പ്രാങ്ക് വിഡിയോകളിലൂടെ സോഷ്യല്‍മീഡിയയില്‍ വൈറലായ യുട്യൂബർ പീയൂഷ് കട്യാൽ അറസ്റ്റില്‍. യുവതിയെ ഭീഷണിപ്പെടുത്തി 19 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. യുവതിയുടെ പരാതിയില്‍ സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അഞ്ച് ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള പീയൂഷ് ഡല്‍ഹിയില്‍ പിടിയിലായത്.
പൊലീസ് പറയുന്നതനുസരിച്ച്, അഞ്ച് മാസം മുൻപാണ് പീയൂഷ് യുവതിയുമായി പരിചയത്തിലാകുന്നത്. സോഷ്യല്‍മീഡിയയിലൂടെ ആരംഭിച്ച സൗഹൃദം പിന്നീട് കൂടുതൽ അടുപ്പത്തിലേക്ക് വളരുകയും ചെയ്തു. അടുത്തിടെ പീയൂഷ് യുവതിയെ സമീപിക്കുകയും ചികിത്സാ ആവശ്യങ്ങൾക്കായി വലിയൊരു തുക ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ പണം നല്‍കാന്‍ യുവതി വിസമ്മതിച്ചതോടെയാണ് ഭീഷണി ആരംഭിച്ചത്. ഇരുവരും തമ്മിലുള്ള സ്വകാര്യ ചാറ്റുകളും ഫോൺ സംഭാഷണങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്ന് പീയൂഷ് ഭീഷണിപ്പെടുത്തി. ഇത് യുവതിക്ക് കടുത്ത മാനസിക സമ്മർദ്ദമുണ്ടാക്കി.
ചാറ്റുകള്‍ പുറത്തുവിടുമെന്ന് ഭയന്ന് ഒടുവില്‍ യുവതി പീയൂഷിന്റെ ആവശ്യങ്ങൾക്ക് വഴങ്ങാൻ നിർബന്ധിതയാവുകയായിരുന്നു. ഘട്ടംഘട്ടമായി 19 ലക്ഷം രൂപയാണ് ഇയാൾ യുവതിയിൽ നിന്ന് തട്ടിയെടുത്തത്. ഭീഷണി തുടർന്നതോടെ സഹികെട്ട യുവതി സൈബർ പൊലീസിൽ പരാതി നൽകുകയായിരുന്നു. യുവതിയുടെ പരാതി, ചാറ്റുകളുടെ സ്ക്രീൻഷോട്ടുകൾ, പണമിടപാട് വിവരങ്ങൾ എന്നിവയുൾപ്പെടെയുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി ഇയാളുടെ ബാങ്ക് അക്കൗണ്ടുകളും ഡിജിറ്റൽ ഉപകരണങ്ങളും പരിശോധിച്ചുവരികയാണ്. പീയൂഷ് കട്യാൽ സമാനമായ തട്ടിപ്പുകൾ മറ്റാരോടെങ്കിലും നടത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.