AI Generated Image
ഒരു മാസത്തോളം വൈകി മേയ് അവസാനത്തോടെയാണ് ഇത്തവണത്തെ ആദായ നികുതി റിട്ടേണ്‍ ഫയലിങ് ആരംഭിച്ചത്. ഇതുവരെ 75 ലക്ഷത്തിലധികം പേര്‍ റിട്ടേണ്‍ സമര്‍പ്പിച്ചു കഴിഞ്ഞു. എന്നാല്‍ ഇത്തവണ റിട്ടേണ്‍ പ്രൊസസ് ചെയ്യുന്നതിനും റീഫണ്ട് ലഭിക്കുന്നതും വൈകുമെന്നാണ് വിവരം. ആദായ നികുതി വകുപ്പ് പരിശോധന കര്‍ശനമാക്കുന്നതാണ് കാരണം.
കഴിഞ്ഞ വർഷങ്ങളിലെ അസസ്‌മെന്റ് റിപ്പോർട്ടുകളും പഴയ നികുതി റിട്ടേണുകളും പൂർണമായി പരിശോധിച്ചതിനുശേഷം മാത്രമേ ആദായനികുതി വകുപ്പ് റീഫണ്ട് നൽകുകയുള്ളൂ. നികുതിദായകർ മുൻ വർഷങ്ങളിൽ ഒരു തരത്തിലുള്ള തട്ടിപ്പും നടത്തിയിട്ടില്ലെന്ന് ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് ആദായ നികുതി വകുപ്പ് നടപടി. കഴിഞ്ഞ വര്‍ഷങ്ങളില്‍ സൂക്ഷ്മപരിശോധന തീര്‍പ്പാകാതെ കിടക്കുന്നുണ്ടെങ്കില്‍ റീഫണ്ടുകള്‍ ഇപ്പോള്‍ നല്‍കേണ്ടതില്ലെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരം.
ജൂലൈ നാല് വരെ ഐടിആര്‍–2, ഐടിആര്‍–3 ഫോമുകള്‍ ഇ–ഫയലിങ് പോര്‍ട്ടലില്‍ ലഭ്യമായിട്ടില്ല. മൂലധനനേട്ടമുള്ളതും ഒന്നിലധികം വരുമാന സ്രോതസുള്ളവരും ഉപയോഗിക്കുന്ന ഫോമുകളാണ് വൈകുന്നത്. ഇതും ആദായനികുതി വകുപ്പിന്‍റെ പോർട്ടലിലെ ബാക്കെൻഡ് സിസ്റ്റം അപ്‌ഗ്രേഡുകളും ആദായനികുതി റീഫണ്ടുകളെ വൈകിപ്പിച്ചേക്കാം എന്നാണ് വിവരം.
ഫയലിങ് വൈകിയതാനാല്‍ ഇത്തവണ ഓഡിറ്റ് ചെയ്യാത്ത കേസുകൾക്കുള്ള റിട്ടേൺ ഫയലിംഗ് സമയപരിധി സെപ്റ്റംബർ 15 വരെ നീട്ടിയിട്ടുണ്ട്