ഇന്ത്യയുടെ ഹൃദയത്തിലേക്ക് നടന്നുകയറിയ വ്യവസായിയാണ് ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റ. ഉപ്പ് മുതൽ വീടുനിര്‍മാണ സാമഗ്രികളില്‍ വരെ ടാറ്റയുടെ സ്നേഹ സ്പർശം രാജ്യം തിരിച്ചറിഞ്ഞു. സാധാരണക്കാര്‍ക്കായി ഒരു ലക്ഷം രൂപയ്ക്ക് ടാറ്റ നാനോ കാര്‍ യാഥാര്‍ഥ്യമാക്കി. ലാഭത്തിന്റെ 60 ശതമാനം സന്നദ്ധപ്രവർത്തനങ്ങൾക്ക് മാറ്റിവച്ച കച്ചവടക്കാരനായിരുന്നു അദ്ദേഹം. രാജ്യം പത്മവിഭൂഷനും പത്മഭൂഷനും നല്‍കി രത്തന്‍ ടാറ്റയെ ആദരിച്ചു. 1961ല്‍ ജംഷഡ്പൂരിലെ ടാറ്റ സ്റ്റീൽ ലിമിറ്റഡിൽ ജോലിക്കാരനായിരുന്നു അദ്ദേഹത്തിന്റെ തുടക്കം.
1991ലാണ് പല ചുമതലകള്‍ താണ്ടി ടാറ്റ കമ്പനിയുടെ ചെയര്‍മാനാകുന്നത്. 21 വർഷം ഗ്രൂപ്പിനെ നയിച്ചു. ടാറ്റയെ രാജ്യാന്തര ബ്രാൻഡ് ആക്കി. ആഗോളവൽക്കരണത്തിന്റെ വെല്ലുവിളികൾക്കും സാധ്യതകൾക്കുമിടയിൽ, ലയനങ്ങളിലൂടെയും ഏറ്റെടുക്കലുകളിലൂടെയും ടാറ്റയുടെ രാജ്യാന്തര വളർച്ചയ്ക്കു പുതിയ കുതിപ്പു കണ്ടെത്തി. ഇന്ത്യക്കാർക്കുവേണ്ടി ഇന്ത്യയിൽ രൂപപ്പെടുത്തിയ കാർ ആയി ടാറ്റ ഇൻഡിക്ക പുറത്തിറക്കിയതും ലോകത്തെ ഏറ്റവും വില കുറഞ്ഞ കാർ ആയി നാനോ പുറത്തിറക്കിയതും സ്വച്‌ഛ് എന്ന പേരിൽ സാധാരണക്കാർക്കു താങ്ങാവുന്ന വിലയുള്ള വാട്ടർ പ്യൂരിഫയർ പുറത്തിറക്കിയതും ജനപ്രിയ നേട്ടങ്ങളാണ്.
86 വയസായിരുന്നു. രക്തസമ്മർദം കുറഞ്ഞ് അവശനായ അദ്ദേഹത്തെ തിങ്കളാഴ്ച പുലർച്ചെയാണ് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തുടരുമ്പോഴും ആരോഗ്യനില ക്രമേണ മോശമാകുകയായിരുന്നു.
കോര്‍പ്പറേറ്റ് വളര്‍ച്ചയെ രാഷ്ട്രനിര്‍മാണവുമായി കൂട്ടിയിണക്കിയ വ്യക്തിയെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു അനുശോചിച്ചു. രത്തന്‍ ടാറ്റ ദീര്‍ഘവീക്ഷണമുള്ള വ്യവസായിയും അനുകമ്പയുള്ള ആത്മാവും അസാധാരണ മനുഷ്യനുമായിരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ ഓര്‍ത്തെടുത്തു.