• പണയം വെച്ച സ്വര്‍ണത്തിന്‍റെ മൂല്യം ഇടിയുമ്പോൾ ലോൺ-ടു-വാല്യൂ (LTV) അനുപാതം ഉയരുകയും, കൂടുതൽ ഈട് നൽകാനോ വായ്പ തുക ഭാഗികമായി തിരിച്ചടയ്ക്കാനോ ബാങ്കുകൾ ആവശ്യപ്പെടാൻ സാധ്യതയേറുകയും ചെയ്യുന്നു.

സ്വര്‍ണ വില കുത്തനെ ഇടിയുകയാണ്. പവന്‍റെ വില ലക്ഷത്തിനും താഴേക്ക് എത്തി. 97,720 രൂപയാണ് ഇന്ന് ഒരു പവന്‍റെ വില. സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വില ഇടിവ് നേട്ടമാകുമെങ്കിലും ഉയര്‍ന്ന വിലയില്‍ സ്വര്‍ണം പണയം വെച്ചവര്‍ക്ക് വലിയ തിരിച്ചടിയാണ് പുതിയ സംഭവങ്ങള്‍. വായ്പയ്ക്ക് ഈടുനല്‍കിയ സ്വര്‍ണത്തിന്റെ മൂല്യം ഇടിയുമ്പോള്‍ വായ്പയെടുത്തവര്‍ കൂടുതല്‍ സ്വര്‍ണം പണയം വെയ്ക്കുകയോ അധിക തുക അടയ്ക്കുകയോ വേണ്ടിവരും. 

പണയം വെച്ച സ്വര്‍ണത്തിന്‍റെ മൂല്യമിടിയുന്നതോടെ ലോണ്‍ ടു വാല്യു റേഷ്യോ ഉയരുന്നതാണ് വായ്പക്കാര്‍ക്ക് തിരിച്ചടിയാകുന്നത്. പണയം വെച്ച സ്വര്‍ണത്തിന്‍റെ യോഗ്യമായ വായ്പ തുകയാണ് എല്‍ടിവി റേഷ്യോ. സ്വര്‍ണ വില ഇടിയുന്നതോടെ കൂടുതല്‍ ഈട് നല്‍കാനോ ഭാഗികമായി വായ്പ തുക അടയ്ക്കാനോ ബാങ്കുകള്‍ ആവശ്യപ്പെട്ടേക്കാം. ബുള്ളറ്റ് തിരിച്ചടവ് രീതിയിലുള്ള സ്വര്‍ണ വായ്പകള്‍ക്കാണ് ഇത് കൂടുതല്‍ തിരിച്ചടിയാകുന്നത്. മാസത്തില്‍ കുടിശിക കുറയുന്നതില്‍ സ്വര്‍ണ വില കുറഞ്ഞാലും ഇഎംഐ വായ്പകളെ വലിയതോതില്‍ ബാധിക്കില്ല. 

കാലാവധി പൂര്‍ത്തിയാകുമ്പോള്‍ വായ്പ തുക തിരിച്ചടവ് നടത്തുന്ന തരം വായ്പകളാണ് ബുള്ളറ്റ് വായ്പകൾ. മൂന്നു മാസം മുതല്‍ 12 മാസം വരെ തിരിച്ചടവുള്ളതാണ് ഇത്തപം വായ്പകള്‍. വായ്പാ കാലയളവിൽ സ്വര്‍ണ വില കുറയുകയാണെങ്കില്‍ ഈടുവച്ച സ്വർണത്തിന്‍റെ മൂല്യം കുറയും. ഉദാഹരണത്തിനു 10 ലക്ഷം രൂപയുടെ സ്വര്‍ണം ഈടുവച്ച് 7.50 ലക്ഷം രൂപ വായ്പയെടുത്താല്‍ 75 ശതമാനമാണ് എല്‍ടിവി. സ്വര്‍ണത്തിന്‍റെ വില ഇടിഞ്ഞാല്‍ മൂല്യം 8.50 ലക്ഷം രൂപയായി കുറയും. ഇതോടെ എല്‍ടിവി 88 ശതമാനമായി ഉയരും. 

ബാങ്കുകളുടെ എല്‍ടിവി പരിധി മറികടക്കുകയാണെങ്കില്‍ കൂടുതല്‍ സ്വര്‍ണം പണയം വെയ്ക്കാനോ വായ്പ തുക ഭാഗികമായി തിരിച്ചടയ്ക്കാനോ ബാങ്കുകള്‍ ആവശ്യപ്പെടാം. അതേസമയം, സ്വര്‍ണവില കുറഞ്ഞാല്‍ ഇവ ഇഎംഐയെ ബാധിക്കില്ല. വായ്പ വ്യവസ്ഥ അനുസരിച്ച് തിരിച്ചടവ് തുടരാന്‍ വായ്പക്കാരന്‍ ബാധ്യസ്ഥനാണ്. 

ഡിസംബറില്‍ കൂടുതല്‍ ലേലം

വായ്പ തിരിച്ചടയ്ക്കാന്‍ ബുദ്ധിമുട്ടുന്ന ഉപഭോക്താക്കളുടെ എണ്ണം കൂടുമെന്നാണ് പണയ ബിസിനസിലുള്ള കമ്പനികള്‍ പ്രതീക്ഷിക്കുന്നത്. ഡിസംബര്‍ പാദത്തില്‍ ഇത്തരക്കാരുടെ സ്വര്‍ണം ലേലം ചെയ്യുന്നത് വര്‍ധിക്കും. ഉയർന്ന ലോൺ-ടു-വാല്യൂ അനുപാതത്തിൽ വായ്പയെടുത്ത, പരിമിതമായ സാമ്പത്തിക ശേഷിയുള്ളവരെയാണ് ഇടിവ് സാരമായി ബാധിക്കുകയെന്നാണ് കമ്പനികളുടെ വിലയിരുത്തല്‍. 

ENGLISH SUMMARY:

Gold prices have crashed sharply in the market, bringing the price of a sovereign below the one-lakh-rupees mark to stand at Rs 97,720 today. While this drop is a welcome relief for prospective buyers, it has posed a major setback for individuals who pledged gold at peak market rates. The decline in the collateral's value alters the Loan-to-Value (LTV) ratio, potentially forcing borrowers to deposit extra gold or make partial loan repayments. Financial institutions and pawnbrokers expect a surge in gold auctions by December, particularly affecting those with bullet-repayment loans where the principal is cleared at the end of the term.