2025–2026 അക്കൗണ്ടിങ് വര്ഷത്തില് ജീവനക്കാര്ക്ക് 60 ദിവസത്തെ വേതനം പ്രൊഡക്ടിവിറ്റി ലിങ്ക്ഡ് ബോണസായി അനുവദിച്ച് തപാല് വകുപ്പ്. ഇന്നലെയാണ് തപാല് വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഇതിന് പുറമെ ജിഡിഎസുമാര്ക്കുള്ള എക്സ്ഗ്രേഷ്യ ബോണസും മുഴുവന് സമയ ജീവനക്കാര്ക്കും താല്കാലിക ജീവനക്കാര്ക്കുമുള്ള താല്കാലിക ബോണസും അനുവദിച്ചിട്ടുണ്ട്. ശമ്പള സ്കെയില്, ജോലി ചെയ്ത ദിവസങ്ങള്, ജീവനക്കാരുടെ തസ്തിക എന്നിവ അനുസരിച്ചാകും ബോണസ് കണക്കുകൂട്ടുക.
ആര്ക്കെല്ലാം കിട്ടും?
സ്ഥിരം ജീവനക്കാര്ക്ക് ബോണസ് എങ്ങനെ കണക്കാക്കും?
ശരാശരി വേതനത്തെ ബോണസ് ദിവസങ്ങള്കൊണ്ട് ഗുണിച്ച് 30.4 കൊണ്ട് ഭാഗിച്ചാല് ലഭിക്കുന്ന തുകയാകും സ്ഥിര ജീവനക്കാരുടെ ബോണസ്. ഒരു മാസത്തിലെ ദിവസങ്ങളുടെ ശരാശരിയെയാണ് 30.4 എന്നത് കൊണ്ട് അര്ഥമാക്കുന്നത്. വേതനത്തിന്റെ ശരാശരിയെന്നത് അക്കൗണ്ടിങ് വര്ഷത്തിലെ ശമ്പള ഘടകങ്ങളുമാണ്. 2025–26 സാമ്പത്തിക വര്ഷത്തില് ഏതെങ്കിലും മാസത്തെ വേതനം 7000 രൂപയില് കൂടുകയാണെങ്കിലും 7000 രൂപയായി നിജപ്പെടുത്തിയുള്ള ബോണസാകും ലഭിക്കുക. ഈ വേതനത്തില് പേ സ്കെയില് പ്രകാരമുള്ള അടിസ്ഥാന വേതനം, ഡിഎ, സ്പെഷല് ബാങ്കിങ് അലവന്സ്, ഡപ്യൂട്ടേഷന് ഡ്യൂട്ടി, ഫാക്കല്റ്റി അംഗങ്ങള്ക്കും ട്രെയിനിങ് ഇന്സ്റ്റിറ്റ്യൂട്ടുകള്ക്കുമുള്ള ട്രെയിനിങ് അലവന്സ് എന്നിവയും ഉള്പ്പെടും. അതായത് ഓരോ മാസവും 7000 രൂപ വേതനമെന്ന് കണക്കാക്കി അതിനെ 12 കൊണ്ട് ഭാഗിക്കും. അങ്ങനെ വരുമ്പോള് ബോണസ് 13,816 രൂപയായിരിക്കും.
ജിഡിഎസുമാര്ക്കാണെങ്കില് അവര്ക്ക് ടിആര്സിഎയാകും കണക്കിലെടുക്കുക. ഇതില് ഡിഎയും ഉള്പ്പെടും. 2025–26 അക്കൗണ്ടിങ് വര്ഷത്തില് ജോലിയുണ്ടായിരുന്ന ദിവസങ്ങള്ക്കനുസരിച്ചാകും ബോണസും തീരുമാനിക്കുക.
അക്കൗണ്ടിങ് വര്ഷം 240 ദിവസം എട്ടുമണിക്കൂര് വീതമെന്ന കണക്കില് 2026 മാര്ച്ച് 31 ഓടെ തുടര്ച്ചയായി മൂന്ന് വര്ഷമോ അതിലധികമോ ജോലി ചെയ്തിട്ടുള്ളവര്ക്കാണ് കാഷ്വല് ജീവനക്കാര്ക്കുള്ള ആഡ്ഹോക് ബോണസ് ലഭിക്കുക. ആഴ്ചയില് അഞ്ച് ദിവസം ജോലിയെന്ന് കണക്കിലാക്കിയാല് ഓരോ വര്ഷവും 206 പ്രവര്ത്തിദിനങ്ങളാണ് മാനദണ്ഡം. 1200 രൂപയെന്ന സാങ്കല്പ്പിക മാസ വേതനത്തെ അടിസ്ഥാനമാക്കിയാണ് ഇവിടെ ബോണസ് കണക്കാക്കുന്നത്. അതിനെ ബോണസ് നല്കുന്ന ദിവസങ്ങളുടെ എണ്ണവുമായി ഗുണിച്ച് 30.4 കൊണ്ട് ഭാഗിച്ചാകും ബോണസ് കണക്കാക്കുക.