തിയത്. കായംകുളത്താണ് ജോബി താമസിക്കുന്നതെന്നാണ് വിവരം.