തിരുവനന്തപുരം ഒറ്റശേഖരമംഗലത്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എം. കൗണ്ടറിലെ ക്യാഷ് ഡെപ്പോസിറ്റ് മെഷീൻ (സി.ഡി.എം.) തകർത്ത് മോഷണശ്രമം. മെഷീനിൽ 20 ലക്ഷത്തിലധികം രൂപ ഉണ്ടായിരുന്നതായി ബാങ്ക് അധികൃതർ അറിയിച്ചു. പണം നഷ്ടമായിട്ടുണ്ടോയെന്ന് വിശദമായ പരിശോധനയ്ക്ക് ശേഷമേ സ്ഥിരീകരിക്കാനാകൂ.
ഒറ്റശേഖരമംഗലം മഹാദേവ ക്ഷേത്രത്തിന് സമീപത്തെ എസ്.ബി.ഐ. എ.ടി.എം. കൗണ്ടറിലാണ് സംഭവം. രാവിലെ ആറുമണിയോടെ പണം പിൻവലിക്കാനെത്തിയ ഒരാളാണ് സി.ഡി.എം. മെഷീനിന്റെ മുൻവശം തകർന്ന നിലയിൽ കണ്ടത്. തുടർന്ന് പൊലീസിനെയും ബാങ്ക് അധികൃതരെയും വിവരം അറിയിക്കുകയായിരുന്നു.
ബാങ്കിന്റെ വിവരമനുസരിച്ച്, കഴിഞ്ഞ രാത്രി 11 മണിയോടെയാണ് മെഷീനിൽ അവസാനമായി പണം നിക്ഷേപിച്ചത്. പുലർച്ചെ 3.30-ഓടെ ഉദ്യോഗസ്ഥർക്ക് സുരക്ഷാ സന്ദേശം ലഭിച്ചിരുന്നുവെന്നും, ഈ സമയത്താണ് മോഷണശ്രമം നടന്നതെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം, മോഷണശ്രമത്തിനിടെ സുരക്ഷാ അലാം പ്രവർത്തിച്ചിരുന്നില്ലെന്നതും അന്വേഷണത്തിൽ ശ്രദ്ധേയമായ കാര്യമാണ്. മെഷീനിൽ നിന്ന് പണം നഷ്ടമായിട്ടില്ലെന്നാണ് ബാങ്ക് അധികൃതരുടെ പ്രാഥമിക വിലയിരുത്തൽ. എന്നാൽ കൃത്യമായ പരിശോധന പൂർത്തിയായ ശേഷമേ ഇക്കാര്യത്തിൽ അന്തിമ സ്ഥിരീകരണം നൽകാനാകൂ.
സംഭവവുമായി ബന്ധപ്പെട്ട് സമീപത്തെ സി.സി.ടി.വി. ക്യാമറകളിലെ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്. ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.