Image Credit: instagram.com/riteshagar
ടീമിന് മാതൃകയാകാന്‍ താന്‍ ഇന്നും ഹോട്ടലിലെ ശുചിമുറികള്‍ കഴുകി വൃത്തിയാക്കാറുണ്ടെന്ന് ഓയോ സ്ഥാപകനും സിഇഒയുമായ റിതേഷ് അഗർവാൾ. മാർച്ച് 1 ന് നടന്ന മുംബൈ ടെക് വീക്കിന്റെ രണ്ടാം പതിപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റിതേഷിന്റെ തുറന്നുപറച്ചിൽ സമൂഹമാധ്യമങ്ങളിലടക്കം പുതിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.
പരാജയഭീതിയെ എങ്ങിനെ മറികടക്കുന്നു എന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം പറയവേയായിരുന്നു റിതേഷിന്‍റെ തുറന്നുപറച്ചില്‍. ‘ഭയം, നാണക്കേട്, അഹങ്കാരം... ഇവയാണ് സംരംഭക വിജയത്തിന്റെ ഏറ്റവും വലിയ ശത്രുക്കൾ. ഇവയെ ആദ്യം തന്നെ മുറിക്ക് പുറത്താക്കണം’ റിതേഷ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ‘നിങ്ങൾക്ക് അഭിമാനമാണോ സമ്പത്താണോ വേണ്ടത്? വലിയ സ്വാധീനം സൃഷ്ടിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നകാര്യം എനിക്ക് വളരെ വ്യക്തമാണ്’, അദ്ദേഹം പറഞ്ഞു.
ഇതാദ്യമായല്ല ശുചിത്വകാര്യങ്ങളില്‍ റിതേഷ് അഗർവാൾ പ്രതിബദ്ധത പ്രകടിപ്പിക്കുന്നത്. ഒയോ പ്രോപ്പര്‍ട്ടികളില്‍ ഉടനീളം ശുചിത്വത്തിന്‍റെ നിലവാരം ഉയര്‍ത്തുന്നതിനായി 2023 ജൂലൈയിൽ 'സ്പോട്ട്‌ലെസ് സ്റ്റേ' പദ്ധതി അദ്ദേഹം ആരംഭിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി ഓയോ ഉദ്യോഗസ്ഥര്‍ ദൈനംദിന ഓൺ-സൈറ്റ് ഓഡിറ്റുകൾ നടത്താറുണ്ട്. 3000 ത്തോളം വരുന്ന ഈ ഓഡിറ്റുകളുടെ എണ്ണം ആറായിരത്തിലധികമാക്കാനാണ് തങ്ങളുടെ ലക്ഷ്യമെന്നും റിതേഷ് പറയുന്നു.
അടുത്തിടെ ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടന്ന മഹാകുംഭമേള സന്ദർശിക്കുന്ന റിതേഷിന്‍റെ ചിത്രങ്ങളും വൈറലായിരുന്നു. മകനോടൊപ്പം കുംഭമേളയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതിന്‍റെ സന്തോഷം പ്രകടിപ്പിച്ച് അദ്ദേഹം തന്നെയാണ് ചിത്രങ്ങള്‍ പങ്കുവച്ചത്. നേരത്തെ അവിവാഹിതരായ പങ്കാളികൾക്ക് ഇനി ഓയോയില്‍ മുറിയില്ലെന്ന തരത്തിലുള്ള പുതിയ ചെക്ക് ഇന്‍ നയങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.
2012 ലാണ് റിതേഷ് ഓയോ സ്ഥാപിക്കുന്നത്. ഇന്ന് 80 രാജ്യങ്ങളിലായി 1 ദശലക്ഷത്തിലധികം മുറികളുള്ള ആഗോള ഹോസ്പിറ്റാലിറ്റി ഭീമനാണ് ഓയോ. 2024 ഡിസംബറിൽ നുവാമ വെൽത്ത് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡ് ഓയോയുടെ മാതൃ സ്ഥാപനമായ ഒറാവൽ സ്റ്റേയ്‌സ് ലിമിറ്റഡിന്റെ 100 കോടി രൂപയുടെ ഓഹരികൾ ഏറ്റെടുത്തതിന് പിന്നാലെ ഒയോയുടെ മൂല്യം 4.6 ബില്യൺ ഡോളറായി ഉയർന്നിരുന്നു.