ക്രിക്കറ്റില്‍ അശ്വിന്‍ വീഴ്ത്തിയ വിക്കറ്റു പോലെ എളുപ്പമായിരുന്നില്ല താരത്തിന്‍റെ ക്രിക്കറ്റ് ജീവിതം. 1986 ല്‍ ജനിച്ച അശ്വിന്‍റെ ക്രിക്കറ്റ് ജീവിതം 12-ാം വയസില്‍ അവസാനിക്കേണ്ടതായിരുന്നു. പിന്നീട് സ്വയം വരുത്തിയ മാറ്റങ്ങളാണ് അശ്വിനെ ലോകം അറിയുന്ന ഓഫ് സ്പിന്നറും ഓള്‍റൗണ്ടറുമാക്കുന്നത്. കടുത്ത ശ്വാസംമുട്ടലും ആരോഗ്യപ്രശ്നങ്ങളുമായിരുന്നു കുട്ടി ആഷിനെ അലട്ടിയിരുന്നത്. 

12-ാം വയസില്‍ ഇടത്തെ ഇടുപ്പിലെ ഡിസ്ക് തെന്നിമാറി. ശസ്ത്രക്രിയയ്ക്ക് ശേഷം മാസങ്ങളോം കിടപ്പിലായിരുന്നു. ശേഷം ക്രിക്കറ്റിലേക്ക് തന്നെ തിരിച്ചെത്തിയ അശ്വിന്‍ ഇ‌‌ടുപ്പിന്റെ ആരോഗ്യത്തെ ബാധിക്കാതിരിക്കാൻ അദ്ദേഹം ബാറ്റിങ് ഇടങ്കൈയിലേക്ക് മാറ്റി. ഒപ്പം യോഗയും പരിശീലിച്ചു. അങ്ങനെ പ്രതിസന്ധികളെ നേരിട്ടാണ് അശ്വിന്‍ 106 ടെസ്റ്റില്‍ നിന്നും 537 വിക്കറ്റും ആറു സെഞ്ചറിയും നേടുന്നത്. 

വെസ്റ്റ് മാമ്പലത്തെ സ്ട്രീറ്റ് ക്രിക്കറ്റില്‍ അശ്വിന്‍ പരീക്ഷ സൊടക് ബോളാണ് പിന്നീട് അശ്വിന് ക്രിക്കറ്റില്‍ നേട്ടമുണ്ടാക്കിയത്. നടുവിരള്‍ കൊണ്ട് പന്ത് തെറിപ്പിക്കുന്ന അശ്വിന്‍റെ സൊടക്ക് ബോളിനെയാണ് ലോകം കാരംബോളെന്ന് വിളിക്കുന്നത്. ഇന്ത്യന്‍ അണ്ടര്‍ 17 ടീമില്‍ ഓപ്പണിങ് ബാറ്റ്സ്മാനായിരുന്നു അശ്വിന്‍. ഇക്കാലത്ത് പഴയ നടുവേദന വീണ്ടും വന്നു. തമിഴ്നാട് സ്റ്റേറ്റ് ടീമിലേക്ക് തിരികെ എത്തിയ അശ്വിന്‍ അക്കാലത്താണ് ഓഫ് സ്പിന്നിനെ പറ്റി ആലോചിക്കുന്നത്. ബാറ്റിങ് കൂടി ചേരുന്ന ഓഫ് സ്പിന്നര്‍ ജനിക്കുന്നത് അവിടെ നിന്നാണ്. 

അശ്വിന്‍റെ കാരം ബോളുകളുടെ അതേ കൃത്യതയിലാണ് അശ്വിന്‍റെ ബിസിനസുകള്‍. 2018 ഓഗസ്റ്റിലാണ് അശ്വിന്‍ കാരം ബോള്‍ ഇവന്‍റസ് ആന്‍ഡ് മാര്‍ക്കറ്റിങ് ആരംഭിക്കുന്നത്. ഈ മീഡിയ കമ്പനിക്കാണ് അശ്വിന്‍റെ കണ്ടന്റുകളുടെ അവകാശം. 1.88 മില്യണ്‍ സബ്സ്ക്രൈബേഴ്സും 409 മില്യണ്‍ കാഴ്ചകാരുമാണ് അശ്വിന്‍റെ 1480 ലധികം വരുന്ന വിഡിയോക്കുള്ളത്. ഭാര്യ പ്രിതിയാണ് കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍. 

