ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, ഒ.എൽ.എക്സ് തുടങ്ങിയവയിലൂടെ ഡ്രൈവർ ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന പരസ്യം നൽകി സാമ്പത്തിക തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റില്‍. പാലക്കാട് കവളപ്പാറ സ്വദേശി വിഷ്ണുവിനെയാണ് (27) കൊല്ലം സിറ്റി സൈബർ പൊലീസ് വലയിലാക്കിയത്. കഴക്കൂട്ടത്ത് ഡോക്ടറുടെ ഹൗസ് ഡ്രൈവറായി ജോലിക്ക് കയറാമെന്നാണ് പരസ്യത്തിലുള്ളത്. ഇന്നോവ ക്രിസ്റ്റയാണ് ഓടിക്കേണ്ട വാഹനമെന്നും, 32000 രൂപ മാസശമ്പളമായി ലഭിക്കുമെന്നും, ഭക്ഷണവും താമസവും ഫ്രീയാണെന്നും വിളിക്കുന്നവരെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.
കഴിഞ്ഞ ഒരുവർഷമായി എട്ട് ലക്ഷത്തോളം രൂപയാണ് ഇത്തരത്തില്‍ വിഷ്ണു തട്ടിയെടുത്തതെന്ന് പൊലീസ് പറയുന്നു. പണം പോയ കൊട്ടിയം സ്വദേശി സൈബർ ക്രൈം പോർട്ടൽ നമ്പരായ 1930ൽ പരാതി രജിസ്റ്റർ ചെയ്തതോടെയാണ് യുവാവ് കുടുങ്ങിയത്. പല ജില്ലകളിലും ഇതുപോലുള്ള പരാതികള്‍ ലഭിച്ചിട്ടുണ്ട്. വിഷ്ണു അറസ്റ്റിലായപ്പോള്‍ കൈയ്യിലുണ്ടായിരുന്നത് വെറും രണ്ട് ദിവസം മുമ്പെടുത്ത സിംകാർഡും മൊബൈൽ ഫോണുമാണ്. രണ്ടാഴ്ച കൂടുമ്പോൾ സിം കാർഡും മൊബൈൽ ഫോണും മാറ്റുന്നതാണ് പ്രതിയുടെ രീതി.
ഇൻസ്റ്റഗ്രാമിൽ പ്രതിയിട്ട പരസ്യം കാൽ ലക്ഷം പേരാണ് കണ്ടത്. പരസ്യം കണ്ട് വിളിക്കുന്നവരോട് എറണാകുളത്തെ ഓഫീസില്‍ നേരിട്ടെത്തി രജിസ്റ്റർ ചെയ്യാന്‍ ആദ്യം ആവശ്യപ്പെടും. അല്ലെങ്കിൽ ആധാറിന്റെയും ലൈസൻസിന്റെയും കോപ്പി വാട്സാപ്പില്‍ അയയ്ക്കാന്‍ പറയും. രജിസ്ട്രേഷൻ ഫീസായി 560 രൂപയും വാങ്ങും. വെരിഫിക്കേഷനായി 1000 രൂപ കൂടി വാങ്ങിയ ശേഷം ഇവരെ ബ്ളോക്ക് ചെയ്യുകയാണ് സ്ഥിരം രീതി. പരസ്യം നൽകിയ ഫോൺനമ്പരും അക്കൗണ്ടും മാറ്റി പുതിയ ഫോൺ നമ്പരും അക്കൗണ്ടുമെടുത്ത് ആ പരസ്യം വീണ്ടും അപ്ലോഡ് ചെയ്ത് തട്ടിപ്പ് തുടരും.