റിയാലിറ്റി ഷോ താരത്തിന്‍റെ പേരില്‍ സമൂഹമാധ്യമങ്ങളിലൂടെ നടന്ന ഫാന്‍ ഫൈറ്റിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് പിടിയില്‍. മുംബൈ സ്വദേശിയായ അംജുദ് ഇസ്ലാ(19)മെന്ന യുവാവാണ് കാസര്‍കോട് പൊലീസിന്‍റെ പിടിയിലായത്. അംജുദും പെണ്‍കുട്ടിയുടെ സഹോദരനും തമ്മില്‍ സമൂഹമാധ്യമങ്ങളിലൂടെ ഹിന്ദി റിയാലിറ്റി ഷോയിലെ താരത്തെ ചൊല്ലി രൂക്ഷമായ വാക്പോരുണ്ടായിരുന്നു. ഇതിന്‍റെ പ്രതികാരമായാണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്.
കാസര്‍കോട് സ്വദേശിയുടെ സഹോദരിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിന്നെടുത്ത പ്രതി, ഇതിലേക്ക് നഗ്നചിത്രങ്ങള്‍ ചേര്‍ത്ത് മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. വ്യാജ ഇന്‍സ്റ്റഗ്രാം, എക്സ് അക്കൗണ്ടുകള്‍ നിര്‍മിച്ചായിരുന്നു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ അംജുദ് പ്രചരിപ്പിച്ചത്.
ഇത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ കാസര്‍കോട് സ്വദേശി പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുംബൈ സ്വദേശിക്ക് പിടിവീണത്. സൈബര്‍ പൊലീസ്, അംജുദിന്‍റെ ഫോണ്‍ ലൊക്കേഷനടക്കം പിന്തുടര്‍ന്നാണ് ചേരിപ്രദേശത്ത് ഒളിച്ചിരുന്ന യുവാവിനെ പിടികൂടിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.