നിലമ്പൂർ പളളിക്കുളം സ്വദേശി രതീഷ് ജീവനൊടുക്കിയതിന് പിന്നിൽ അയൽവാസിയായ സ്ത്രീ ഉൾപ്പടെ നാലംഗ സംഘമാണെന്ന വെളിപ്പെടുത്തലുമായി കുടുംബം രംഗത്ത്. മകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഹണിട്രാപ്പിൽ പെടുത്തിയെന്നും, ആ മനോവിഷമത്തിലാണ് രതീഷ് ജീവനൊടുക്കിയതെന്നുമാണ് രതീഷിന്റെ അമ്മ തങ്കമണിയും, സഹോദരൻ രാജേഷും വ്യക്തമാക്കുന്നത്.
സംഭവത്തിലെ നിർണായക വെളിപ്പെടുത്തലിന് പിന്നാലെ എടക്കര പൊലീസ് അന്വേഷണം ഊർജിതമാക്കി. ജൂൺ പതിനൊന്നിന് വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് പളളിക്കുളം സ്വദേശി രതീഷിനെ കണ്ടെത്തിയത്. അയൽവാസിയായ സ്ത്രീ രതീഷിനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് ഹണി ട്രാപ്പിൽ കുടുക്കിയത്. കടം വാങ്ങിയ പണം തിരിച്ചു കൊടുക്കാനെന്ന വ്യാജേനയാണ് രതീഷിനെ ആ സ്ത്രീ തന്ത്രപൂർവം വീട്ടിനുള്ളിലേക്കെത്തിച്ചത്.
വീട്ടിവ്‍ വെച്ച് ബലം പ്രയോഗിച്ചാണ് രതീഷിനെ യുവതിയും കൂട്ടാളികളും ചേർന്ന് നഗ്നനാക്കിയത്. അതിന് ശേഷം വിവസ്ത്രനായി നിൽക്കുന്ന രതീഷിനൊപ്പം യുവതി കൂടെ നിന്ന് ഫോട്ടോ എടുത്തു. 2 ലക്ഷം രൂപയാണ് ഫോട്ടോ പുറത്ത് വിടാതിരിക്കാനായി സംഘം ആവശ്യപ്പെട്ടത്.
പണം കിട്ടില്ലെന്ന് ബോധ്യമായതോടെ ആ ഫോട്ടോ രതീഷിന്റെ സ്കൂള്‍ ഗ്രൂപ്പിലേക്കും ഭാര്യയ്ക്കും കൂട്ടുകാർക്കും അയക്കുകയായിരുന്നു. ആ നാണക്കേട് താങ്ങാനാവാതെയാണ് മകൻ ജീവനൊടുക്കിയതെന്ന് രതീഷിന്റെ അമ്മ പറയുന്നു. രതീഷിന്റെ ഭാര്യയുടെയും അമ്മയുടെയും പരാതി ലഭിച്ചെന്നും അന്വേഷണം നടക്കുകയാണെന്നുമാണ് എടക്കര പൊലീസ് പറയുന്നത്.