 

2018 ല്‍ അശ്വിനടക്കം ചേര്‍ന്ന് സ്ഥാപിച്ച ടര്‍ഫ് ടൗണ്‍ എന്ന സ്ഥാപനമടക്കം നിക്ഷേപങ്ങളും നിരവധി. കളിക്കാരെ പരസ്പരം ബന്ധിപ്പിക്കുകയും കോര്‍ട്ട് ബുക്ക് ചെയ്യാന്‍ അവസരമൊരുക്കുകയുമാണ് ഇതിന്‍റെ ലക്ഷ്യം. 2012 ല്‍ അശ്വിന്‍റെ പിതാവ് സ്ഥാപിച്ച ജെൻ-നെക്സ്റ്റ് ക്രിക്കറ്റ് ഇൻസ്റ്റിറ്റ്യൂട്ടും അശ്വിനാണ് കൈകാര്യം ചെയ്യുന്നത്. ചെന്നൈയിലെ ആറു കേന്ദ്രങ്ങള്‍ കൂടാതെ ഷാർജ. യുകെ എന്നിവിടങ്ങളില്‍ ക്രിക്കറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. വി.ഒ.സി ഓട്ടോമോട്ടീവ്, ദക്ഷിണാഫ്രിക്കന്‍ ഫിന്‍ടെക്കായ ക്വിലി എന്നിവയിലും അശ്വിന് നിക്ഷേപമുണ്ട്.  

എല്ലാം ചേര്‍ത്ത് ഏകദേശം 132 കോടി രൂപയോളമാണ് അശ്വിന്‍റെ ആസ്തി. വാര്‍ഷിക വരുമാനം 10 കോടി രൂപയോളമാണ്. ബിസിസിഐയുടെ കരാറില്‍ അഞ്ച് കോടി രൂപയാണ് അശ്വിന് ലഭിച്ചുകൊണ്ടിരുന്നത്. ഐപിഎല്ലില്‍ വിരമിക്കുന്ന സമയത്ത് ചെന്നൈയിലെ ശമ്പളം 9.75 കോടി രൂപയാണ്. ഐപിഎല്ലില്‍ നിന്നുണ്ടാക്കിയ വരുമാനം ഏകദേശം 82-100 കോടി രൂപയോളം വരും. ഓരോ പരസ്യക്കരാറിനും 4.50-5 കോടി രൂപ വരെ അശ്വിന്‍ വാങ്ങുന്നതെന്നാണ് കണക്ക്. 

വെസ്റ്റ് മാമ്പാലത്തെ അശ്വിന്‍റെ ആഡംബര വീടിന് 9 കോടി രൂപയോളം മൂല്യമുണ്ട്. 26 കോടി രൂപയുടെ റിയല്‍ എസ്റ്റേറ്റ് സ്വത്തുക്കളും അശ്വിനുണ്ട്. 7 കോടിയിലധികം രൂപ വിലമതിക്കുന്ന കാറുകളാണ് മറ്റൊന്ന്. 6 കോടി രൂപയുടെ റോൾസ് റോയ്‌സ് ഗോസ്റ്റും 93 ലക്ഷം രൂപയുടെ ഔഡി ക്യു7നും അശ്വിനുണ്ട്. 

ENGLISH SUMMARY:

R Ashwin's cricket journey was not as easy as his wickets, overcoming significant health challenges from a young age. His self-imposed changes transformed him into a world-renowned off-spinner and all-rounder, demonstrating immense resilience and strategic business acumen.