രണ്ട് പതിറ്റാണ്ടാണ് രത്തൻ ടാറ്റ ടാറ്റ ഗ്രൂപ്പിൻറെ അമരത്തിരുന്നത്. ഇന്ത്യയിലെ പ്രമുഖ കുടുംബ ബിസിനസിനെ അന്താരാഷ്ട്ര സാമ്രാജ്യമാക്കി മാറ്റിയത് രത്തൻ ടാറ്റ 2012 ൽ തൻറെ 75-ാം വയസിൽ വിരമിക്കുന്നത്. ലോകോത്തര ബ്രാൻഡായതിനൊപ്പം വരുമാനത്തിലും ലാഭത്തിലും ടാറ്റ ഗ്രൂപ്പ് റെക്കോർഡിട്ടത് രത്തൻ ടാറ്റയുടെ കാലത്താണ്.
1868-ൽ ഒരു ചെറിയ ടെക്‌സ്‌റ്റൈൽ ആൻഡ് ട്രേഡിംഗ് സ്ഥാപനമായി ആരംഭിച്ച ടാറ്റയെ ഇന്ന് കാണുന്ന ടാറ്റയെ വാർത്തെടുത്തതും രത്തൻ ടാറ്റ തന്നെ. എങ്ങനെയാണ് രത്തൻ ടാറ്റ ആ സാമ്രാജ്യത്തിന്റെ തലപ്പെത്തുന്നത്. അതിൽ രസകരവും അതിശയകരവുമായ പല കഥകളുമുണ്ട്.
മുത്തശിയുടെ മകൻ
1937 മാർച്ചിലാണ് രത്തൻ ടാറ്റ ജനിക്കുന്നത്. ഏഴാം വയസിലാണ് രത്തൻ ടാറ്റയുടെ മാതാപിതാക്കൾ വേർപിരിയുന്നത്. പിന്നീട് മുത്തശി നവജ്ബായ് ടാറ്റയുടെ മേൽനോട്ടത്തിലാണ് രത്തൻ ടാറ്റ വളർന്നത്.
Also Read: ലാഭം സന്നദ്ധപ്രവർത്തനങ്ങൾക്ക്; നാനോ ഉള്‍പ്പടെ ജനപ്രിയ നേട്ടങ്ങള്‍ ഏറെ; മനുഷ്യസ്നേഹിയായ വ്യവസായി
ബോംബെയിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം യു.എസിലെ കോർണൽ സർവകലാശാലയിലായിരുന്നു രത്തൻ ടാറ്റയുടെ ഉപരി പഠനം. പഠന ശേഷം ലൊസാഞ്ചലസിൽ ജോലി നോക്കിയ രത്തൻ ടാറ്റ മുത്തശി നവജ്ബായ് ടാറ്റയുടെ ആരോഗ്യ അവസ്ഥ മോശമായതിന് പിന്നാലെയാണ് ഇന്ത്യയിലേക്ക് മടങ്ങി വരുന്നത്.
ടാറ്റയിൽ ജോലിക്ക് റെസ്യൂമെ അയച്ച ചെയർമാൻ
പിൽകാലത്ത് ടാറ്റ ഗ്രൂപ്പിൻറെ ചെയർമാനായിരുന്നെങ്കിലും രത്തൻ ടാറ്റയ്ക്ക് കമ്പനിയിൽ ആദ്യ ജോലി ലഭിക്കുന്നത് അപേക്ഷ സമർപ്പിച്ച ശേഷമാണ്. ഇന്ത്യയിൽ തിരിച്ചെത്തിയ രത്തൻ ടാറ്റയ്ക്ക് ഐബിഎമ്മിൽ നിയമനം ലഭിച്ചു . എന്നാലിത് അന്നത്തെ ടാറ്റ ഗ്രൂപ്പ് ചെയർമാനായ ജെആർഡി ടാറ്റയ്ക്ക് അത്ര പിടിച്ചില്ല.
Also Read: നാനോ മുതല്‍ ജാഗ്വാര്‍ വരെ; രത്തന്‍ ടാറ്റ എന്ന മനുഷ്യന്‍ പിന്നിട്ട വഴികള്‍
ഇന്ത്യയിൽ താമസിച്ച് ഐബിഎമ്മിൽ ജോലിയെടുക്കാൻ സധിക്കില്ലെന്നാണ് അദ്ദേഹം രത്തൻ ടാറ്റയോട് തറപ്പിച്ചു പറഞ്ഞു. പിന്നെ ആവശ്യപ്പെട്ടത് ഒരു റെസ്യൂമെയാണ്. ആ റെസ്യൂമെയാണ് രത്തൻ ടാറ്റയ്ക്ക് ടാറ്റ ഗ്രൂപ്പിൽ ആദ്യ ജോലി വാങ്ങി നൽകുന്നത്.
