ആര് ഉണ്ടാക്കിയെന്ന് ചർച്ചകളില്ല, പരസ്യങ്ങളില്ല, യാതൊരു അവകാശവാദങ്ങളുമില്ല. പക്ഷേ ഒരിക്കൽ ഉപയോഗിച്ചവർ പോലും ആരാധകരായി പോകുന്ന ഐറ്റം... ട്രെയിൻ എവിടെ എത്തി, എപ്പോൾ എത്തും എന്നിങ്ങനെ ഒരു യാത്രയിൽ വേണ്ടതൊക്കെ നൽകുന്ന Where Is My Train ന് വിരോധികളുണ്ടാകില്ലെന്നതാണ് ഹൈലേറ്റ്. കാഴ്ചയിൽ സിംപിളാണെങ്കിലും ആപ്പ് ആരംഭിച്ച് രണ്ടാം വർഷം ഗൂഗിൾ ഏറ്റെടുത്ത സ്റ്റാർട്ടപ്പാണ് എന്നതാണ് Where Is My Train ന്‍റെ വലുപ്പം.
2015 ലാണ് അഹമ്മദ് നിസാം മൊഹൈദീൻ എന്ന ടെക്കി ബെംഗളൂരിലെ ഒരു മുറിയിലിരുന്ന് Where Is My Trainന്‍റെ പണി തുടങ്ങുന്നത്. ഈ ആശയത്തിലേക്കുള്ള യാത്ര ആരംഭിക്കുന്നതാകട്ടെ റെയിൽവേ സ്റ്റേഷനിലേക്കുള്ളൊരു യാത്രയിൽ നിന്നും.
വലിയ യാത്രയുടെ തുടക്കം
2015 ൽ സുഹൃത്തിനെ പിക്ക് ചെയ്യാൻ റെയിൽവേ സ്റ്റേഷനിലേക്കുള്ളൊരു യാത്രയിലാണ് നിസാം യൂബറിലെ ലൈവ് ട്രാക്കിങ് സംവിധാനത്തെ ശ്രദ്ധിച്ചത്. ഇത് വാഹനത്തെ കൃത്യമായി ട്രാക്ക് ചെയ്യുന്നു. സ്റ്റേഷനിലെത്തി 30 മിനുട്ട് വൈകിയെത്തുന്ന ട്രെയിനിനെ കാത്തിരിക്കുമ്പോഴാണ് ട്രെയിനിൽ എന്തുകൊണ്ട് ഇങ്ങനെയൊരു സംവിധാനം സാധ്യമല്ലെന്ന് നിസാം സ്വയം ചോദിക്കുന്നത്. ഇന്റർനെറ്റും ജിപിഎസും ഇല്ലാതെ ട്രെയിനിനെ ട്രാക്ക് ചെയ്യുന്നതിനെ പറ്റി നിസാം സുഹൃത്തുക്കളുമായി സംസാരിച്ചു. അത് എങ്ങനെ സാധ്യമാകും എന്നായിരുന്നു തിരിച്ചുള്ള ചോദ്യം?. ആ ക്യൂര്യോസിറ്റിയാണ് Where Is My Train എന്ന ഐഡിയയ്ക്ക് പിന്നാലെ പോകാൻ ഊർജമായത്.
ഇന്റർനെറ്റിന്റെ ആവശ്യമില്ലാതെ ട്രെയിൻ ട്രാക്ക് ചെയ്യാം എന്നതാണ് മറ്റു ആപ്പുകളിൽ നിന്നും Where Is My Train നെ വ്യത്യസ്തമാക്കുന്നത്. പഴയ ഫീച്ചർ ഫോണുകളിൽ റേഞ്ചിനൊപ്പം സെൽ ടവർ വിവരങ്ങളും കാണിക്കാറുണ്ട്. ബസിലും ട്രെയിനിലും യാത്ര ചെയ്യുമ്പോൾ ഇത് നോക്കി സ്ഥലം കണ്ടെത്താനാകും. ഇതുതന്നെയാണ് Where Is My Train ന്റെയും അടിസ്ഥാനം. അങ്ങനെയാണ് നിസാം സെൽ ടവർ ഉപയോഗിച്ച് തീവണ്ടി ട്രാക്ക് ചെയ്യാൻ തീരുമാനിക്കുന്നത്.
