സ്വര്‍ണം പണയം വെയ്ക്കാന്‍ പ്ലാനുണ്ടോ? റിസര്‍വ് ബാങ്കിന്‍റെ പുതിയ സ്വര്‍ണ പണയ നിയമങ്ങള്‍ ഏപ്രില്‍ ഒന്നുമുതല്‍ നിലവില്‍ വരികയാണ്. വായ്പയെടുക്കുന്നതിലും തിരിച്ചടവിലും വലിയ മാറ്റങ്ങളാണ് പുതിയ നിയമത്തിലുള്ളത്. സ്വര്‍ണത്തിനുമേല്‍ എത്ര തുക വായ്പ അനുവദിക്കാം എന്ന് കണക്കാക്കുന്ന ലോണ്‍ ടു വാല്യു റേഷ്യോ ഉയര്‍ത്തിയതാണ് സാധാരണക്കാര്‍ക്ക് ഗുണമാകുന്ന തീരുമാനം. 

* നേരത്തെ 75 ശതമാനമായിരുന്ന ലോണ്‍ ടു വാല്യു റേഷ്യോ ഇനി വായ്പ തുക അനുസരിച്ച് മാറും. 2.50 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് 85 ശതമാനമാണ് ലോണ്‍ ടു വാല്യു. അതായത് ഒരു ലക്ഷം രൂപയുടെ സ്വര്‍ണം പണയം വെച്ചാല്‍ 85,000 രൂപ ലഭിക്കും. 2.50 ലക്ഷം രൂപ മുതല്‍ 5 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് 80 ശതമാനമാണ് ലോണ്‍ ടു വാല്യു. അഞ്ചു ലക്ഷത്തിന് മുകളിലുള്ള വായ്പയാണെങ്കില്‍ 75 ശതമാനമാണ് ലോണ്‍ ടു വാല്യു അനുവദിക്കുക.

* 2.50 ലക്ഷം രൂപ വരെയുള്ള വായ്പകളാണെങ്കില്‍ ഇടപാടുകാരന്‍റെ തിരിച്ചടവ് ശേഷി പരിശോധിക്കുന്ന ക്രെഡിറ്റ് അപ്രൈസല്‍ ഉണ്ടാകില്ല. വായ്പ നല്‍കുന്നതിന് മുന്‍പ് ഇടപാടുകാരന്‍റെ ക്രെഡിറ്റ് ഹിസ്റ്ററി വിലയിരുത്താനാണ് ക്രെഡിറ്റ് അപ്രൈസൽ. ക്രെഡിറ്റ് സ്കോർ മോശമായതിനാൽ വായ്പ ലഭിക്കാതെ പോകുന്നവർക്ക് ഇത് വലിയ ആശ്വാസമാകും.

* വായ്പ തുക എന്തിന് ഉപയോഗിക്കുന്നു എന്ന നിരീക്ഷിണം മുൻഗണനാ വായ്പകളില്‍ മാത്രമായി പരിമിതപ്പെടുത്തും. ഏതെങ്കിലും വ്യക്തി പരിധി കടന്ന് സ്ഥിരമായി സ്വര്‍ണ വായ്പ എടുക്കുന്നുണ്ടെങ്കില്‍ കള്ളപ്പണ ഇടപാടില്ലെന്ന് ഉറപ്പാക്കാന്‍ നിരീക്ഷണം നടത്തും.

* ബുള്ളറ്റ് റീപേയ്‌മെന്റ് രീതിയുടെ കാലാവധി പരാമാവധി 12 മാസമായി നിജപ്പെടുത്തി. വായ്പയെടുത്ത തുകയും പലിശയും കാലാവധിയുടെ അവസാനം ഒന്നിച്ച് അടച്ചു തീർക്കുന്നതാണ് ബുള്ളറ്റ് റീപേയ്മെന്റ് ലോണുകൾ. ഇവ പലിശയടച്ചു പുതുക്കുന്നതിന് തടസ്സമില്ല. സ്വർണപ്പണയ വായ്പകളില്‍ കുടിശ്ശികയില്ലെങ്കില്‍ മാത്രമെ പുതുക്കാന്‍ അനുവദിക്കുകയുള്ളൂ. ഇഎംഐയിലാണ് സ്വര്‍ണ പണയ വായ്പയെടുക്കുന്നതെങ്കില്‍ 12 മാസത്തെ പരിധിയില്ല. 

* പരമാവധി പണയം വെയ്ക്കുന്ന സ്വര്‍ണത്തിന്‍റെ പരിധി ഒരു കിലോ ഗ്രാം ആണ്. സ്വര്‍ണനാണയമാണെങ്കില്‍ 50 ഗ്രാം ഈടായി വായ്പയെടുക്കാം. വെള്ളി ആഭരണങ്ങള്‍ ആണെങ്കില്‍ 10 കിലോയും വെള്ളി നാണയങ്ങള്‍ 500 ഗ്രാം വരെയും പണയം വെയ്ക്കാം.

* തിരിച്ചടവിന് ശേഷം എളുപ്പത്തില്‍ പണയ വസ്തു തിരികെ ലഭിക്കും. വായ്പ അവസാനിപ്പിക്കുന്ന ദിവസമോ ഏഴു പ്രവര്‍ത്തി ദിവസത്തിനുള്ളിലോ പണയ വസ്തു തിരികെ നല്‍കണം. വൈകിയാല്‍ ഓരോ ദിവസത്തിനും ബാങ്ക് 5,000 രൂപ വീതം ഇടപാടുകാരന് പിഴ നല്‍കണം.

* സ്വർണം ലേലം ചെയ്യുന്നതിന് മുന്‍പ് കൃത്യമായ അറിയിപ്പ് നൽകണം. പണയത്തില്‍ ബാങ്ക് തീരുമാനിക്കുന്ന കരുതൽ വില വിപണി മൂല്യത്തിന്റെ 90 ശതമാനമെങ്കിലുമാകണം. ലേലത്തിൽ നിന്നുള്ളം റിക്കവറിക്ക് ശേഷം മിച്ചം വരുന്ന തുക ഏഴു പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ ഇടപാടുകാരന് തിരികെ നൽകണം. വായ്പാ നിബന്ധനകളും മൂല്യനിർണയ വിശദാംശങ്ങളും പ്രാദേശിക ഭാഷയിൽ പ്രസിദ്ധീകരിക്കണം.

ENGLISH SUMMARY:

New RBI gold loan rules are set to revolutionize how individuals can borrow against their gold. These updated regulations, effective April 1st, aim to provide greater flexibility and accessibility for gold pawn transactions.