gna-energy-isnider

സ്വകാര്യ കമ്പനിയായ ജിഎന്‍എ എനര്‍ജിയില്‍ നിന്നും കെഎസ്ഇബി വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ടാണ് കേരളത്തിലെ പുതിയ വിവാദം. കരാറിനെതിരെയും കമ്പനിക്കെതിരെയും വിവിധ ആരോപണങ്ങള്‍ നിലനില്‍കെയാണ് ജിഎന്‍എ എനര്‍ജിയുമായി ബന്ധപ്പെട്ട 173 കോടി രൂപയുടെ ഓഹരി തട്ടിപ്പ് വിവരം കൂടി പുറത്തുവരുന്നത്. 

Also Read: ജി.എന്‍.എ കമ്പനിയില്‍ നിന്നും വൈദ്യുതി വാങ്ങാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനത്തില്‍ വിയോജിപ്പ്

സെൻട്രൽ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനിൽ നിന്നും വിവരങ്ങള്‍ ചോർത്തി ഇന്ത്യൻ എനർജി എക്സ്ചേഞ്ച് (ഐഇഎക്സ്) ഓഹരികളിൽ ഇൻസൈഡർ ട്രേഡിങ് നടത്തി അനധികൃത ലാഭം ഉണ്ടാക്കിയതിന് സെബിയുടെ അന്വേഷണം നടക്കുന്നവരാണ് ജിഎന്‍എ എനര്‍ജിയുടെ തലപ്പത്തുള്ളവര്‍. ജി.എൻ.എ എനർജി മാനേജിംഗ് ഡയറക്ടറും സി.ഇ.ഓയുമായ സഞ്ജീവ് കുമാർ, സി.ടി.ഒ നരേന്ദർ കുമാർ, പ്രധാന ഓഹരിയുടമ ഭുവൻ സിങ് എന്നിവർ ഉൾപ്പെട്ട സംഘമാണ് 2025 ജൂലൈയിൽ നടന്ന ക്രമക്കേടിന് പിന്നിൽ പ്രവർത്തിച്ചത്.

തട്ടിപ്പ് ഈ ഓഹരിയില്‍ 

രാജ്യത്ത് നിലവിലുള്ള വൈദ്യുതി വ്യാപാര രീതി മാറ്റി കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ (സിഇആർസി) മാർക്കറ്റ് കപ്ലിങ് എന്ന സംവിധാനം അവതരിപ്പിക്കുന്നതോടെയാണ് ഓഹരി തട്ടിപ്പിന്‍റെ കഥ ആരംഭിക്കുന്നത്. 2025 ജൂലൈ 23 ന് സിഇആർസി ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കി. ഈ വിവരം നേരത്തെ കൈക്കലാക്കിയ സംഘം ഐഇഎക്സിന്‍റെ പുട്ട് ഓപ്ഷനില്‍ ട്രേഡിങ് നടത്തി വലിയ ലാഭമുണ്ടാക്കുകയായിരുന്നു.

പവർ എക്സ്ചേഞ്ചുകള്‍ സ്വന്തം പ്ലാറ്റ്ഫോമിലെ ഡിമാൻഡും സപ്ലൈയും നോക്കി വില നിശ്ചയിച്ചിരുന്നതായിരുന്നു പഴയരീതി. പവര്‍ എക്സ്ചേഞ്ചുകളിലെ 90 ശതമാനം ഇടപാടും നടക്കുന്ന ഐഇഎക്സിന് വിപണിയില്‍ വലിയ ആധിപത്യമുണ്ടായിരുന്നു. മാര്‍ക്കറ്റ് കപ്ലിങ് വരുന്നതോടെ ഐ.ഇ.എക്സ് ഓഹരി വില കുത്തനെ ഇടിയുമെന്ന വിവരം സി.ഇ.ആർ.സിയിലെ ഉദ്യോഗസ്ഥയിൽ നിന്നും അവരുടെ മുൻ വിദ്യാർത്ഥിയായ ഭുവൻ സിങ് ചോർത്തുകയായിരുന്നു. ഈ സാധ്യത മുന്നില്‍ കണ്ടാണ് സംഘം ഐഇഎക്സിന്റെ പുട്ട് ഓപ്ഷനെടുക്കുന്നത്. ഉത്തരവ് വന്നതിന് തൊട്ടടുത്ത ദിവസം ഓഹരി വില 30 ശതമാനത്തോളം ഇടിഞ്ഞിരുന്നു. 

iex-stock-price-details

IEX ന്‍റെ ഓഹരി വിലയിലുണ്ടായ ഇടിവ്.

