ഫെയ്സ്​ബു​ക്ക്, ഇൻ​സ്റ്റ​ഗ്രാം, ഒ.എൽ.എ​ക്‌​സ് തു​ട​ങ്ങി​യവയിലൂടെ ഡ്രൈ​വർ ജോ​ലി​ക്ക് ആ​ളെ ആ​വ​ശ്യ​മു​ണ്ടെ​ന്ന പ​ര​സ്യം നൽ​കി സാമ്പത്തിക ത​ട്ടി​പ്പ് ന​ട​ത്തി​യ യുവാവ് അറസ്റ്റില്‍. പാ​ല​ക്കാ​ട് ക​വ​ള​പ്പാ​റ സ്വദേശി വി​ഷ്​ണുവിനെയാണ് (27) കൊ​ല്ലം സി​റ്റി സൈ​ബർ പൊ​ലീ​സ് വലയിലാക്കിയത്. ക​ഴ​ക്കൂ​ട്ട​ത്ത് ഡോ​ക്ട​റു​ടെ ഹൗ​സ് ഡ്രൈ​വറായി ജോലിക്ക് കയറാമെന്നാണ് പരസ്യത്തിലുള്ളത്. ഇ​ന്നോ​വ ക്രി​സ്റ്റയാ​ണ് ഓടിക്കേണ്ട വാ​ഹ​നമെന്നും, 32000 രൂ​പ മാ​സ​ശ​മ്പ​ളമായി ലഭിക്കുമെന്നും, ഭ​ക്ഷ​ണ​വും താ​മ​സ​വും ഫ്രീയാണെന്നും വിളിക്കുന്നവരെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. 

ക​ഴി​ഞ്ഞ ഒ​രുവർ​ഷമാ​യി എ​ട്ട് ല​ക്ഷ​ത്തോ​ളം രൂ​പയാണ് ഇത്തരത്തില്‍ വി​ഷ്​ണു ത​ട്ടിയെടുത്തതെന്ന് പൊലീസ് പറയുന്നു. പ​ണം പോയ കൊ​ട്ടി​യം സ്വ​ദേ​ശി സൈ​ബർ ക്രൈം പോർ​ട്ടൽ ന​മ്പ​രാ​യ 1930ൽ പ​രാ​തി ര​ജി​സ്റ്റർ ചെ​യ്തതോടെയാണ് യുവാവ് കുടുങ്ങിയത്. പ​ല ജി​ല്ല​ക​ളി​ലും ഇതുപോലുള്ള പരാതികള്‍ ലഭിച്ചിട്ടുണ്ട്. വി​ഷ്​ണു​ അറസ്റ്റിലായപ്പോള്‍ കൈയ്യിലുണ്ടായിരുന്നത് വെറും ര​ണ്ട് ദി​വ​സം മു​മ്പെടു​ത്ത സിം​കാർ​ഡും മൊ​ബൈൽ ഫോ​ണുമാണ്.  ര​ണ്ടാ​ഴ്​ച കൂ​ടു​മ്പോൾ സിം കാർ​ഡും മൊ​ബൈൽ ഫോ​ണും മാറ്റുന്നതാണ് പ്രതിയുടെ രീതി. 

ഇൻ​സ്റ്റ​ഗ്രാ​മിൽ പ്ര​തിയി​ട്ട പ​ര​സ്യം കാൽ ല​ക്ഷം പേരാണ് കണ്ടത്. പ​ര​സ്യം കണ്ട് വിളിക്കുന്നവരോട് എ​റ​ണാ​കു​ളത്തെ ഓഫീസില്‍ നേ​രി​ട്ടെ​ത്തി ര​ജി​സ്റ്റർ ചെ​യ്യാന്‍ ആദ്യം ആവശ്യപ്പെടും. അല്ലെങ്കിൽ  ആ​ധാ​റി​ന്റെ​യും ലൈ​സൻ​സി​ന്റെ​യും കോ​പ്പി വാ​ട്‌​സാ​പ്പില്‍ അ​യ​യ്​ക്കാ​ന്‍ പറയും. ര​ജി​സ്‌​ട്രേ​ഷൻ ഫീ​സാ​യി 560 രൂ​പ​യും വാങ്ങും.  വെ​രി​ഫി​ക്കേ​ഷ​നാ​യി 1000 രൂ​പ കൂ​ടി വാ​ങ്ങിയ ശേ​ഷം ഇ​വ​രെ ബ്‌​ളോ​ക്ക് ചെ​യ്യുകയാണ് സ്ഥിരം രീതി. പ​ര​സ്യം ന​ൽ​കി​യ ഫോൺ​ന​മ്പ​രും അ​ക്കൗ​ണ്ടും മാറ്റി പു​തി​യ ഫോൺ ന​മ്പ​രും അക്കൗ​ണ്ടുമെ​ടു​ത്ത് ആ പ​ര​സ്യം വീണ്ടും അപ്ലോഡ് ചെയ്ത് തട്ടിപ്പ് തുടരും. 

ENGLISH SUMMARY:

Job fraud occurs when scammers post fake job opportunities to steal money or personal information. This article discusses a recent arrest in Kerala related to a job advertisement scam on Instagram.