അഹമ്മദ് നിസാം മൊഹൈദീൻ. Image Credit: x.com/nizam_sp
സെൽ ടവര്‍ ലേക്കേഷൻ കണ്ടെത്താൻ സുഹൃത്തുക്കളുടെ സഹായം തേടി. ആൻഡ്രോയിഡ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കുന്നു ഒരു ആൻഡ്രോയിഡ് ആപ്ലിക്കേഷൻ പാക്കേജ് ഫയൽ ഉണ്ടാക്കി. വയനാടൻ യാത്രയിൽ നിസാം സ്വന്തം ഫോണിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്തു. ചെന്നൈയിലേക്ക് സ്ഥിരം യാത്ര ചെയ്യുന്ന സുഹൃത്തുക്കൾക്കും ഈ എപിഐ ഫയൽ നൽകി. റെയിൽവേ സ്റ്റേഷനുകൾക്ക് ചുറ്റും ടവർ കവറേജ് ഉണ്ടെന്നതായിരുന്നു ഇതിലെ കണ്ടെത്തൽ. സ്റ്റേഷനുകൾക്കിടയിൽ കുറവാണെങ്കിലും 2ജി ടവറുകളെങ്കിലും ഉണ്ട്.
ഇനി ഇന്ത്യയിലെ ട്രെയിൻ ട്രാക്കുകൾക്കിടയിലെ ടവർ ലൊക്കേഷൻ ലഭിക്കുകയാണ് അടുത്ത വെല്ലുവിളി. ദീർഘദൂര യാത്ര നടത്തുന്ന സുഹൃത്തുക്കൾ വഴി ആ റൂട്ടികളിലെ ടവർ ലെക്കേഷനുകളുടെ വിവരം ശേഖരിച്ചു. യാത്രക്കാർക്ക് തീവണ്ടിയുടെ വേഗത അറിയാനുള്ള ആകാംഷയുണ്ട് . ഇതിലൂടെ ടവർ ലൊക്കേഷൻ ഡാറ്റ ലഭിക്കാൻ ആപ്പിൽ സ്പീഡോമീറ്റർ ഫീച്ചർ കൊണ്ടുവന്നു. ഇന്ത്യയിലെ ട്രാക്കുകൾക്ക് ചുറ്റുമുള്ള ടവർ ലൊക്കേഷൻ ഡാറ്റ 7-8 എംബിയാലാക്കിയാണ് Where Is My Train ന്റെ തുടക്കം.
2015 ൽ ആപ്പ് പുറത്തിറക്കിയെങ്കിലും ആപ്പിലേക്ക് യൂസേഴ്സിനെ എത്തിക്കുകയെന്നതായിരുന്നു ആദ്യ കാലത്തെ പ്രതിസന്ധി. നിസാം നേരിട്ട് റെയിൽവേ സ്റ്റേഷനുകളിൽ ചെന്ന് ആപ്പ് പരിചയപ്പെടുത്തി. മണിക്കൂറുകൾ ചെലവാക്കിയിട്ടും വിരലിലെണ്ണാവുന്നവരെ മാത്രമാണ് ആപ്പിലെത്തിക്കാൻ സാധിച്ചത്. പക്ഷേ കേട്ടറിഞ്ഞും ആളുകൾ തിരക്കിയെത്തിയും പതിയെ പതിയെ ആപ്പിന് ഡൗൺലോഡുകൾ കൂടി. ഇതിലൊന്നായിരുന്നു ടിടിഇ മാരുടെ താല്‍പര്യവും ശുപാര്‍ശ. ആപ്പ് പരിചയപ്പെടുത്തിയത് ടിടിഇമാരാണെന്ന് പലരും റിവ്യു ചെയ്തിട്ട് പോലുമുണ്ട്.
ഗ്രാമീണ മേഖലകലിൽ ഗൂഗിൾ അക്കൗണ്ടുകൾ പോലും പരിചിതമല്ലത്തതിനാൽ ആപ്പ് കൂടുതൽ പേരിലേക്ക് എത്തിക്കാൻ ബ്ലൂടൂത്ത് ഷെയറിങ് കൊണ്ടു വന്നു. 2017 ൽ 12 ലക്ഷം പേരിലേക്ക് ആപ്പ് എത്തിയിരുന്നു എന്നാണ് കണക്ക്. ഇതിൽ 8.50 ലക്ഷം പേർ പ്ലേ സ്റ്റോറിലൂടെയും 3.50 ലക്ഷം പേർ ബ്ലൂടൂത്ത് വഴിയുമാണ് ആപ്പിലെത്തിയത്. ഇക്കാലത്ത് പ്രതിദിനം 12,000 ഡൗൺലോഡ് കിട്ടുന്ന തരത്തിലേക്ക് Where Is My Train വളർന്നു.
