സൈബർ തട്ടിപ്പ് നടത്തിയ മൂന്നുപേർ കൊല്ലത്ത് അറസ്റ്റിൽ. ഡ്രൈവർ ജോലി വാഗ്ദാനം ചെയ്ത് സാധാരണക്കാരെ പറ്റിച്ച പാലക്കാട് സ്വദേശിയും രണ്ട് കോടിയോളം രൂപ തട്ടിയെടുത്ത രണ്ട് യുവാക്കളുമാണ് പിടിയിലായത്. രണ്ട് കേസുകളിലായാണ് മൂന്നുപേർ പിടിയിലായത്.
1560 രൂപയ്ക്ക് ഡോക്ടർമാരുടെ ഡ്രൈവറാകാം. പലരും സമൂഹമാധ്യമങ്ങളിൽ ഈ പരസ്യം കണ്ടിട്ടുണ്ടാകാം. ഈ പരസ്യം വൻ തട്ടിപ്പാണെന്നാണ് കൊല്ലം സിറ്റി സൈബർ പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്.
തട്ടിപ്പിന്റെ രീതി ഇങ്ങനെ- ഡോക്ടർമാരുടെ വീട്ടിലേക്ക് ഡ്രൈവറെ ആവശ്യമുണ്ടെന്ന പരസ്യം സമൂഹമാധ്യമത്തിൽ പ്രസിദ്ധീകരിക്കും. ആകർഷകമായ ശമ്പളവും താമസസൗകര്യവും വാഗ്ദാനം ചെയ്യും. ജോലിയുടെ രജിസ്ട്രേഷന് വേണ്ടി 1560 രൂപ അക്കൗണ്ടിലേക്ക് കൈമാറാനും ആവശ്യപ്പെടും. ഈ മോഹനസുന്ദര വാഗ്ദാനത്തിൽ പെടുന്ന പാവങ്ങൾ പണം അയക്കും. ജോലി ലഭിക്കത്തുമില്ല, പണം നഷ്ടമാവുകയും ചെയ്യും. പാലക്കാട് സ്വദേശിയായ വിഷ്ണു ആറുമാസത്തിനിടെ ഈ തട്ടിപ്പിലൂടെ എട്ട് ലക്ഷം രൂപയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി തട്ടിയെടുത്തത്. പരാതിയുടെ അടിസ്ഥാനത്തിൽ കൊല്ലം സിറ്റി സൈബർ പോലീസ് എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പാലക്കാട് നിന്ന് പിടിയിലായത്.
പലരുടേയും പേരിലുള്ള സിംകാർഡുകൾ ഉപയോഗിച്ചായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. പിടിയിലാകുമ്പോൾ രണ്ട് ദിവസം മുമ്പ് വാങ്ങിയ സിം കാർഡും സ്മാർട്ട് ഫോണുമായിരുന്നു പ്രതിയുടെ കൈവശമുണ്ടായിരുന്നത്.
ഷെയർ മാർക്കറ്റിലെ നിക്ഷേപത്തിലൂടെ കോടികൾ സ്വന്തമാക്കാമെന്ന് വാഗ്ദാനം നൽകിയാണ് മറ്റൊരു സംഘം തട്ടിപ്പ് നടത്തിയത്. കണ്ണൂർ സ്വദേശികളായ റെയീസ്, നാസീം എന്നിവരാണ് പിടിയിലായത്. ഷെയർ മാർക്കറ്റിൽ നിക്ഷേപിച്ചാൽ വൻ ലാഭം കൊയ്യാമെന്ന് പറഞ്ഞ് സംഘം യുവാവിനെ തെറ്റിധരിപ്പിച്ചു. ഇതിനായി ട്രേഡിങ് പ്ലാറ്റ് ഫോമിന്റെ തരത്തിലുള്ള വ്യാജ ആപ്പും യുവാവിനെ പരിചയപ്പെടുത്തി. പണം ലഭിക്കുന്നതായി ആപ്പിലൂടെ യുവാവിനെ അറിയിച്ചു. ഇതോടെ സഹോദരിയുടെ പേരിലുള്ള സ്വത്തുക്കൾ അടക്കം വിറ്റ് യുവാവ് കൂടുതൽ നിക്ഷേപം നടത്തി. പണം പിൻവലിക്കാനാകാതെ വന്നതോടെ യുവാവ് കൊല്ലം സിറ്റി സൈബർ പോലീസിൽ പരാതി നൽകുകയായിരുന്നു. ഒരു കോടി 75 ലക്ഷം രൂപയാണ് സംഘം യുവാവിൽ നിന്ന് തട്ടിയെടുത്തത്.
കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലും രാജ്യത്തെ 15 സംസ്ഥാനങ്ങളിലും പ്രതികൾക്ക് സമാനമായ രീതിയിൽ കേസുകളുണ്ടെന്ന് വ്യക്തമായി