ചലച്ചിത്ര വികസന കോർപറേഷന്റെ ഉടമസ്ഥതയിലുള്ള തിയറ്ററുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിലെത്തിയതിൽ പൊലീസ് സൈബർ ഓപ്പറേഷൻസ് വിഭാഗം അന്വേഷണം തുടങ്ങി. തലസ്ഥാനത്തെ കൈരളി, ശ്രീ, നിള തിയറ്ററുകളിൽ എത്തിയ സ്ത്രീ പുരുഷന്മാരുടെയും ദൃശ്യങ്ങളാണ് പ്രചരിപ്പിക്കപ്പെടുന്നത്. തിയറ്ററുകളുടെ പേര് സഹിതമാണ് ടെലിഗ്രാമിലും അശ്ലീല സൈറ്റുകളിലും സിസിടിവികൾ അപ്ലോഡ് ചെയ്തിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ സൂക്ഷിക്കുന്ന ക്ളൌഡ് ഹാക്ക് ചെയ്താണ് ദൃശ്യങ്ങൾ എടുത്തിട്ടുള്ളതെന്ന് പൊലീസ് കണ്ടെത്തി. ഗുരുതരമായ കണ്ടെത്തലുകൾക്കിടയിലും വ്യക്തമായ ഉത്തരം നൽകാൻ ചലച്ചിത്ര വികസന കോർപറേഷൻ തയാറായിട്ടില്ല.
തിയറ്ററുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിലെത്തിയതിൽ കെ.എസ്.എഫ്.ഡി.സി ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. തീയറ്ററിനുള്‍വശം പൊതുഇടമാണെങ്കിലും സിസിടിവി ദൃശ്യങ്ങള്‍ ചോര്‍ന്നത് ഗൗരവത്തോടെയാണ് കാണുന്നതെന്ന് കെ.എസ്.ഡി.സി മാനേജിങ് ഡയറക്ടര്‍ പി.എസ്. പ്രിയദര്‍ശനന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. പൊലീസ് സൈബർ ഓപ്പറേഷൻസ് വിഭാഗവും അന്വേഷണം തുടങ്ങി.