AI Generated Image

TOPICS COVERED

പിഴയില്ലാതെ ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി അവസാനിക്കാനിരിക്കെ അനങ്ങാതെ ആദായ നികുതി വകുപ്പിന്‍റെ വെബ്സൈറ്റ്. അവസാന നിമിഷം റിട്ടേൺ ഫയൽ ചെയ്യാനുള്ളവരുടെ തിരക്കുകാരണം ഇ–ഫയലിങ് പോർട്ടലിന്‍റെ പ്രവർത്തനം രാവിലെ മുതൽക്കെ മന്ദഗതിയിലാണ്. സെപ്റ്റംബർ 15 നാണ് ഓഡിറ്റിങ് ആവശ്യമില്ലാത്ത വ്യക്തി​ഗത നികുതിദായകർക്ക് പിഴയില്ലാതെ റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി. 

ഇതുവരെയുള്ള കണക്കുപ്രകാരം ഇതുവരെ ഏഴുകോടിയിലധികം പേരാണ് ആദായ നികുതി റിട്ടേൺ സമർപ്പിച്ചിട്ടുള്ളത്. ഇന്ന് ഒരു കോടിയിലധികം റിട്ടേൺ സമർപ്പിച്ചേക്കാം എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനിടയിലാണ് വെബ്സൈറ്റ് പണിമുടക്കുന്നത്. അതേസമയം റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി നീട്ടില്ലെന്ന് പ്രത്യക്ഷ നികുതി ബോർഡ് വ്യക്തമാക്കി. സാധാരണ ഗതിയിൽ ജൂലൈ 31 ന് അവസാനിക്കേണ്ട സമയപരിധിയാണ് സെപ്റ്റംബർ 15 വരെയാക്കിയത്. 

സെപ്റ്റംബർ 15 ന് ശേഷവും ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിന് തടസമില്ല. എന്നാൽ നിശ്ചിത തീയതിക്ക് ശേഷം ഫയൽ ചെയ്യുന്ന ആദായ നികുതി റിട്ടേണുകളെ ബിലേറ്റഡ് ഐടിആർ എന്നാണ് പറയുക. 2025 ഡിസംബർ 31 വരെ ബിലേറ്റഡ് ഐടിആർ ഫയൽ ചെയ്യാൻ സാധിക്കും. ബിലേറ്റഡ് ഐടിആർ ഫയൽ ചെയ്യുമ്പോൾ ലേറ്റ് ഫീസ്, പിഴ പലിശ എന്നിവയ്ക്കൊപ്പം ചില ആനുകൂല്യങ്ങളും നഷ്ടമാകും.

സെക്ഷൻ 234എഫ് പ്രകാരം ബിലേറ്റഡ് റിട്ടേണുകൾക്ക് 5000 രൂപ വരെ പിഴ ഈടാക്കും. വരുമാനം അഞ്ച് ലക്ഷത്തിൽ താഴെയാണെങ്കിൽ പിഴ 1000 രൂപയും അഞ്ച് ലക്ഷത്തിന് മുകളിൽ 5000 രൂപയുമാണ്. സമയപരിധിക്ക് ശേഷം റിട്ടേൺ സമർപ്പിക്കുമ്പോൾ സെക്ഷൻ 234എ പ്രകാരം അടയ്ക്കാതെ നികുതിക്ക് പ്രതിമാനം ഒരു ശതമാനം വരെ നികുതി ചുമത്തും. ബിലേറ്റഡ് റിട്ടേൺ സമർപ്പിക്കുന്നവർക്ക് ഈ അസസ്മെന്റ് വർഷത്തെ (2025-26) നഷ്ടം അടുത്ത വർഷത്തെ റിട്ടേണിൽ തട്ടിക്കിഴിക്കാനുള്ള അവസരം ലഭിക്കില്ല.

ENGLISH SUMMARY:

Income tax return filing deadline is approaching. File your income tax return before the deadline to avoid penalties.