പരസ്യമില്ലാത്ത വളർച്ച
ആപ്പിലൂടെ 20 ലക്ഷം രൂപ പരസ്യ വരുമാനം ലഭിക്കുക എന്നതായിരുന്നു നിസാമിന്‍റെ ആദ്യ ലക്ഷ്യം. ഒരു വർഷത്തെ ശമ്പളം ലഭിച്ചാൽ ആപ്പിനായി മുഴുവൻ സമയം ചെലവാക്കാം എന്നതായിരുന്നു കണക്കുകൂട്ടൽ. എന്നാൽ ഇന്നും ആഡ് ഫ്രീയാണ് Where Is My Train ന്‍റെ പ്രത്യേകത. പരസ്യത്തിലൂടെ വരുമാനം കണ്ടെത്തിയാൽ കമ്പനിയുടെ മൂല്യം കണക്കാക്കുന്നത് ഈ കണക്കുകൾ മാത്രം നോക്കിയാകും എന്നതാണ് പരസ്യത്തെ അവഗണിക്കാനുള്ള തീരുമാനത്തിന് പിന്നിൽ. ആഡ് ഫ്രീ ആപ്പ് എന്നതിനെ ഉപഭോക്താക്കളും അനുകൂലിച്ചു. പരസ്യ വരുമാനത്തിന് പകരം വളർച്ചയിലാണ് കമ്പനി ശ്രദ്ധിച്ചത്.
Where Is My Train ന്‍റെ പഴയ രൂപം. Image Credit: x.com/nizam_sp
ഇതിനിടെ കമ്പനിയിലേക്ക് കോ ഫൗണ്ടറായി അരുൺ എത്തി. പിന്നെ മൂന്നു പേരും. അങ്ങനെ ബെംഗളൂരു ആസ്ഥാനമായുള്ള സിഗ്മോയിഡ് ലാബ്‌സ് എന്ന കമ്പനി ആരംഭിച്ചു. കമ്പനിയിലെത്തുന്നവരോട് 2വർഷത്തേക്ക് ശമ്പളമുണ്ടാകില്ലെന്നായിരുന്നു നിസാം പറഞ്ഞത്. 2 വർഷത്തിനുള്ളിൽ ഫണ്ട് റൈസിങോ അല്ലെങ്കിൽ ഏറ്റെടുക്കുലോ നടക്കും എന്നായിരുന്നു നിസാമിന്‍റെ ഉറപ്പ്.
ഫണ്ട് റൈസിങ്
2017 ലെ ഒരു ഫണ്ട് റൈസിങ് മീറ്റിങിൽ നേരിട്ടൊരു രസകരമായ സംഭവമുണ്ടായി. 50 മില്യൺ യൂസറെത്തിയാൽ ഗൂഗിൾ പോലുള്ള കമ്പനി ഏറ്റെടുക്കാൻ സാധ്യതയുണ്ടെന്നായിരുന്നു Where Is My Train നൽകിയ പ്രൊജക്ടിലുണ്ടായിരുന്നത്. ഇന്ത്യയിൽ നിന്നും ഇതുവരെ ഒരു കമ്പനിയും ഗൂഗിള്‍ ഏറ്റെടുത്തിട്ടുണ്ടോ എന്നായിരുന്നു നിക്ഷേപകന്‍റെ ചോദ്യം. ഇല്ലെന്ന മറുപടിയോടെ അത് വെട്ടി കളയാനായിരുന്നു നിർദ്ദേശം.
ശേഷം പല ഏറ്റെടുക്കൽ വന്നു. ചൈനീസ് കമ്പനി ഏറ്റെടുക്കാനെത്തി. കരാറിലെ ലിക്വിഡേഷൻ പ്രിഫറൻസ് ക്ലോസ് ഉടക്കിയാണ് ഈ ഇടപാട് പൂർത്തിയാകെത പോയത്. കമ്പനി വിൽക്കുകയാണെങ്കിൽ നിക്ഷേപകർക്ക് പണം ലഭിച്ച ശേഷം മാത്രമെ ഓഹരി ഉടമകളെ പരിഗണിക്കുകയുഴള്ളൂ എന്നതായിരുന്നു കരാർ. വാല്യുവേഷൻ കുറയ്ക്കാതെയും പ്രൊഫഷണൽ ഇടപാടും ഗൂഗിളിലേക്ക് Where Is My Train നെ എത്തിച്ചു.
ഉടനടി മോണിറ്റൈസേഷനിലേക്ക് കടക്കാതെ വളർച്ചയാണ് ഗൂഗിൾ പരിഗണിച്ചത്. മികച്ച ഫിനാൻഷ്യല്‍ ഓഫറും സഹസ്ഥാപകർക്ക് കരിയർ സ്ഥിരതയും ഗൂഗിൾ ഓഫർ ചെയ്തു. എത്ര കോടിക്കാണ് ഏറ്റെടുക്കൽ എന്നത് ഇന്നും രഹസ്യമാണ്. 0-40 മില്യൺ ഡോളറിനായിരുന്നു ഇടപാട് എന്നതായിരുന്നു അന്നത്തെ മാധ്യമ റിപ്പോർട്ടുകൾ.