സംസ്ഥാനത്ത് പലരുടെയും മരണത്തിലേക്ക് നയിച്ച ലോൺ ആപ്പ് തട്ടിപ്പ് സംഘത്തെ കുടുക്കി കൊച്ചി ഇഡി യൂണിറ്റ്. രാജ്യാന്തര വേരുകളുള്ള തട്ടിപ്പ് സംഘത്തിലെ കണ്ണികളായ നാല് തമിഴ്നാട്ടുകാരെ ഇഡി അറസ്റ്റ് ചെയ്തു. ചൈനീസ് ആപ്പുകൾ ഉപയോഗിച്ച് 1650 കോടിയിലേറെ രൂപ രണ്ട് വർഷത്തിനിടെ സംഘം തട്ടിയെടുത്തുവെന്നാണ് ഇഡിയുടെ പ്രാഥമിക കണ്ടെത്തൽ.
തൃശൂർ, ആലപ്പുഴ, കൊല്ലം ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത പത്ത് എഫ്ഐആറുകളുടെ ചുവടു പിടിച്ചായിരുന്നു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൊച്ചി യൂണിറ്റിന്റെ അന്വേഷണം. 2024 ജൂണിൽ ഇസിഐആർ രജിസ്റ്റർ ചെയ്തുള്ള അന്വേഷണം എട്ട് മാസം പിന്നിടുമ്പോൾ പിടിയിലായത് തട്ടിപ്പ് സംഘത്തിലെ ഇങ്ങേ അറ്റത്തെ കണ്ണികൾ മാത്രം. പുറത്ത് വിലസുന്ന വമ്പൻ സ്രാവുകൾക്കായി ഇഡി വലവിരിച്ച് കഴിഞ്ഞു.
തമിഴ്നാട് കാഞ്ചീപുരം സ്വദേശികളായ ഡാനിയേൽ ശെൽവകുമാർ, കതിരവൻ രവി, ആന്‍റോ പോൾ പ്രകാശ്, അലൻ സാമുവൽ എന്നിവരാണ് പിടിയിലായത്. 2023ലാണ് സംഘത്തിന്റെ തട്ടിപ്പുകളുടെ തുടക്കം. വിവിധ ലോണാപ്പുകൾ തുടങ്ങി അതിലൂടെ ലോൺ നേടുന്നവരുടെ സ്വകാര്യ വിവരങ്ങൾ മൊബൈലിൽ നിന്ന് ചോർത്തിയെടുത്തു ഭീഷണിപ്പെടുത്തിയും സംഘം തട്ടിപ്പ് നടത്തി. വായ്പയെടുത്തവരുടെ ചിത്രങ്ങൾ മോർഫ് ചെയ്തുള്ള ഭീഷണിയെ തുടർന്ന് പലരും ജീവനൊടുക്കി. ആയിരക്കണക്കിനാളുകളെ കൊള്ളയടിച്ച് സംഘം സമ്പാദിച്ചത്1650 കോടി രൂപയെന്ന് ഇഡി കണ്ടെത്തി.
പിടിയിലായ പ്രതികളെല്ലാം ബിരുദധാരികളാണ്. പ്രതികളിൽ ഒരാളുടെ ക്കൗണ്ടിൽ മാത്രം 110 കോടി രൂപയാണ് ഉണ്ടായിരുന്നത്. ചൈനീസ് ആപ്പുകളുടെ സഹായത്തോടെ തട്ടിയെടുത്ത പണം കടൽകടന്ന് വിവിധ രാജ്യങ്ങളിലെത്തി. ചൈന, അമേരിക്ക, സിംഗപ്പൂരിലേക്കും തട്ടിപ്പ് പണമെത്തി. തട്ടിപ്പിന് പിന്നിലെ ബുദ്ധികേന്ദ്രങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് ഇഡി. അറസ്റ്റിലായ നാല് പ്രതികളെ അഞ്ച് ദിവസത്തേക്ക് ഇഡിയുടെ കസ്റ്റഡിയിൽ വിട്ടു. ചോദ്യം ചെയ്യലിൽ നിർണായക വിവരങ്ങൾ ലഭിക്കുമെന്നുള്ള ആത്മവിശ്വാസത്തിലാണ് അന്വേഷണ സംഘം.