gold-coins

TOPICS COVERED

സ്വര്‍ണ വില തീപിടിച്ച വിലയില്‍, ഈ സമയത്ത് ആര് സ്വര്‍ണം വാങ്ങും? ലാഭമുണ്ടാക്കാന്‍ നിക്ഷേപകര്‍ സ്വര്‍ണത്തിന് പിന്നാലെയാണ്. സെപ്റ്റംബര്‍ മാസത്തില്‍ റെക്കോര്‍ഡ് തുകയ്ക്കാണ് ഇന്ത്യക്കാര്‍ സ്വര്‍ണ ഇടിഎഫുകള്‍ വാങ്ങിയത്. ആറു മാസത്തിനിടെ 30 ശതമാനം വില വര്‍ധനവ് രാജ്യാന്തര വിലയിലുണ്ടായി. ഇന്ത്യന്‍ വിലയിലുണ്ടായ മുന്നേറ്റം 37.50 ശതമാനം. ഈ നേട്ടം സ്വന്തമാക്കുകയാണ് നിക്ഷേപകര്‍.

ഗോള്‍ഡ് ഇടിഎഫിലേക്കുള്ള നിക്ഷേപം സെപ്റ്റംബര്‍ മാസത്തില്‍ റെക്കോര്‍ഡ് ഉയരത്തിലെത്തി. 8363 കോടി രൂപയാണ് സെപ്റ്റംബര്‍ മാസം ഗോള്‍ഡ് ഇടിഎഫിലെത്തിയ നിക്ഷേപമെന്ന് അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യയുടെ (ആംഫി) റിപ്പോർട്ട് കാണിക്കുന്നു. ഓഗസ്റ്റ് മാസത്തിലെത്തിയ 2000 കോടി രൂപയുടെ നിക്ഷേപമെത്തിയ 282 ശതമാനത്തിന്‍റെ വര്‍ധനവാണിത്. ഈ വിഭാഗത്തിലേക്ക് ഒരു മാസം എത്തുന്ന റെക്കോര്‍ഡ് നിക്ഷേപമാണിത്. ഈയിടെയുണ്ടായ മികച്ച മുന്നേറ്റമാണ് സ്വര്‍ണത്തിലേക്കുള്ള നിക്ഷേപത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. 

ഇതോടെ ഗോള്‍ഡ് ഇടിഎഫുകള്‍ കൈകാര്യം ചെയ്യുന്ന ആകെ ആസ്തി (എയുഎം) 24 ശതമാനം വര്‍ധിച്ച് 90.135 കോടി രൂപയലെത്തി. ഓഗസ്റ്റില്‍ ഇത് 72495 കോടി രൂപയായിരുന്നു. സില്‍വര്‍ ഇടിഫിലേക്കും വലിയ നിക്ഷേപം എത്തി. 8,150 കോടി രൂപയാണ് സെപ്റ്റംബറിലെത്തിയ നിക്ഷേപം. ഓഗസ്റ്റിലിത് 7244 കോടിയായിരുന്നു.

സ്വര്‍ണ ഇടിഎഫിലെ നിക്ഷേപത്തില്‍ മലയാളികളും ഒട്ടുംമോശമല്ലെന്നാണ് കണക്കുകള്‍. മേയ് മാസത്തിലെ കണക്കുപ്രകാരം 331.97 കോടി രൂപയാണ് ഗോള്‍ഡ് ഇടിഎഫിലുള്ള മലയാളി നിക്ഷേപം. 2025 ജനുവരിയില്‍ 253.11 കോടി രൂപയുടെ നിക്ഷേപമാണ് മലയാളികള്‍ ഗോള്‍ഡ് ഇടിഎഫില്‍ നടത്തിയത്. ഫെബ്രുവരിയില്‍ 273.59 കോടി രൂപയും മാര്‍ച്ചില്‍ 293.63 കോടി രൂപയുമായി ഇടിഎഫ് നിക്ഷേപം വര്‍ധിച്ചിരുന്നു. ഏപ്രിലിലാണ് ഇടിഎഫ് നിക്ഷേപം ആദ്യമായി 300 കോടി കടന്നത്. 

99.50 ശതമാനം പരിശുദ്ധിയുള്ള സ്വർണത്തിൽ നിക്ഷേപിക്കുന്ന എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളാണ് സ്വർണ ഇടിഎഫ്.  ആഭ്യന്തര വിപണിയിലെ സ്വർണ വിലയാണ് ഇവ ട്രാക്ക് ചെയ്യുന്നത്. നിലവിൽ 22 ഗോൾഡ് ഇടിഎഫുകൾ ഇന്ത്യയിലുണ്ട്.  വിപണിയില്‍ ലിസ്റ്റ് ചെയ്തതിനാല്‍ ഓഹരികള്‍ പോലെ വാങ്ങാനും വില്‍ക്കാനും സാധിക്കും. സ്വര്‍ണാഭരണങ്ങള്‍ പോലെ പണിക്കൂലിയോ സൂക്ഷിക്കാനുള്ള ചാര്‍ജോ ഇവയ്ക്ക് ബാധകമല്ല. 

(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)

ENGLISH SUMMARY:

Despite record gold prices, Indian investors poured a record ₹8,363 crore into Gold ETFs in September—a 282% jump from August—to capitalize on the 37.5% price surge. Malayali investors also saw their Gold ETF AUM cross ₹331.97 crore.