dividend-taparia-tools

TOPICS COVERED

ഓഹരിവിപണിയില്‍ നിക്ഷേപകര്‍ക്ക് അധികവരുമാന മാര്‍ഗമാണ് ലാഭവിഹിതം. സ്ഥിരമായി ലാഭവിഹിതം നല്‍കുന്ന ഓഹരികളിലുള്ള നിക്ഷേപം വിപണി ഇടിഞ്ഞു നില്‍ക്കുന്ന സമയത്തും നേട്ടമാണ്. ലാഭവിഹിതം പ്രഖ്യാപിച്ച് ഞെട്ടിച്ചിരിക്കുകയാണ് ടപാരിയ ടൂള്‍സ് എന്ന ഓഹരി. 17 രൂപ വിലയുള്ള ഓഹരിയാണ് 40 രൂപ ലാഭവിഹിതം നല്‍കുന്നത്. 

10 രൂപ മുഖവിലയുള്ള ഓഹരിക്ക് 400 ശതമാനം ലാഭവിഹിതമാണ് കമ്പനി പ്രഖ്യാപിച്ചത്. ഓഹരിയൊന്നിന് 40 രൂപ വച്ച് ഓഹരിയുടമകള്‍ക്ക് ലഭിക്കും. നവംബര്‍ 12 ആണ് ലാഭവിഹിതത്തിനുള്ള റെക്കോര്‍ഡ് തീയതി. ഈ ദിവസത്തിനുള്ളില്‍ ഓഹരി കയ്യിലുള്ള നിക്ഷേപകര്‍ക്കാണ് ലാഭവിഹിതം ലഭിക്കുക. അതായത് നവംബര്‍ 11 നുള്ളിലെങ്കിലും ഓഹരി വാങ്ങണം. 

തിങ്കളാഴ്ച 4.99 ശതമാനം നേട്ടത്തില്‍ 17.89 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. ഒരു മാസത്തിനിടെ 10 ശതമാനം മുന്നേറിയ ഓഹരികള്‍ മൂന്നുമാസത്തിനിടെ 70.38 ശതമാനം റിട്ടേണ്‍ നല്‍കി. അതേസമയം ഓഹരികള്‍ വാങ്ങാന്‍ ആഗ്രഹിച്ചാലും കിട്ടാന്‍ പ്രയാസമുള്ള ഓഹരികളിലൊന്നാണ് ഇത്. 

ഹാന്‍ഡ്സ് ടൂള്‍സ് നിര്‍മിക്കുന്ന കമ്പനിയാണ് ടപാരിയ ടൂള്‍സ്. സ്പാനറുകൾ, പ്ലെയറുകൾ, സ്ക്രൂഡ്രൈവറുകൾ തുടങ്ങിയ വിവിധതരം ടൂളുകളാണ് പ്രധാന ഉല്‍പ്പന്നം. മികച്ച ലാഭമുണ്ടാക്കുന്ന, മികച്ച ലാഭവിഹിതം ലഭിക്കുന്ന കമ്പനിയുടെ ഓഹരി വാങ്ങാമെന്ന് ആഗ്രഹിച്ചാലും കിട്ടാന്‍ പാടാണ്. വാങ്ങാന്‍ ആളുണ്ടെങ്കിലും വില്‍ക്കാന്‍ ആളില്ലാത്ത ഓഹരിയാണ് ടപാരിയ ടൂള്‍സ്. വോളിയം വളരെ കുറവ്. 

ടപാരിയ, ബങ്കൂര്‍ കുടുംബാംഗങ്ങളായ പ്രമോട്ടര്‍മാരുടെ കയ്യിലാണ് കമ്പനിയുടെ 71.5 ശതമാനം ഓഹരികളും. 8.78 ശതമാനം ഓഹരികളാണ് പൊതുനിക്ഷേപകരുടെ കയ്യിലുള്ളത്. ഇതിൽ ഭൂരിഭാഗം പേരുടെയും കുടുംബപ്പേര് ടപാരിയ, ബങ്കൂർ എന്നാണ്. അതിനാല്‍ ഈ കുടുംബത്തിനപ്പുറം ടപാരിയ ടൂള്‍സ് ഓഹരികള്‍ സ്വന്തമായുള്ളവര്‍ ചുരുക്കമാണെന്നര്‍ഥം.

ENGLISH SUMMARY:

Hand tools manufacturer Taparia Tools has stunned the stock market by announcing a massive 400% dividend of Rs 40 per share. Despite the stock trading at a modest price of around Rs 17, the company declared this significant payout for shares with a face value of Rs 10. The record date to determine eligible shareholders for the dividend payout has been fixed for November 12. However, acquiring this highly lucrative stock remains exceptionally difficult for retail investors due to extremely low trading volumes and high promoter holding.