cyber-crime

TOPICS COVERED

പരിവാഹന്‍ വെബ്സൈറ്റിന്‍റെ മറവിലടക്കം രാജ്യത്ത് കോടികളുടെ ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ രാജ്യാന്തര റാക്കറ്റിലെ മുഖ്യ കണ്ണികള്‍ കൊച്ചിയില്‍ പിടിയില്‍. ആലപ്പുഴ മുഹമ സ്വദേശികളായ ഷാജഹാന്‍, ദിലീഫ് എന്നിവരെയാണ് കൊച്ചി സിറ്റി സൈബര്‍ പൊലീസ് പിടികൂടിയത്. ചൈനയിലെ തട്ടിപ്പ് സംഘവുമായി ഇരുവര്‍ക്കും നേരിട്ട് ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കുന്ന നിര്‍ണായക വിവരങ്ങളും അന്വേഷണത്തില്‍ ലഭിച്ചു. 

പരിവാഹന്‍ വെബ്സൈറ്റ് തട്ടിപ്പ്, ഷെയര്‍ ട്രേഡിങ് തട്ടിപ്പ്, പാഴ്സല്‍ തട്ടിപ്പ് എന്നിങ്ങനെ രാജ്യവ്യാപകമായി നടന്ന ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ മലയാളികളുടെ പങ്ക് വ്യക്തമാക്കുന്നതാണ് കൊച്ചി സിറ്റി സൈബര്‍ പൊലീസിന്‍റെ അറസ്റ്റ്. പിടിയിലായ മുഹമ്മ സ്വദേശികളായ ഷാജഹാനും ദിലീഫും വഴിയാണ് തട്ടിപ്പ് സംഘത്തിന് അക്കൗണ്ടുകള്‍ തരപ്പെടുത്തി നല്‍കിയത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടന്ന തട്ടിയെടുത്ത പണം ചൈനക്കാര്‍ നേതൃത്വം നല്‍കുന്ന തട്ടിപ്പ് സംഘത്തിന്‍റെ കൈകളിലേക്ക് ഈ അക്കൗണ്ടുകള്‍ വഴിയെത്തി.

രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത 71 ഓണ്‍ലൈന്‍തട്ടിപ്പ് കേസുകളില്‍ ഷാജഹാന്‍റെയും ദിലീഫിന്‍റെയും പങ്ക് വ്യക്തമായിക്കഴിഞ്ഞു. ഷാജഹാന്‍റെ ഒരു അക്കൗണ്ടിലൂടെ മാത്രം കഴിഞ്ഞ ഒരു വര്‍ഷം നടന്നത് 11 കോടിയുടെ ഇടപാട്. ഇതുപോലെ രണ്ടായിരത്തിലേറെ അക്കൗണ്ടുകളാണ് തട്ടിപ്പ് സംഘത്തിനായി ഇവര്‍ സജ്ജമാക്കിയത്. 

രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും നേരിട്ടെത്തിയ ഷാജഹാനും ദിലീഫും അവിടെയുള്ളവരുടെ അക്കൗണ്ടുകള്‍ വിലയ്ക്കെടുത്തു. തട്ടിപ്പ് സംഘത്തിന് നേതൃത്വം നല്‍കിയ ചൈനക്കാരെ നേപ്പാളിലും ബൂട്ടാനിലുമെത്തി ഇരുവരും നേരിട്ട് കണ്ടാണ് ഡീല്‍ ഉറപ്പിച്ചത്. അക്കൗണ്ടിലെത്തുന്ന തുകയുടെ നിശ്ചിത ശതമാനം ഇരുവര്‍ക്കും കമ്മിഷനായി ലഭിക്കും. കഴിഞ്ഞവര്‍ഷം നവംബറില്‍ പനമ്പിള്ളി നഗര്‍ സ്വദേശിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്‍റെ അന്വേഷണത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഷെയര്‍ ട്രേഡ് ആപ്പ് തട്ടിപ്പിലൂടെ പതിനെട്ട് ലക്ഷം രൂപയാണ് പരാതിക്കാരനില്‍ നിന്ന് തട്ടിയത്. അന്വേഷണത്തില്‍ ലഭിച്ച നിര്‍ണായക വിവരങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലെ  പൊലീസിനും കൈമാറി. 

ENGLISH SUMMARY:

Key members of international cyber fraud racket arrested in Kochi Two main operatives of an international online fraud racket that duped people of crores under the guise of the Parivahan website have been arrested in Kochi. The Kochi City Cyber Police arrested Shajahan and Dilif, both natives of Muhamma, Alappuzha. The investigation has revealed crucial evidence confirming their direct links with a scam network based in China