ബ്ലൂ കോളർ ജോലി ചെയ്ത ചെയർമാൻ
1962 ൽ ടാറ്റ ഗ്രൂപ്പിൻറെ പ്രമോട്ടർ കമ്പനിയായ ടാറ്റ ഇൻഡസ്ട്രീസിലായിരുന്നു രത്തൻ ടാറ്റയുടെ ആദ്യ ജോലി. പിന്നീട് ആറു മാസം ടാറ്റ മോട്ടോഴ്സിൻറ ആദ്യ രൂപമായ ടെൽകോയിലും 1963 ൽ ടാറ്റ സ്റ്റീലിൻറെ ആദ്യ രൂപമായ ടിസ്കോയിലും അദ്ദേഹം ജോലി ചെയ്തു.
ജംഷഡ്പൂരിലെ ടിസ്കോയിൽ ബ്ലൂ കോളർ ജീവനക്കാരുടെ കൂടെയായിരുന്നു അദ്ദേഹത്തിൻറെ ആദ്യ ജോലി. ടാറ്റ സ്റ്റീലിലെ അപ്രന്റീസായി ജോലി ചെയ്തിരുന്ന അദ്ദേഹം ചൂളകളിലെ ജോലിയും ചുണ്ണാമ്പുകല്ല് കോരിയെടുക്കലും അടക്കമുള്ള ജോലിയുടെ ഭാഗമായിരുന്നു.
"എന്നെ ഡിപ്പാർട്ട്‌മെൻറിൽ നിന്ന് ഡിപ്പാർട്ട്മെൻറിലേക്ക് മാറ്റിക്കൊണ്ടിരുന്നു. പക്ഷേ എന്താണ് ചെയ്യേണ്ടതെന്ന് ആരും പറഞ്ഞില്ല. എന്നെ ടാറ്റകുടുംബാംഗമായാണ് എല്ലാവരും നോക്കി കണ്ടിരുന്നത്. അതിനാൽ ആരും എന്നോട് ഒന്നും പറഞ്ഞില്ല" രത്തൻ ടാറ്റ നേരത്തെ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. 1971 ലാണ് അദ്ദേഹം മാനേജ്മെൻറ് പോസ്റ്റിൽ നാഷണൽ റേഡിയോ ആൻഡ് ഇലക്ട്രോണിക്സിൻറെ ഡയറക്ടറാകുന്നത്.
ടാറ്റയുടെ തലപ്പത്ത്
1991 ലാണ് ജെആർഡി ടാറ്റയിൽ നിന്നും ടാറ്റ സദസിൻറെയും ടാറ്റ ട്രസ്റ്റിൻറെയും ചെയർമാൻ സ്ഥാനം അദ്ദേഹം ഏറ്റെടുക്കുന്നത്. രത്തൻ ടാറ്റ ചുമതല ഏറ്റെടുത്ത കാലത്തെ പ്രധാന വെല്ലുവിളി കമ്പനികളുടെ ഏകീകരണമായിരുന്നു. ടാറ്റയ്ക്ക് കീഴിലുള്ള ഓരോ കമ്പനികളുടെയും നിയന്ത്രണം കമ്പനി ചെയർമാൻറെയോ
മാനേജിംഗ് ഡയറക്ടർമാരുടെയോ കയ്യിലായിരുന്നു. ഡയറക്ടർമാരുടെ വിരമിക്കൽ പ്രായം 70 ആയും മുതിർന്ന എക്സിക്യൂട്ടീവുകൾക്ക് 65 ആയും പുതുക്കി. ഇതിനൊപ്പം ടാറ്റ സൺസിൻറെ ബാനറിലേക്ക് ടാറ്റ കമ്പനികളെ കൊണ്ടുവന്നു.
