AI Generated Image

AI Generated Image

TOPICS COVERED

ആദായ നികുതി വകുപ്പ് നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ പരിശോധിക്കുമോ? ഇ–മെയില്‍ വിവരങ്ങള്‍, സോഷ്യല്‍ മീഡിയ അക്കൗണ്ട്, ഓണ്‍ലൈന്‍ ഷോപ്പിങ്, ഡിജിറ്റല്‍ പെയ്മെന്‍റ് തുടങ്ങിയവ വിവരങ്ങള്‍ ആദായ നികുതി വകുപ്പ് പരിശോധിക്കും എന്നാണ് ഈയിടെ വന്ന ഒരു സോഷ്യല്‍ മീഡിയ പ്രചാരണം. എന്നാല്‍ ഇത് തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജവുമാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വ്യക്തമാക്കി. ആദായ നികുതി വകുപ്പ് വ്യക്തിഗത വിവരങ്ങള്‍ പരിശോധിക്കാറില്ല.  

ബാങ്കുകളും മറ്റ് നിശ്ചിത സ്ഥാപനങ്ങളും റിപ്പോർട്ട് ചെയ്യുന്ന ഉയർന്ന മൂല്യമുള്ള സാമ്പത്തിക ഇടപാടുകൾ ഉൾക്കൊള്ളുന്ന സ്റ്റേറ്റ്മെന്‍റ് ഓഫ് ഫിനാന്‍ഷ്യല്‍ ട്രാന്‍സാക്ഷന്‍ (SFT) പോലുള്ള നിയമപരമായ വെളിപ്പെടുത്തലുകളിലൂടെയാണ് ആദായനികുതി വകുപ്പിന് വിവരങ്ങൾ ലഭിക്കുന്നത്. വരുമാന വിവരങ്ങളും പ്രധാനപ്പെട്ട ഇടപാടുകളെ പറ്റിയുള്ള വിവരങ്ങളും കൃത്യമായി ആദായ നികുതി വകുപ്പിന് സമര്‍പ്പിക്കുന്നവരാണെങ്കില്‍ ഇക്കാര്യത്തില്‍ ഭയപ്പെടേണ്ടതില്ല. 

ആദായ നികുതി വകുപ്പ് പരിശോധന

1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 285BA, 1962-ലെ ആദായനികുതി ചട്ടങ്ങളിലെ റൂൾ 114E എന്നിവ പ്രകാരം സാമ്പത്തിക വർഷത്തിൽ നിശ്ചയിച്ചിട്ടുള്ള പരിധിക്ക് മുകളിലുള്ള ഉയർന്ന മൂല്യമുള്ള ഇടപാടുകൾ ഫോം 61A വഴി ആദായനികുതി വകുപ്പിനെ അറിയിക്കേണ്ടതുണ്ട്. സാമ്പത്തിക ഇടപാടുകളിൽ സുതാര്യത ഉറപ്പാക്കാനും നികുതി വെട്ടിപ്പ് കണ്ടെത്താനുമാണിത്.

ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍

റൂള്‍ 114E ഇത്തരം ഇടപാടുകള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുന്നുണ്ട്. സാമ്പത്തിക വര്‍ഷത്തില്‍ സേവിങ്സ് അക്കൗണ്ടിലോ സ്ഥിര നിക്ഷേപത്തിലോ 10 ലക്ഷം രൂപയില്‍ കൂടുതലുള്ള പണമിടപാടുകള്‍, കറന്‍റ് അക്കൗണ്ടില്‍ സാമ്പത്തിക വര്‍ഷത്തില്‍ 50 ലക്ഷം രൂപയില്‍ കൂടുതല്‍ നിക്ഷേപിക്കുന്നതും പിന്‍വലിക്കുന്നതും, ഒരു ലക്ഷം രൂപയുടെ ക്രെഡിറ്റ് കാര്‍ഡ് ബില്ലിലുള്ള പണമിടപാട്, 10 ലക്ഷം രൂപയ്ക്ക് മുകളില്‍ ക്രെഡിറ്റ് കാര്‍ഡ് ബില്ലടയ്ക്കുന്നത്, ബോണ്ടുകൾ, ഓഹരികള്‍, മ്യൂച്വൽ ഫണ്ടുകൾ എന്നിവയ്ക്കായി 10 ലക്ഷം രൂപയ്ക്ക് മുകളിൽ ചെലവാക്കുന്നത്, 30 ലക്ഷം രൂപയോ അതിന് മുകളിലോ മൂല്യമുള്ള വസ്തുവകകള്‍ വാങ്ങുന്നതും വില്‍ക്കുന്നതും എന്നിവ റിപ്പോര്‍ട്ട് ചെയ്യേണ്ട ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകളാണ്. 

ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ ആദായനികുതി വകുപ്പിന് സമര്‍പ്പിക്കണം. മറ്റു സാമ്പത്തിക ഇടപാടുകള്‍ക്ക് മുകളില്‍ പരിശോധന ഉണ്ടാകില്ല. വ്യക്തിഗത പാന്‍ കാര്‍ഡില്‍ റിപ്പോര്‍ട്ട് ചെയ്ത ഇടപാടും ആദായ നികുതി റിട്ടേണില്‍ കാണിച്ച വരുമാനവും തമ്മില്‍ പൊരുത്തക്കേടുണ്ടെങ്കില്‍ ആദായനികുതി വകുപ്പ് കാരണം കാണിക്കൽ നോട്ടീസ് അയച്ചേക്കാം.

ENGLISH SUMMARY:

Income tax scrutiny focuses on high-value financial transactions reported by institutions. The Income Tax Department primarily relies on legally mandated disclosures like the Statement of Financial Transactions (SFT) reported by banks and other institutions for high-value financial activities.