മാനുഷിക ഇടപെടലുകളും മനുഷ്യസ്നേഹവും കൊണ്ട് ഇന്ത്യയുടെ അഭിമാനമായി മാറിയ വ്യവസായിയാണ് രത്തൻ ടാറ്റ. ആഗോള ബ്രാൻഡായി ടാറ്റയെ ഉയർത്തുന്നതിൽ മുഖ്യപങ്ക് വഹിച്ച അതികായൻ. പുത്തൻ സാങ്കേതികവിദ്യയോടുള്ള അഭിനിവേശം രത്തൻ ടാറ്റയെ പുതിയ തലമുറയുടെയും പ്രിയപ്പെട്ടവനാക്കി മാറ്റി.
മുംബൈയുടെ തെരുവിൽ നാലംഗ കുടുംബം ഒരു സ്കൂട്ടറിൽ മഴ നനഞ്ഞ് പോകുന്ന കാഴ്ച. ഇവർക്ക് എന്തുകൊണ്ട് ഒരു കാറില്ല എന്ന ചിന്ത ചെന്നെത്തിയത് ഒരു ലക്ഷത്തിന്‍റെ നാനോ കാർ എന്ന പുത്തൻ നിർമിതിയിൽ. അങ്ങനെ ചിന്തിച്ച മനുഷ്യ സ്നേഹിയായ ആ വ്യവസായിയുടെ പേരാണ് രത്തൻ നവൽ ടാറ്റ.
1937 ഡിസംബർ 28ന് ടാറ്റ കുടുംബത്തിൽ നവൽ ടാറ്റയുടെ മകനായി മുംബൈയിൽ ജനനം. പത്താം വയസിൽ മാതാപിതാക്കൾ വേർപ്പിരിഞ്ഞ രത്തൻ എതിർപ്പുകളെല്ലാം അതിജീവിച്ച് തിരഞ്ഞെടുത്ത വഴി വ്യത്യസ്തമായിരുന്നു. യു.എസിൽ നിന്ന് ആർകിടെക്ചറിൽ ബിരുദം നേടി ഇന്ത്യയിലെത്തിയ രത്തൻ 1961ൽ ജംഷഡ്പുരിലെ ടാറ്റ സ്റ്റീൽസിൽ സാധാരണ ജീവനക്കാരനായി ജോലിക്ക് കയറി. തൊഴിലാളികൾക്കൊപ്പം ഉണ്ടും ഉറങ്ങിയും വ്യവസായ മേഖയുടെ സ്പന്ദനങ്ങൾ അടുത്തറിഞ്ഞു.
മൂന്ന് പതിറ്റാണ്ടിന്‍റെ അനുഭവസമ്പത്ത്, ജെആർഡി ടാറ്റയ്ക്ക് ശേഷം 1991 ൽ ടാറ്റ ഗ്രൂപ്പിന്‍റെ തലപ്പത്തേക്ക് എത്തിച്ചു. വിപ്ലവം അവിടെ തുടങ്ങി. കമ്പനിയിൽ അടിമുടി പരിഷ്കരണം തുടങ്ങിവച്ചു. ആദ്യത്തെ തദ്ദേശീയ കാറായ ടാറ്റ ഇൻഡിക്ക പക്ഷേ തുടക്കത്തിൽ വേണ്ടത്ര ശോഭിച്ചില്ല. ടാറ്റ മോട്ടോഴ്സിനെ കരകയറ്റാൻ യു.എസിൽ എത്തിയ രത്തന് പക്ഷേ ഫോർഡ് മേധാവിയിൽ നിന്ന് അപമാനഭാരമേറ്റ് മടങ്ങേണ്ടി വന്നു. പക്ഷേ, അതവസാനമായിരുന്നില്ല, 2008ൽ ഫോർഡിന്‍റെ ആഡംബര കാർ ഡിവിഷനായ ജാഗ്വാർ ലാൻഡ് റോവർ ടാറ്റ വിലയ്ക്കുവാങ്ങി.
വെല്ലുവിളികളെ അവസരങ്ങളാക്കി. അങ്ങനെ സംഭവിക്കുന്ന മധുര പ്രതികാരങ്ങൾ. വിദേശത്ത് നിന്ന് കോറസ് സ്റ്റീൽസും ടെറ്റ്ലിയുമെല്ലാം ഏറ്റെടുത്ത് ടാറ്റയെ രാജ്യാന്തര ബ്രാൻഡാക്കി ഉയർത്തി. രാജ്യത്ത് കാർ വിപണിയിൽ വിപ്ലവം തീർത്തു. ഉപ്പ് തൊട്ട് ഉരുക്ക് വരെ നിർമിക്കുന്ന വ്യവസായ ഗ്രൂപ്പിന്‍റെ മേധാവി മനുഷ്യമുഖമുള്ള ഇടപെടൽ കൊണ്ട് രാജ്യത്തിന്‍റെ ആകെ സ്നേഹം ഏറ്റുവാങ്ങി. ജീവനക്കാരോടുള്ള കരുതൽ, ലാഭത്തിന്‍റെ 60% ജീവകാരുണ്യ പ്രവർത്തികൾക്ക് നീക്കിവെക്കുന്ന വ്യക്തിത്വം, മൃഗങ്ങളോടുള്ള സ്നേഹം, പുതിയ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാൻ സ്റ്റാർട്ടപ്പുകളിൽ നടത്തുന്ന നിക്ഷേപം. അങ്ങനെ നീളുന്നു രത്തന്‍ ടാറ്റയെന്ന ബഹുമുഖപ്രതിഭയെക്കുറിച്ചുള്ള വിശേഷണങ്ങള്‍.
2012ൽ ചെയർമാൻ പദവിയിൽ നിന്ന് മാറിയിട്ടും സാങ്കേതികവിദ്യക്കൊപ്പം സഞ്ചരിച്ച് യുവാക്കളെ ഒപ്പം കൂട്ടാനുള്ള മനസാണ് രത്തൻ ടാറ്റയെ വ്യത്യസ്തനാക്കിയത്. ടാറ്റ നാനോ വിജയമായില്ലെന്ന് പറയുന്നവർ പോലും ആ ആശയത്തെ തള്ളിപ്പറയില്ല. തൊഴിലാളികളുടെ കൂട്ടാളിയായിരുന്ന വ്യവസായി പക്ഷേ, ജീവിതത്തില്‍ ഒറ്റയ്ക്കു സഞ്ചരിച്ചു. യു.എസിൽ വച്ച് ഒരു പ്രണയമുണ്ടായിരുന്നെങ്കിലും പല എതിര്‍പ്പുകളും കാരണം അത് വിവാഹത്തിലേക്കെത്തിയില്ലെന്ന് രത്തന്‍ ടാറ്റ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. അങ്ങനെ, വിദ്യാര്‍ഥികള്‍ മുതല്‍ വയോധികര്‍ വരെയുള്ളവര്‍ക്ക് പ്രചോദനമേകി രാജ്യത്തിന്‍റെ പ്രിയപ്പെട്ട പുത്രന്‍ കടന്നുപോകുന്നു. വിട.