rupee-fall-bond-market
  • കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഈ മാസത്തെ ശമ്പളം നാളെ അക്കൗണ്ടിലെത്തും. ശമ്പളത്തിന് പുറമെ പെന്‍ഷനും മറ്റുള്ള വേതനങ്ങളും വെള്ളിയാഴ്ച തന്നെ അക്കൗണ്ടിലെത്തും

മൂന്ന് ദിവസത്തെ ബാങ്ക് സമരം കണക്കിലെടുത്ത് ശമ്പളവിതരണം നേരത്തേയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഈ മാസത്തെ ശമ്പളം നാളെ അക്കൗണ്ടിലെത്തും. പെന്‍ഷനും മറ്റുള്ള വേതനങ്ങളും വെള്ളിയാഴ്ച തന്നെ അക്കൗണ്ടിലെത്തും. കണ്‍ട്രോളര്‍ ഓഫ് ജനറല്‍ അക്കൗണ്ട്സ് ഇത് സംബന്ധിച്ച ഉത്തരവും പുറത്തിറക്കി. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍, പ്രതിരോധ, തപാല്‍ വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ക്കാണ് നാളെ ശമ്പളവും പെന്‍ഷനും ലഭിക്കുക. തിങ്കളാഴ്ച മുതല്‍ മൂന്ന് ദിവസം പണിമുടക്കായതിനാല്‍ ഞായറാഴ്ച ബാങ്കുകള്‍ തുറക്കാന്‍ റിസര്‍വ് ബാങ്ക് ഇന്നലെ അനുമതി നല്‍കിയിരുന്നു.  Also Read: ഞായറാഴ്ച ബാങ്കുകള്‍ പ്രവര്‍ത്തിക്കും; അനുമതി നല്‍കി റിസര്‍വ് ബാങ്ക്

ഞായറാഴ്ച ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നതോടെ അത്യാവശ്യ കാര്യങ്ങള്‍ മുടക്കമില്ലാതെ നടക്കുമെന്നും ഡിജിറ്റല്‍ സംവിധാനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നുമാണ് സര്‍ക്കാരിന്‍റെ പ്രതീക്ഷ. 26, 27 തീയതികള്‍ വാരാന്ത്യ അവധിയും തുടര്‍ന്നുള്ള മൂന്ന് ദിവസം പണിമുടക്കും ആയാല്‍ ജനം വലയുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഞായറാഴ്ച പ്രവര്‍ത്തിദിനമാക്കാന്‍ ധനമന്ത്രാലയം റിസര്‍വ് ബാങ്കിന്‍റെ അനുമതി തേടിയത്. 

പണമിടപാട് നടത്താന്‍ അവസാന നിമിഷം വരെ കാത്തിരിക്കരുതെന്നും അത്യാവശ്യകാര്യങ്ങള്‍ പണിമുടക്കിന് മുന്‍പ് ചെയ്യാന്‍ ശ്രദ്ധിക്കണമെന്നും ബാങ്കുകള്‍ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മൊബൈല്‍ ബാങ്കിങ്, യുപിഐ, ഇന്‍റര്‍നെറ്റ് ബാങ്കിങ് തുടങ്ങിയ സേവനങ്ങള്‍ തടസമില്ലാതെ പ്രവര്‍ത്തിക്കും. എടിഎമ്മുകളും പ്രവര്‍ത്തനക്ഷമമായിരിക്കും. എടിഎമ്മുകളില്‍ മതിയായ പണം നിക്ഷേപിക്കാനും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാതെ ശ്രദ്ധിക്കാനും ബാങ്കുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. 

സെപ്റ്റംബര്‍ 28 മുതല്‍ 30 വരെയാണ് ബാങ്ക് സംഘടനകളുടെ സംയുക്ത യൂണിയന്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാജ്യത്തെ ബാങ്കുകളിലെ ജീവനക്കാരുടെ 90 ശതമാനവും സംയുക്ത ബാങ്ക് യൂണിയനില്‍ ഭാഗമാണ്. ആഴ്ചയില്‍ അ‍ഞ്ചു ദിവസം മാത്രം ജോലി, ഏകീകൃത പെന്‍ഷന്‍ എന്നിവയടക്കമുള്ള ആവശ്യം ഉന്നയിച്ചാണ് പണിമുടക്ക്. 

ENGLISH SUMMARY:

The Central Government announced early disbursal of salaries and pensions to counter the upcoming nationwide bank strike from September 28 to 30. RBI has permitted banks to function on Sunday, September 27, to avoid public inconvenience. Online services, UPI, and ATMs will remain fully operational during the strike period.