AI Generated Image
2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട സമയപരിധി ഇത്തവണ നീട്ടിയിട്ടുണ്ട്. സാധാരണയുള്ള ജൂലൈ 31 ന് പകരം സെപ്റ്റംബര്‍ 15 വരെ നികുതിദായകര്‍ക്ക് റിട്ടേണ്‍ സമര്‍പ്പിക്കാം. ആരൊക്കെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കണമെന്നതില്‍ അവ്യക്തതയുണ്ടോ?. സ്രോതസില്‍ നിന്നുള്ള നികുതി (ടിഡിഎസ്) ഈടാക്കി കഴിഞ്ഞാല്‍ നികുതി ബാധ്യതയില്ലെന്നതാണ് പലരുടെയും ധാരണ.
ബാങ്ക് നിക്ഷേപത്തില്‍ നിന്നും ശമ്പളത്തില്‍ നിന്നും വാടകയില്‍ നിന്നുമെല്ലാമായി സര്‍ക്കാര്‍ ടിഡിഎസ് ഈടാക്കുന്നുണ്ട്. ചില പ്രത്യേക ഇടപാട് നടക്കുമ്പോള്‍ തന്നെ നികുതി സ്വീകരിക്കുകയും ഇത് സര്‍ക്കാറിലേക്ക് അടയ്ക്കുകയുമാണ് ചെയ്യുന്നത്. എന്നാല്‍ ടിഡിഎസ് ഈടാക്കിയെന്ന് കരുതി നികുതി ബാധ്യത തീരുന്നില്ല. ഇവരും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതുണ്ട്.
ടിഡിഎസ് ഒരു നികുതിദായകന്‍റെ പൂര്‍ണമായ നികുതി ബാധ്യതയെ കണക്കാക്കുന്നില്ല. നിശ്ചിത നിരക്കിലാണ് ഓരോയിടത്തും ടിഡിഎസ് ഈടാക്കുന്നത്. ഇത് യഥാര്‍ഥ നികുതി നിരക്കല്ല. അതിനാല്‍ തന്നെ നികുതിദായകര്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതുണ്ട്. മാത്രമല്ല, ഇളവുകള് കുറയ്ക്കുന്നതിന് മുന്‍പ് ഒരാളുടെ ആകെ വരുമാനം അടിസ്ഥാന ഇളവ് പരിധി മറികടക്കുന്നെങ്കിലും ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതുണ്ട്. ഉയര്‍ന്ന മൂല്യമുള്ള ഇടപാട് നടത്തുക, വിദേശ ആസ്തി കൈവശം വെയ്ക്കുക തുടങ്ങിയ പ്രത്യേക സാഹചര്യങ്ങളിലും എന്നിവരും റിട്ടേണ്‍ സമര്‍പ്പിക്കണം.
അധികമായി ഈടാക്കിയ സ്രോതസില്‍ നിന്നുള്ള നികുതി തിരികെ ലഭിക്കാനും റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതുണ്ട്. കൂടാതെ, ടിഡിഎസും സ്രോതസ്സിൽ നിന്ന് ശേഖരിക്കുന്ന നികുതിയും നിശ്ചിത പരിധി കവിയുന്നുണ്ടെങ്കില്‍ ആദായനികുതി റിട്ടേൺ സമർപ്പിക്കാനാണ് നിയമം അനുശാസിക്കുന്നത്.
വിവിധ ടിഡിഎസ് നിരക്കുകള്‍ (FY 2024-25)
* ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 192 പ്രകാരം, ജീവനക്കാരന്‍റെ വാർഷിക വരുമാനം അടിസ്ഥാനമാക്കി തൊഴിലുടമയാണ് ടിഡിഎസ് കുറയ്ക്കുക. സ്ലാബ് നിരക്ക് അടിസ്ഥാനമാക്കിയാണ് ടിഡിഎസ് ഈടാക്കുക.
* സെക്ഷന്‍ 192 എ പ്രകാരം കാലാവധിക്ക് മുന്‍പ് ഇപിഎഫ് പിന്‍വലിച്ചാല്‍ ടിഡിഎസ് ഈടാക്കും. 50,000 രൂപയ്ക്ക് മുകളില്‍ 10 ശതമാനമാണ് ടിഡിഎസ്.
* കമ്പനികളില്‍ നിന്നുള്ള ലാഭവിഹിതം, എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത കടപത്രങ്ങളില്‍ നിന്നുള്ള പലിശ വരുമാനം എന്നിവ 5,000 രൂപയില്‍ കൂടിയാല്‍ 10 ശതമാനം ടിഡിഎസ് ഈടാക്കും.
* ബാങ്ക് നിക്ഷേപങ്ങളില്‍ നിന്നുള്ള പലിശ 40,000 രൂപ കടന്നാലാണ് 10 ശതമാനം ടിഡിഎസ് ഈടാക്കുക. 60 വയസിന് മുകളില്‍ പ്രായമുള്ളവരാണെങ്കില്‍ 50,000 രൂപയാണ് പരിധി.