ക്രിക്കറ്റിലെ വമ്പനടികള്‍ മാത്രമല്ല, പണത്തിന്‍റെ കാര്യത്തിലും കൃതതയോടെയുള്ള ഷോട്ടുകള്‍ പായിക്കുകയാണ് രോഹിത് ശര്‍മ. ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം തന്‍റെ കോടികള്‍ വിലമതിക്കുന്ന മുംബൈയിലെ ഫ്ലാറ്റ് രോഹിത് ശര്‍മ വാടകയ്ക്ക് നല്‍കിയത് പ്രതിമാസം 2.60 ലക്ഷം രൂപയ്ക്കാണ്. ഇതിനൊപ്പം പല വരുമാന വഴികളിലൂടെ 214 കോടി രൂപയാണ് രോഹിത് ശര്‍മയുടെ ആസ്തി.
റിയല്‍ എസ്റ്റേറ്റ് വഴികള്‍
മുംബൈയിലെ വിവിധ അപ്പാര്‍ട്ട്മെന്‍റുകള്‍ രോഹിത് ശര്‍മ വാടകയ്ക്ക് നല്‍കിയിട്ടുണ്ട്. മുംബൈ ലോവർ പരേലിലെ കോടികള്‍ വില വരുന്ന ഫ്ലാറ്റാണ് രോഹിത് ശര്‍മ ഏറ്റവും ഒടുവില്‍ വാടകയ്ക്ക് നല്‍കിയിരിക്കുന്നത്. മാസം 2.60 ലക്ഷം രൂപയാണ് വാടക വരുമാനം. ലോധ ഗ്രൂപ്പിന്‍റെ ലോധ മാർക്വിസ് - ദി പാർക്കിലുള്ള അപ്പാർട്ട്‌മെന്‍റാണ് വാടകയ്ക്ക് നല്‍കിയത്. 1,298 ചതുരശ്ര അടി വിസ്തീര്‍ണമുള്ള അപ്പാര്‍ട്ട്മെന്‍റില്‍ രണ്ട് കാര്‍ പാര്‍ക്കിങ് സൗകര്യങ്ങളുണ്ട്.
2013 മേയില്‍ ല്‍ രോഹിത് ശര്‍മയും അച്ഛന്‍ ഗുരുനാഥ് ശര്‍മയും ചേര്‍ന്ന് 5.46 കോടി രൂപയ്ക്കാണ് ഈ ഫ്ലാറ്റ് വാങ്ങിയത്. ഇതേ പ്രൊജക്ടില്‍ മറ്റൊരു അപ്പാര്‍ട്ട്മെന്‍റും രോഹിത് ശര്‍മയ്ക്കും പിതാവിന്‍റെയും ഉടമസ്ഥതയിലുണ്ട്. 2024 ഒക്ടോബറില്‍ 2.65 ലക്ഷം രൂപ പ്രതിമാസ വാടകയ്ക്കാണ് ഈ ഫ്ലാറ്റ് നല്‍കിയത്.
ഏകദേശം 30 കോടി വിലവരുന്ന മുംബൈയിലെ 6000 ചതുരശ്ര അടി അപ്പാര്‍ട്ട്മെന്‍റിലാണ് രോഹിത് ശര്‍മ താമസിക്കുന്നത്. ബിഎംഡബ്ലു X3, മേഴ്സിഡസ് GLS 400D, ടൊയോട്ട ഫോർച്യൂണർ തുടങ്ങിയ മോഡലുകളാണ് രോഹിതിന്‍റെ കാർ ശേഖരത്തിലുള്ളത്.
ക്രിക്കറ്റ് വരുമാനങ്ങള്‍ പല വഴിയില്‍
ബിസിസിഐ എപ്ലസ് കരാറിലുള്ള താരമായ രോഹിത് ശര്‍മയ്ക്ക് ഏഴ് കോടി രൂപ വര്‍ഷത്തില്‍ ലഭിക്കും. ഇതിനൊപ്പമാണ് മാച്ച് ഫീ ഇനത്തില്‍ ലഭിക്കുന്ന തുക. ടെസ്റ്റിന് 15 ലക്ഷം രൂപയും ഏകദനിത്തിന് ആറു ലക്ഷം രൂപയും രോഹിതിന് ലഭിക്കും. നേരത്തെ ട്വന്‍റി 20 കളിച്ചുകൊണ്ടിരുന്ന സമയത്ത് മൂന്ന് ലക്ഷം രൂപയാണ് രോഹിതിന് ലഭിച്ചിരുന്ന മാച്ച് ഫീ.
ക്രിക്കറ്റിനപ്പുറം ബ്രാന്‍ഡ് വരുമാനങ്ങളിലൂടെയും രോഹിതിന് കോടികള്‍ കയ്യിലെത്തുന്നു. അഡിഡാസ്, ഓക്ക്ലി, ലാ ലിഗ തുടങ്ങിയ ബ്രാൻഡുകളുമായി രോഹിത് ശര്‍മയ്ക്ക് സഹകരണമുണ്ട്. ഓരോ കരാറിനും ഏകദേശം 5 കോടി രൂപ രോഹിത് ശര്‍മയ്ക്ക് ലഭിക്കും. ഏകദേശം 24-ലധികം ബ്രാൻഡുകളുമായി രോഹിതിന് കരാറുണ്ട്.
ഐപിഎല്‍ വരുമാനം
2008 ലെ ഐപിഎല്‍ തുടക്കത്തില്‍ ഹൈദരാബാദ് ഡെക്കാന്‍ ചാര്‍ജേഴ്സ് താരമായിരുന്നു രോഹിത് ശര്‍മ. മൂന്ന് കോടി രൂപയ്ക്കായിരുന്നു അന്നത്തെ സൈനിങ്. 2011 സീസണില്‍ മുംബൈയിലേക്ക് മാറിയത് 9.20 കോടി രൂപയ്ക്ക്. 2025 സീസണിന് മുന്നോടിയായി 16.30 കോടി രൂപയ്ക്കാണ് മുംബൈ ഇന്ത്യന്‍സ് രോഹിത് ശര്‍മയെ നിലനിര്‍ത്തിയത്.
നിക്ഷേപങ്ങള്‍
റോബോട്ടിക് ഓട്ടോമേഷൻ സൊല്യൂഷൻസ് സ്ഥാപനമായ റാപ്പിഡോബോട്ടിക്‌സിൽ 2015 ല്‍ രോഹിത് ശര്‍മ നിക്ഷേപം നടത്തിയിട്ടുണ്ട്. 2021-ൽ വെയ്റൂട്ട്സ് വെൽനസ് സൊല്യൂഷൻസ് എന്ന ഹെൽത്ത് കെയർ സ്ഥാപനത്തിലും നിക്ഷേപം നടത്തി. സ്റ്റാർട്ടപ്പുകളിൽ രോഹിത് ശര്‍മയ്ക്ക് ആകെ 89 കോടി രൂപയുടെ നിക്ഷേപം ഉണ്ടെന്നാണ് കണക്ക്.