ടാറ്റ സ്റ്റീൽ, ടാറ്റ കെമിക്കൽ, ടാറ്റ മോട്ടോഴ്സ് എന്നിവയിൽ ഓഹരി അനുപാതം വർധിപ്പിച്ചു. ടാറ്റയുടെ ബ്രാൻഡ് നാമം ഉപയോഗിക്കുന്നതിന് ഗ്രൂപ്പ് കമ്പനികൾ ടാറ്റ സൺസിന് റോയൽറ്റി നൽകാൻ രത്തൻ ടാറ്റ നിർദ്ദേശിച്ചു.
ഏറ്റെടുക്കലുകൾ
"ഒരു റിസ്കും എടുക്കുന്നില്ലെന്നതാണ് ഏറ്റവും വലിയ റിസ്ക്. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഒരു ലോകത്ത്, പരാജയപ്പെടുമെന്ന് ഉറപ്പുനൽകുന്ന ഒരേയൊരു തന്ത്രം റിസ്ക് എടുക്കാതിരിക്കുക എന്നതാണ്" എന്നാണ് രത്തൻ ടാറ്റ പറഞ്ഞുകൊണ്ടിരുന്നത്. അദ്ദേഹമെടുത്ത റിസ്കിൻറെ നേട്ടമാണ് ആറ് ഭൂഖണ്ഡങ്ങളിലായി 100 രാജ്യങളിൽ പടർന്നുകിടക്കുന്ന 30 ലധികം കമ്പനികളുടെ ഉടമയായി ടാറ്റ വളർന്നത്. ടാറ്റ തലപ്പത്തിരുന്ന 21 വർഷത്തിനിടെ വലിയ ഏറ്റെടുക്കലുകൾ അദ്ദേഹം നടത്തി.
2000 ത്തിൽ ലണ്ടൻ ആസ്ഥാനമായ ടെറ്റ്ലി ടീ 431.3 മില്യൺ ഡോളറിനാണ് ടാറ്റ ഏറ്റെടുത്തത്. 2004 ൽ കൊറിയൻ വാഹന നിർമാണ കമ്പനിയായ ദേവൂ മോട്ടോഴ്‌സിൻറെ ട്രക്ക്-നിർമ്മാണയൂണിറ്റ് വാങ്ങി.
2007-ൽ ആംഗ്ലോ-ഡച്ച് സ്റ്റീൽ നിർമാതാക്കളായ കോറസ് ഗ്രൂപ്പ് പിഎൽസി വാങ്ങിയതാണ് ടാറ്റയുടെ ഏറ്റവും വലിയ ഏറ്റെടുക്കൽ. 2008 ലാണ് ബ്രിട്ടീഷ് കാർ നിർമാണ ബ്രാൻഡായ ജാഗ്വർ ആൻഡ് ലാൻഡ് റോവറിനെ ടാറ്റ വാങ്ങുന്നത്. 2.3 ബില്യൺ ഡോളറിൻറെ ഇടപാടിയിരുന്നു ഫോർഡ് കമ്പനിയുമായി നടന്നത്.
Also Read: നെഹ്റുവിന്‍റെ ആവശ്യ പ്രകാരം ടാറ്റ തുടങ്ങിയ ബ്രാൻഡ്; വളർത്തിയത് സ്വീഡിഷുകാരി
രത്തൻ ടാറ്റ ഗ്രൂപ്പ് ചെയർമാനായിരുന്ന കാലത്ത് 18,000 കോടിയിൽ നിന്ന് 5.50 ലക്ഷം കോടിയിലേക്കാണ് ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ വരുമാനം കുതിച്ചത്. ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം 30,000 കോടി രൂപയിൽ നിന്നും 5 ലക്ഷം കോടി രൂപയിലേക്കും കുതിച്ചു.
സമ്പന്നനാകാത്ത സമ്പന്നൻ
ലാഭത്തിനപ്പുറമായിരുന്നു അദ്ദേഹത്തിന്റെ കണ്ണ്. 2021 ലെ ഐഐഎഫ്എൽ വെൽത്ത് ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റിൽ 433-ാം സ്ഥാനം മാത്രമാണ് രത്തൻ ടാറ്റയ്ക്കുണ്ടായത്. ഇന്ത്യയിലെ ഏറ്റവും വലിയ ചാരിറ്റബിൾ ഓർഗനൈസേഷനുകളിലൊന്നായ ടാറ്റ ട്രസ്റ്റ് അദ്ദേഹത്തിൻറേതാണ്. കോവിഡ് കാലത്ത് 500 കോടി രൂപയാണ് രത്തൻ ടാറ്റ സംഭാവന ചെയ്തത്.