Ai Generated Image

  • ഒക്ടോബർ 1 മുതൽ സൗജന്യ പരിധി കടന്നുള്ള ഓരോ എടിഎം ഇടപാടിനും ജിഎസ്ടിക്ക് പുറമെ 15 രൂപ സർവീസ് ചാർജ് ഈടാക്കും.

ബേസിക് സേവിങ്സ് ബാങ്ക് ഡെപ്പോസിറ്റ് (ബിഎസ്ബിഡി) അക്കൗണ്ട് ഉടമകളുടെ സർവീസ് ചാർജുകളിൽ പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) മാറ്റം വരുത്തി. പുതുക്കിയ നിരക്കുകൾ ഒക്ടോബർ 1 മുതൽ നിലവിൽ വരും.  മാറ്റങ്ങൾ പ്രധാനമായും എടിഎം ഇടപാടുകളിലാണ് ബാധകമാകുന്നത്. 

ഇനി മുതൽ ഒരു മാസത്തിൽ നാലു തവണ മാത്രമായിരിക്കും സൗജന്യ ഇടപാട് നടത്താൻ സാധിക്കുക. സൗജന്യ പരിധി കടന്നുള്ള ഓരോ എടിഎം ഇടപാടിനും 15 രൂപയും ജിഎസ്ടിയും സർവീസ് ചാർജായി ബാങ്ക് ഈടാക്കും.  മാസത്തിലെ ആദ്യത്തെ 4 ക്യാഷ് പിൻവലിക്കലുകൾ സൗജന്യമായി തന്നെ തുടരുമെങ്കിലും സൗജന്യ ഇടപാടുകൾ കണക്കാക്കുന്ന രീതിയിൽ ബാങ്ക് മാറ്റം വരുത്തിയിട്ടുണ്ട്. 

മുൻപ് ആധാർ എനേബിൾഡ് പേയ്‌മെന്റ് സിസ്റ്റം (എഇപിഎസ്) വഴിയുള്ള ഇടപാടുകളെ പ്രതിമാസ പരിധിയിൽ നിന്ന് ഒഴിവാക്കിയിരുന്നെങ്കിൽ, ഒക്ടോബർ 1 മുതൽ അവയും സൗജന്യമായ നാല് ഇടപാടുകളുടെ പരിധിയിൽ ഉൾപ്പെടും. അതേസമയം, ഡിജിറ്റൽ ഇടപാടുകൾ പൂർണമായും സൗജന്യമായി തുടരും.  

എസ്ബിഐ എടിഎമ്മുകളിലും മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിലും പ്രതിമാസം ആകെ നാലു തവണ മാത്രമാണ് സൗജന്യ പണം പിൻവലിക്കൽ സാധ്യമാകുക. അതിനുശേഷമുള്ള ഓരോ പിൻവലിക്കലിനും ഉപഭോക്താവ് അധിക തുക നൽകേണ്ടി വരും.  

മിനിമം ബാലൻസ് നിബന്ധനകളില്ലാതെ അടിസ്ഥാന ബാങ്കിങ് സൗകര്യങ്ങൾ ലഭ്യമാക്കുന്ന അക്കൗണ്ടുകളാണ് ബിഎസ്ബിഡി അക്കൗണ്ടുകൾ. ഈ അക്കൗണ്ടുകൾക്ക് ബാങ്ക് ചെക്ക് ബുക്ക് സൗകര്യം ലഭ്യമാക്കില്ല. പകരം റൂപേ എടിഎം കാർഡുകളാണ് നൽകുന്നത്. സാധാരണ സേവിങ്സ് അക്കൗണ്ടുള്ളവർക്ക് ബിഎസ്ബിഡി അക്കൗണ്ട് ആരംഭിക്കാൻ സാധിക്കില്ല. ഇത്തരം അക്കൗണ്ടിനായി അപേക്ഷിക്കുന്നതിന് 30 ദിവസം മുൻപ് സാധാരണ സേവിങ്സ് അക്കൗണ്ട് റദ്ദാക്കണമെന്നാണ് ബാങ്കിങ് ചട്ടം.

ENGLISH SUMMARY:

State Bank of India (SBI) has revised the service charges for Basic Savings Bank Deposit (BSBD) account holders, effective from October 1. Under the updated rules, customers are restricted to four free ATM withdrawals per month, including Aadhaar Enabled Payment System transactions. Any transactions exceeding this free monthly limit will incur a charge of 15 rupees plus GST. Meanwhile, digital transactions will continue to remain completely free of charge. This revision applies to BSBD accounts, which offer basic banking services without minimum balance requirements.