മാസന്തോറും മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലേക്ക് വരുന്ന തുക ഏറുകയാണ്. പരമ്പരാഗത നിക്ഷേപങ്ങളെ ഒഴിവാക്കി മ്യൂച്വല്‍ ഫണ്ടിലേക്കാണ് പുതിയ തലമുറ കൂടുതലും നിക്ഷേപിക്കുന്നത്. ശമ്പളക്കാരാണെങ്കില്‍ എസ്ഐപി (സിസ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റ്മെന്‍റ് പ്ലാന്‍) വഴിയുള്ള നിക്ഷേപമാണ് തിരഞ്ഞെടുക്കുന്നത്. എസ്ഐപി നിക്ഷേപമാണെങ്കില്‍ ഇടവേളകളില്‍ കൃത്യമായ സംഖ്യ മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലേക്ക് ഓട്ടോഡെബിറ്റ് ചെയ്യും. അച്ചടക്കത്തോടെയുള്ള ഈ നിക്ഷേപം സമ്പത്ത് വര്‍ധിപ്പിക്കുന്നതില്‍ പ്രധാനമാണ്. എന്നാല്‍ ഒരു തവണ എസ്ഐപി മുടങ്ങിയാല്‍ എന്ത് സംഭവിക്കും.
പണം ഓട്ടോഡെബിറ്റ് ആകേണ്ട ദിവസം അക്കൗണ്ടില്‍ ആവശ്യത്തിന് ബാലന്‍സ് ഇല്ലെങ്കില്‍ എസ്ഐപി മുടങ്ങും. ഈ അവസരത്തില്‍ മ്യൂച്വല്‍ ഫണ്ട് ഹൗസുകള്‍ പിഴ ഈടാക്കാറില്ല. അടുത്ത മാസത്തെ എസ്ഐപി സാധാരണപോലെ തുടരാം. എന്നാല്‍ ബാങ്ക് പിഴ ഈടാക്കും. ഓട്ടോ-ഡെബിറ്റ് മാൻഡേറ്റിന് ശ്രമിക്കുമ്പോള്‍ ബാങ്ക് അക്കൗണ്ടിൽ മതിയായ ബാലൻസ് നിലനിർത്താത്തതിനാണ് പിഴ ഈടാക്കുന്നത്.
എസ്ഐപി ഓട്ടോപേ മാൻഡേറ്റ് പരാജയപ്പെടുമ്പോള്‍ ബാങ്കുകൾ സാധാരണയായി 100 മുതൽ 750 രൂപ വരെ പിഴ ഈടാക്കാറുണ്ട്. ഇതിനൊപ്പം ജിഎസ്ടിയും നല്‍കണം. 500 രൂപയുടെ നാല് എസ്ഐപിയുള്ളൊരാള്‍ക്ക് എസ്ഐപി മുടക്കിയാല്‍ 500 രൂപ പിഴ ഈടാക്കുന്ന ബാങ്കില്‍ 2360 രൂപ പിഴ നല്‍കേണ്ടി വരും. ഓരോ എസ്ഐപിക്കും 590 രൂപ വീതമാകും പിഴ.
ഇതിനുപുറമെ, തുടർച്ചയായി മൂന്ന് പ്രതിമാസ എസ്ഐപി മുടങ്ങിയാല്‍ മ്യൂച്വൽ ഫണ്ട് എസ്ഐപി റദ്ദാക്കും. ത്രൈമാസ, അർധ വാർഷിക, വാർഷിക എസ്ഐപികള്‍ ആണെങ്കില്‍ രണ്ട് തവണ മുടങ്ങിയാല്‍ എസ്ഐപി റദ്ദാക്കും.