federal-bank-new-logo

ഭാവിയുടെ മുഖമാകാന്‍ പുതിയ ബ്രാന്‍ഡ് ലോഗോയുമായി ഫെഡറല്‍ ബാങ്ക്. മുംബൈയില്‍ ഫെഡറല്‍ ബാങ്ക് ബ്രാന്‍ഡ് അംബാസഡര്‍ വിദ്യ ബാലനും ബാങ്കിന്‍റെ ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് പുതിയ ലോഗോ അവതരിപ്പിച്ചു. ‘ഫോര്‍ച്യുണ വേവ്’ എന്ന് പേരിട്ട ലോഗോ ഫെഡറല്‍ ബാങ്കിന്‍റെ ആധികാരികതയും അഭിവൃദ്ധിയും കൂട്ടായ്മയും പ്രതിഫലിപ്പിക്കുന്നു. നൂതനവും ആധുനികവുമായ ബാങ്കിങ് സേവനങ്ങള്‍ വിപുലപ്പെടുത്തുന്നതിന്‍റെയും ബിസിനസ് വളര്‍ച്ച ഉറപ്പാക്കുന്നതിന്‍റെയും ഭാഗമാണ് ലോഗോ പരിഷ്കരണമെന്ന് ബാങ്ക് വ്യക്തമാക്കി. ‘ഇടപാടുകാർക്കും നിക്ഷേപകർക്കും ജീവനക്കാർക്കും ഒരുപോലെ മൂല്യവത്തായ സ്ഥാപനം’ എന്ന ഫെഡറൽ ബാങ്കിന്‍റെ കാഴ്ചപ്പാടിനോട് ചേർന്നു നിൽക്കുന്നതാണ് പുതിയ ലോഗോ.

federal-bank-name

ഇതുവരെ ക്യാപിറ്റൽ ലെറ്റർ ഉപയോഗിച്ചായിരുന്നു ബാങ്കിന്റെ പേര് എഴുതിയിരുന്നതെങ്കിൽ പുതിയ ഡിസൈനില്‍ എഫും ബിയും ഒഴികെയുള്ള അക്ഷരങ്ങൾ ഇംഗ്ലീഷിലെ സ്മോൾ ലെറ്ററിൽ ആകർഷണീയമായാണ് അവതരിപ്പിക്കുന്നത്. ബാങ്കിന്‍റെ പേര് ബോക്സിൽ എഴുതുന്ന രീതി ഒഴിവാക്കി. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും ശാഖകളിലുമെല്ലാം ഏറ്റവും എളുപ്പത്തിൽ ഉപയോഗിക്കാവുന്ന രൂപത്തിലാണ് ലോഗോ പരിഷ്കരിച്ചിരിക്കുന്നത്. പുത്തൻ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് മികച്ച സേവനം നൽകുന്ന ഫെഡറൽ ബാങ്കിന്റെ സാന്നിധ്യം രാജ്യവ്യാപകമായി വിപുലീകരിക്കാൻ ലോഗോ പരിഷ്കരണം സഹായകമാകും.

അടിസ്ഥാന തത്വങ്ങളിൽനിന്ന് വ്യതിചലിക്കാതെ ഭാവിയിലെ വെല്ലുവിളികൾ ഏറ്റെടുക്കാൻ സജ്ജമാണെന്ന സന്ദേശം നൽകുന്നതോടൊപ്പം ഫെഡറൽ ബാങ്കിന് കൂടുതൽ ആധുനികവും ഊർജ്ജസ്വലവുമായ മുഖം നൽകാനാണ് ലോഗോ പരിഷ്കരണത്തിലൂടെ ശ്രമിക്കുന്നതെന്ന് പ്രകാശന ചടങ്ങിൽ എംഡിയും സിഇഒയുമായ കെ.വി.എസ്.മണിയൻ പറഞ്ഞു. പതിറ്റാണ്ടുകളുടെ വിശ്വാസ്യത, ആധികാരികത, ഇടപാടുകാരോടുള്ള അചഞ്ചലമായ പ്രതിബദ്ധത എന്നീ മൂല്യങ്ങളാണ് ബാങ്കിനെ നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

വർണനകളെക്കാൾ വേഗത്തിൽ ബ്രാൻഡ് ഐഡന്‍റിറ്റിയാണ് ആളുകളിൽ മതിപ്പുളവാക്കുന്നതെന്നും ലോഗോ പരിഷ്കരിക്കുന്നതിലൂടെ പുതിയ കാലത്തിന്‍റെ അഭിരുചികൾക്കനുസരിച്ച് ആധുനികമാകാനുള്ള വലിയ അവസരമാണ് കൈവരുന്നതെന്നും ബാങ്കിന്‍റെ ചീഫ് മാർക്കറ്റിംഗ് ഓഫീസർ എം.വി.എസ്. മൂർത്തി പറഞ്ഞു. സുസ്ഥിരമായ വളർച്ച ലക്ഷ്യമിടുന്ന ഒരു ഫ്രാഞ്ചൈസി എന്ന നിലയിൽ ഫെഡറൽ ബാങ്ക് അതിവേഗം വളർച്ച കൈവരിക്കുന്നതായി ബ്രാൻഡ് അംബാസിഡർ വിദ്യാ ബാലൻ അഭിപ്രായപ്പെട്ടു. ഫെഡറൽ ബാങ്കിന്‍റെ സേവനങ്ങൾ പുതിയകാലത്തിന് അനുയോജ്യമായ രീതിയിൽ പരിവർത്തനപ്പെടുന്നത് ഏറെ പ്രശംസനീയവുമാണെന്ന് അവർ കൂട്ടിച്ചേർത്തു.

പ്രമുഖ ഡിസൈന്‍ സ്ഥാപനമായ സൈഡ്‌വേയ്സ് ആണ് പുതിയ ബ്രാൻഡിംഗ് ആശയം നടപ്പാക്കിയത്. ദശാബ്ദങ്ങളിലൂടെ വളർന്നു പന്തലിച്ച ബാങ്കിനെ പുനർനിർമിക്കുകയല്ല, മറിച്ച് പരിണാമത്തെ അടയാളപ്പെടുത്തുകയാണ് റീബ്രാൻഡിംഗിലൂടെ ഉദ്ദേശിച്ചതെന്ന് സൈഡ്‌വേയ്‌സ് സ്ഥാപകന്‍ അഭിജിത് അവസ്തി പറഞ്ഞു. ഫെഡറൽ ബാങ്ക് കൈവരിച്ച മാനുഷികമൂല്യങ്ങൾ കൈവിടാതെ, ആത്മവിശ്വാസം സ്ഫുരിക്കുന്ന, ഭാവിയ്ക്കു വേണ്ടി സജ്ജമായ ഒരു ബ്രാൻഡായി അവതരിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. 

ENGLISH SUMMARY:

Federal Bank unveiled The Fortuna Wave, its refreshed brand identity that reflects the Bank’s evolution and desire to be contemporary and future‑ready. The launch took place in the presence of the Bank’s Leadership and the Brand Ambassador Ms Vidya Balan in Mumbai.