മ്യൂസിയം കാണാനെത്തിയ കോട്ടയം സ്നേഹക്കൂടിലെ വയോധികർ പൊലീസ് ഉദ്യോഗസ്ഥന്റെ മോശം പെരുമാറ്റം മൂലം മ്യൂസിയം കാണാതെ നിരാശയോടെ മടങ്ങി. സ്നേഹക്കൂട് സംഘടിപ്പിച്ച സഫലമീയാത്രയുടെ ഭാഗമായി എത്തിയ 125 പേരടങ്ങുന്ന സംഘത്തിനാണ് ഈ ദുരനുഭവം. മന്ദിരത്തിലെ അന്തേവാസികളിൽ പകുതിയോളം പേർക്ക് ശാരീരിക അവശതകൾ മൂലം നടക്കാൻ ബുദ്ധിമുട്ടുള്ളവരായിരുന്നു. അതിനാൽ, നടക്കാൻ കഴിയുന്നവർ മാത്രം ടിക്കറ്റെടുത്ത് മ്യൂസിയം കാണാനും മറ്റുള്ളവർ വാഹനത്തിൽ വിശ്രമിക്കാനുമായിരുന്നു തീരുമാനം.
എന്നാൽ, വാഹനം അകത്ത് പാർക്ക് ചെയ്യണമെങ്കിൽ വണ്ടിയിലുള്ള മുഴുവൻ പേരും ടിക്കറ്റ് എടുക്കണമെന്ന നിലപാടിൽ സെക്യൂരിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ ഉറച്ചുനിന്നു. നടക്കാൻ വയ്യാത്തവർക്ക് ഇളവ് നൽകണമെന്ന അഭ്യർഥന ഉദ്യോഗസ്ഥൻ നിരസിച്ചതോടെ മ്യൂസിയം കാണാതെ നിരാശയോടെ സംഘം മടങ്ങുകയായിരുന്നു. അവശരായ വയോധികരോട് അൽപം പോലും മാനുഷിക പരിഗണന കാട്ടിയില്ല എന്നാണു ആക്ഷേപം. പൊലീസ് ഉദ്യോഗസ്ഥൻ മോശം വാക്കുകൾ ഉപയോഗിച്ചെന്നും പറയുന്നു.