ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിൽ വിദ്യാഭ്യാസ വകുപ്പിന്‍റെ ഓൺലൈൻ യോഗത്തിനിടെ പോണ്‍ വിഡിയോ പ്രദര്‍ശനവും അധിക്ഷേപ പരാമര്‍ശവും. ജില്ലാ മജിസ്ട്രേറ്റ് സന്തോഷ് കുമാർ ശർമ്മ, ജില്ലാ ബ്ലോക്ക് തല  വിദ്യാഭ്യാസ ഓഫിസര്‍മാര്‍ , പ്രധാന അധ്യാപകര്‍ എന്നിവര്‍ക്കുപുറമേ പൊതുജനങ്ങളും പങ്കെടുത്ത യോഗത്തിലാണ്  അശ്ലീല വിഡിയോ യാദൃശ്ചികമായി പ്രദര്‍ശിപ്പിക്കപ്പെട്ടത് . യോഗത്തില്‍ പങ്കെടുത്ത ഒരാള്‍ മോശമായി സംസാസരിക്കുകയും ചെയ്തു.

സ്കൂളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പൊതുജനങ്ങളും ജില്ലയുടെ ചുമതലയുള്ള ഉദ്യോഗസ്ഥനും തമ്മിൽ നേരിട്ട് ആശയവിനിമയം നടത്തുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു യോഗം വിളിച്ചുചേര്‍ത്തത്. ഇതിനിടെയാണ്  ‘ജേസൺ ജൂനിയർ’ എന്ന പേരിൽ ഒരാള്‍ തന്‍റെ സ്‌ക്രീൻ പങ്കിടുകയും ഒരു അശ്ലീല വീഡിയോ പ്ലേ ചെയ്യുകയും ചെയ്തത്. തുടർന്ന് ഉദ്യോഗസ്ഥർ സെഷനിൽ നിന്ന് ഇറങ്ങിപ്പോയി. അതിനിടെ ‘അർജുൻ’ എന്ന പേരിലുള്ള ഉപയോക്താവ് അധിക്ഷേപപരമായ പരാമര്‍ശങ്ങള്‍ നടത്താന്‍ തുടങ്ങുകയും ചെയ്തു. 

സംഭവത്തെത്തുടര്‍ന്ന് കോട്‌വാലി പോലീസ് സ്റ്റേഷനിൽ    വിദ്യാഭ്യാസ ഓഫിസർ റിദ്ധി പാണ്ഡെ പരാതി നൽകി. സൈബർ പോലീസിന്റെ സഹായത്തോടെ കുറ്റവാളികള്‍ക്കായി അന്വേഷണം ആരംഭിച്ചു. ബിഎൻഎസ് സെക്ഷൻ 221 (പൊതുപ്രവർത്തകന്റെ കർത്തവ്യ നിർവ്വഹണത്തിൽ തടസ്സം), 352 (മനപ്പൂർവ്വം അപമാനിക്കൽ), 67എ ഐടി ആക്ട് 2000 (ഇലക്ട്രോണിക് രൂപത്തിൽ ലൈംഗികത പ്രകടമാക്കുന്ന പ്രവൃത്തികൾ അടങ്ങിയ മെറ്റീരിയൽ കൈമാറൽ) എന്നീ കുറ്റങ്ങൾ ചുമത്തിയാണ് എഫ്‌ഐആർ റജിസ്റ്റർ ചെയ്തിട്ടുള്ളത്.

ENGLISH SUMMARY:

Porn Video Display occurred during an online education department meeting in Uttar Pradesh, causing disruption and outrage. The incident involved the unexpected display of an obscene video and offensive comments, leading to a police investigation and the filing of charges under various sections of the law