share-trading-scam-cyber-fraud-kochi

​കൊച്ചിയിലെ ഫാര്‍മസ്യൂട്ടിക്കല്‍സ് ഉടമയില്‍ നിന്ന് 25 കോടി തട്ടിയ ഷെയര്‍ ട്രേഡിങ് കമ്പനി രാജ്യവ്യാപകമായി നിരവധിപേരെ തട്ടിപ്പിനിരയാക്കിയതായി കണ്ടെത്തല്‍. കൊച്ചി സിറ്റി സൈബര്‍ പൊലീസിന്‍റെ അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തട്ടിപ്പിനിരയായവരില്‍ നിന്ന് വിവരങ്ങള്‍ തേടും. ഷെയര്‍ ട്രേഡിങ് ആപ്പ് വഴി തൃപ്പൂണിത്തുറ സ്വദേശിയില്‍ നിന്ന് ഒരു കോടി രൂപ തട്ടിയെടുത്ത കേസില്‍ രണ്ട് പേരെ ഹില്‍പാലസ് പൊലീസ് അറസ്റ്റ് ചെയ്തു. 

രാജ്യത്തെ തന്നെ ഏറ്റവും വലിയ സൈബര്‍ തട്ടിപ്പ് കേസിലാണ് കൊച്ചി സിറ്റി സൈബര്‍ പൊലീസിന്‍റെ അന്വേഷണം പുരോഗമിക്കുന്നത്. കൊച്ചി സ്വദേശിയില്‍ നിന്ന് തട്ടിയെടുത്ത 25 കോടി സഞ്ചരിച്ച വഴിതേടിയുള്ള അന്വേഷണത്തിലാണ് കൂടുതല്‍ ഇരകളുണ്ടെന്ന് ബോധ്യമായത്.  കാപിറ്റലിക്സ്.കോം എന്ന വെബ്സൈറ്റ് വഴി ഷെയര്‍ ട്രേഡിങ് നടത്തിയായിരുന്നു തട്ടിപ്പ്. രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലും കമ്പനിയെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കേസുകളുടെ വിവരങ്ങള്‍ ശേഖരിച്ചാണ് കൊച്ചി സിറ്റി സൈബര്‍ പൊലീസിന്‍റെ അന്വേഷണം.  ട്രേഡിങിന്‍റെ ഭാഗമായി ഇന്ത്യയിലെ 190ലേറെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് കൊച്ചി സ്വദേശി പണം നിക്ഷേപിച്ചത്. കഴിഞ്ഞ വര്‍ഷം അവസാനമായിരുന്നു അവസാനത്തെ ഇടപാട്. പരാതി ലഭിക്കാന്‍ ഒരുവര്‍ഷം വൈകിയെങ്കിലും അന്വേഷണത്തെ കാര്യമായി ബാധിക്കില്ലെന്നാണ് പൊലീസിന്‍റെ ആത്മവിശ്വാസം. 

തിരുവാങ്കുളം സ്വദേശിയില്‍ നിന്ന് ഒരു കോടി എട്ട് ലക്ഷം തട്ടിയെടുത്ത കേസിലാണ് തൊടുപുഴ വണ്ണപ്പുറം സ്വദേശികളായ യാസിന്‍, ബിലാല്‍ എന്നിവരെ ഹില്‍പാലസ് പൊലീസ് അറസ്റ്റ് ചെയ്തത്. ജനുവരി മുതല്‍ ആറ് മാസത്തിനിടെ തിരുവാങ്കുളം സ്വദേശിയില്‍ നിന്ന് അന്‍സോ ഗ്ലോബല്‍ എന്ന് ഓണ്‍ലൈന്‍ കമ്പനി വഴിയായിരുന്നു തട്ടിപ്പ്. തിരുവാങ്കുളം സ്വദേശിയില്‍ നിന്ന് തട്ടിയെടുത്ത പണം ബിലാലിന്‍റെ അക്കൗണ്ടിലേക്കാണ് എത്തിയത്. ഈ അക്കൗണ്ട് തട്ടിപ്പ് സംഘത്തിന് കൈമാറിയത് യാസിനാണ്. ബിലാലിനെ പോലെ നിരവധി പേരുടെ അക്കൗണ്ട് വിവരങ്ങള്‍ യാസിന്‍ തട്ടിപ്പ് സംഘത്തിന് നല്‍കിയതായി കണ്ടെത്തി. അന്‍പതിനായിരം രൂപവരെ വാഗ്ദാനം ചെയ്താണ് അക്കൗണ്ടുകള്‍ തട്ടിപ്പിനായി കൈമാറിയത്. കഴിഞ്ഞ ഒരു മാസത്തിനിടെ ബിലാലിന്‍റെ അക്കൗണ്ടിലൂടെ മൂന്ന് കോടിയുടെ ഇടപാടുകളാണ് നടന്നത്.  കൂടുതല്‍ തട്ടിപ്പുകളിലും പിടിയിലായവര്‍ക്ക് ബന്ധമുണ്ടെന്ന നിഗമനത്തില്‍ സൈബര്‍ പൊലീസിന്‍റെ കൂടി സഹായത്തോടെ അന്വേഷണം പുരോഗമിക്കുകയാണ്. 

ENGLISH SUMMARY:

Cyber fraud cases are rising in Kochi. The Kochi police are investigating a large-scale cyber fraud involving share trading and are seeking information from victims.