സ്വകാര്യ ഓൺലൈൻ ബിഡ്ഡിംഗ് കമ്പനിയുടെ പ്രതിനിധി ചമഞ്ഞ് ആൾമാറാട്ടം നടത്തി മെഡിക്കൽ റെപ്രസെന്റേറ്റീവിൽ നിന്നും പണം തട്ടിയ യുവാവ് പിടിയില്‍. ആലപ്പുഴ സ്വദേശിയായ മെഡിക്കൽ റെപ്രസെന്റേറ്റീവിൽ നിന്നും പണം തട്ടിയ മലപ്പുറം പെരിന്തൽമണ്ണ സ്വദേശി കെ.കെ. അർജുനെയാണ് (26) ആലപ്പുഴ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലയിലെ കുളത്തൂരിലെത്തി നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.
വാട്‌സാപ്പ്,ടെലിഗ്രാം എന്നിവ വഴി ബന്ധപ്പെട്ടാണ് തട്ടിപ്പു നടത്തിയത്. 2025 മെയ് മുതൽ ലാവണ്യ എന്ന പേരിലുള്ള ടെലഗ്രാം അക്കൗണ്ടിൽ നിന്നും ബന്ധപ്പെട്ട് പരാതിക്കാരനെ ഓൺലൈൻ ബിഡ്ഡിങ് നടത്തി ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വ്യാജ വെബ്സൈറ്റിന്റെ ലിങ്ക് അയച്ചുകൊടുത്ത്, വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം സെന്‍ഡ് ചെയ്യിപ്പിച്ചു.
മെഡിക്കൽ റെപ്രസെന്റേറ്റീവിന്‍റെ പരാതിയില്‍, ആലപ്പുഴ സൈബർ ക്രൈം പൊലീസ് ഇടപെട്ട് അക്കൗണ്ടുകൾ മരവിപ്പിച്ചു. ശേഷം പ്രതിയെ പിടികൂടുകയായിരുന്നു.