photo-facebook-arrest

ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്ന യുവതിയുടെ ഫോട്ടോ എടുത്ത് മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. ചോറ്റാനിക്കര സ്വദേശിയായ യുവതിയുടെ പരാതിയിൽ ആലുവ ആലങ്ങാട് സ്വദേശിയായ പെരിങ്ങോട്ടിൽ വീട്ടിൽ നിഷാദാണ് (35 ) അറസ്റ്റിലായത്. ഇയാൾ മുമ്പും പല സ്റ്റേഷൻ പരിധികളിൽ പീഡന,​ പോക്സോ കേസുകളിൽ പ്രതിയാണ്.   

മോ‍ർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഇയാൾ, മെട്രോയ്ക്ക് സമീപമുള്ള കുറ്റിക്കാട്ടിലേക്ക് പെൺകുട്ടിയെ വിളിച്ചു വരുത്തി പീഡിപ്പിക്കുകയും ചെയ്തു. യുവതി ജോലി കഴിഞ്ഞ് മടങ്ങുംവഴി, അനുവാദമില്ലാതെ ഫോട്ടോ എടുത്ത നിഷാദ് കല്യാണം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞ് തന്ത്രപൂർവം യുവതിയുടെ ഫോൺ നമ്പ‍ർ വാങ്ങുകയായിരുന്നു. 

പിന്നീട് യുവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു. അതിന് ശേഷം യുവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങളിട്ട ഫെയ്സ്ബുക്ക് ലിങ്ക് യുവതിയുടെ മൊബൈലിലേക്ക് അയച്ചു. ചിത്രങ്ങൾ കൂടുതൽ ഫ്ലാറ്റ്ഫോമുകളിലേക്ക് പോസ്റ്റ് ചെയ്യാതിരിക്കണമെങ്കിൽ,  പറയുന്ന സ്ഥലത്ത് എത്തണമെന്ന് ഭീഷണിപ്പെടുത്തി. അങ്ങനെയാണ് യുവതിയെ മെട്രോയ്ക്ക് സമീപമുള്ള കുറ്റിക്കാട്ടിലെത്തിച്ച് ക്രൂരമായി പീഡിപ്പിച്ചത്. 

അതിന് ശേഷമാണ് ഫോട്ടോയുടെ പേരിൽ യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ചത്. യുവതിയുടെ പരാതിയിൽ ചോറ്റാനിക്കര പൊലീസ് നിഷാദിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. .പുത്തൻകുരിശ് ഡിവൈഎസ്പി വിടി ഷാജന്റെ നിർദ്ദേശാനുസരണം ചോറ്റാനിക്കര ഇൻസ്പെക്ടർ കെ.എൻ. മനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ്  പ്രതിയെ കുടുക്കിയത്. 

ENGLISH SUMMARY:

Cyber crime is on the rise. A man has been arrested for morphing a woman's photo and circulating it on social media, leading to harassment and exploitation.