Image Credit: facebook.com/upichalega
ഓഗസ്റ്റ് ഒന്നു മുതല്‍ യു.പി.ഐയില്‍ പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ നാഷണല്‍ പെയ്മെന്‍റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. അമിത ഉപയോഗത്തിലുള്ള എ.പി.ഐ (ആപ്ലിക്കേഷന്‍ പ്രോഗ്രാം ഇന്‍റര്‍ഫേസ്)കള്‍ക്ക് നിയന്ത്രിക്കാനായി ബാലന്‍സ് പരിശോധന, ഓട്ടോപേ സംവിധാനം അടക്കം അടുത്ത മാസം മുതൽ നിയന്ത്രണം കൊണ്ടുവരും. ഇടയ്ക്കിടെയുണ്ടാകുന്ന യു.പി.ഐയുടെ സാങ്കേതിക പ്രശ്നം പരിഹരിക്കുകയാണ് ഇതിലൂടെയുള്ള ലക്ഷ്യം.
ദൈനംദിന ഇടപാടുകളെ മാറ്റങ്ങള്‍ ബാധിക്കില്ലെങ്കിലും പുതിയ യുപിഐ നിയമങ്ങള്‍ ബാലന്‍സ് പരിശോധന, ഇടപാട് സ്റ്റാറ്റസ് അപ്ഡേറ്റ് എന്നിവയെ ബാധിക്കും. ബാലന്‍സ് പരിശോധനയ്ക്ക് ഓഗസ്റ്റ് ഒന്നു മുതല്‍ നിയന്ത്രണം വരും. ദിവസം 50 തവണയില്‍ കൂടുതല്‍ ബാലന്‍സ് പരിശോധന സാധിക്കില്ല. ഓരോ ആപ്പിലും ഉപഭോക്താക്കള്‍ക്ക് 50 തവണ എന്ന പരിധിയുണ്ടാകും.
പേടിഎം, ഫോണ്‍പേ എന്നിങ്ങനെ ഒന്നിലധികം യുപിഐ ആപ്പുകള്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ ഓരോ ആപ്പിലൂടെയും 50 തവണ ബാലന്‍സ് പരിശോധിക്കാം. ഇടയ്ക്കിടെ ബാലന്‍സും ഇടപാടും പരിശോധിക്കേണ്ടി വരുന്ന കച്ചവടക്കാര്‍ക്ക് ഈ തീരുമാനം തിരിച്ചടിയാകും. മൊബൈല്‍ നനമ്പറുമായി ലിങ്ക് ചെയ്തിരിക്കുന്ന ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഒരു ദിവസം 25 തവണ മാത്രമെ പരിശോധിക്കാന്‍ സാധിക്കുകയുള്ളൂ. തിരക്കേറിയ സമയമായ രാവിലെ പത്തിനും ഉച്ചയ്ക്ക് ഒന്നിനും, വൈകീട്ട് അഞ്ചിനും രാത്രി 9.30 നും ഇടയില്‍ ഓട്ടോപേ മാന്‍ഡേറ്റ് ചെയ്യാന്‍ സാധിക്കില്ല.
അമിതമായ എപിഐ റിക്വസ്റ്റ് ഒഴിവാക്കുകയാണ് ഇതിലൂടെ യുപിഐ ലക്ഷ്യമിടുന്നത്. തിരക്കേറിയ സമയത്ത് യുപിഐ ഇടപാടുകള്‍ തടസപ്പെടുന്നത് തടയാനും വിശ്വാസ്യത നിലനിര്‍ത്താനും ഇത് സഹായിക്കും. മാസത്തില്‍ 16 ബില്യണ്‍ യു.പി.ഐ ഇടപാടുകളാണ് രാജ്യത്ത് നടക്കുന്നത്. ഇടപാടുകളുടെ എണ്ണം വര്‍ധിക്കുന്നതോടെ യു.പി.ഐ സംവിധാനം ഇതിന്‍റെ സമ്മര്‍ദ്ദം നേരിടുന്നുണ്ട്. ഈ വര്‍ഷം ഏപ്രില്‍, മേയ് മാസങ്ങളില്‍ രാജ്യത്തുടനീളം വലിയ തോതില്‍ യു.പി.ഐ ഇടപാടുകള്‍ തടസം നേരിട്ടിരുന്നു. ബാലന്‍സ് പരിശോധന പോലുള്ള തുടര്‍ച്ചയായ ട്രാഫിക്കാണ് യു.പി.ഐയെ പ്രശ്നത്തിലാക്കിയതെന്നാണ് എന്‍.പി.സി.ഐയുടെ കണ്ടെത്തല്‍.