തട്ടിപ്പ് അധ്യാപികയും ശിഷ്യനും ചേര്‍ന്ന് 

ട്രേഡിങ് ഡാറ്റയിലെ പൊരുത്തകേട് പരിശോധിച്ച സെബിയാണ് സ്വയമെടുത്ത കേസിലായിരുന്നു ആദ്യ അന്വേഷണം. പിന്നീട് ഇൻസൈഡർ ട്രേഡിംഗ് സൂചിപ്പിച്ച് സെബിക്ക് പരാതിയും ലഭിച്ചു. ഡേറ്റ പരിശോധിച്ച സെബിയുടെ കണ്ടെത്തലുകള്‍ ശ്രദ്ധേയമായിരുന്നു. വിവിധ ട്രേഡുകളിൽ കുറച്ചു വ്യക്തികളുടെ പേരുമാത്രം ആവർത്തിച്ചു വരുന്നു. ഇവരാണെങ്കിൽ സ്ഥിരമായി ഡെറിവേറ്റീവ് വിപണയിൽ ഇടപെടുന്നവരുമല്ല. ഇതിനു മുൻപ് ഐഇഎക്സിന്റെ ഒരു ഓപ്ഷനും ഇക്കൂട്ടർ ട്രേഡ് ചെയ്തതുമില്ല. എന്നിട്ടും ജൂലൈ 21, 22 ദിവസങ്ങളിൽ ഇക്കൂട്ടർ വലിയ തുക ഐഇഎക്സിന്‍റെ പുട്ട് ഓപ്ഷനിലേക്ക് മാറ്റി. വിപണിയിടിവിൽനിന്ന് നേട്ടമുണ്ടാക്കാനുള്ള മാര്‍ഗമാണ് പുട്ട് ഓപ്ഷന്‍.

തട്ടിപ്പിന്റെ പ്രധാനി ഭുവൻ സിങാണ്. സിഇആർസിയിലെ ഇക്കണോമിക്സ് വിഭാഗത്തിലെ ഉന്നതയുമായുള്ള ബന്ധത്തിലാണ് വിവരങ്ങള്‍ ലഭിച്ചത്. ഇവരുടെ വിദ്യാർഥിയായിരുന്നു ഭുവൻ. ഇവരില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ വാട്സാപ്പ് ഗ്രൂപ്പ് വഴിയാണ് ഭുവന്‍ മറ്റുള്ളവരിലേക്ക് എത്തിച്ചത്. ഭുവന്‍ സിങിന്‍റെ കുടുംബാംഗങ്ങളും ജിഎന്‍എ കമ്പനി എംഡി സഞ്ജീവ് കുമാറിന്‍റെ കുടുംബവുമാണ് ഈ വിവരങ്ങളുപയോഗിച്ച് ട്രേഡ് ചെയ്ത് ലാഭമുണ്ടാക്കിയത്.  

ആദ്യ ട്രേഡ്? ലാഭം ലക്ഷങ്ങള്‍ 

തട്ടിപ്പിന്‍റെ ബുദ്ധികേന്ദ്രമായി കരുതുന്ന ഭുവന്‍ സിങ് പതിവായി ട്രേഡ് ചെയ്യുന്ന ഒരാളായിരുന്നില്ല. പുട്ട് ഓപ്ഷനുകള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെ പറ്റിയുള്ള ട്യൂട്ടോറിയലുകളും പുതിയ ഉത്തരവ് ഐഇഎക്സിന്‍റെ ഓഹരിയെ എങ്ങനെ ബാധിക്കും എന്ന കാര്യവും ഇയാള്‍ തിരഞ്ഞതായി ഫോണില്‍ നിന്നും സെബി കണ്ടെത്തി. 

2025 ജൂലൈ 23 ന് വിപണി സമയത്തിനു ശേഷമാണ് മാർക്കറ്റ് കപ്ലിംഗുമായി ബന്ധപ്പെട്ട ഉത്തരവിറങ്ങുന്നത്. ഇതിനു തൊട്ടുതലേദിവസങ്ങളില്‍ സംഘാംഗങ്ങള്‍ പുട്ട് ഓപ്ഷനുകള്‍ സ്വന്തമാക്കി. ജൂലൈ 24-ാം തീയതി ഓഹരി വില 29.58 ശതമാനം ഇടിഞ്ഞു. തുച്ഛമായ വിലയുണ്ടായിരുന്ന പുട്ട് ഓപ്ഷനുകളുടെ മൂല്യം പെട്ടെന്ന് കുതിച്ചുയർന്നു. ജൂലൈ 28 ആയപ്പോഴേക്കും ട്രേഡർമാർ തങ്ങളുടെ പൊസിഷനുകൾ സ്ക്വയർ ഓഫ് ചെയ്ത് വൻ ലാഭം അക്കൗണ്ടിലാക്കി. 

gna-insider-trading

ലാഭമുണ്ടാക്കിയതിന്‍റെ കണക്ക്.

ഭുവന്‍ സിങ്, അമര്‍ ജിത് സിങ് സോറന്‍, അമിത സോറന്‍, അനിത, നരേന്ദ്രകുമാര്‍, ബിന്ദു ശര്‍മ, വിരേന്ദ്രര്‍ സിങ് എന്നി ഏഴു പേരാണ് ഈ ട്രേഡില്‍ നിന്നും ലാഭമുണ്ടാക്കിയത്. ഇതില്‍ ഭുവന്‍ എന്ന ഒറ്റ ട്രേഡർ ഉണ്ടാക്കിയ ലാഭം 72 കോടി രൂപയാണ്. ഈ സംഘം കൊയ്തത് 173 കോടി രൂപയുടെ വൻ ലാഭമായിരുന്നു. ജിഎന്‍എ എനര്‍ജിയുടെ എംഡി സഞ്ജീവ് കുമാറിന്‍റെ ഭാര്യ ബിന്ദു ശര്‍മയുണ്ടാക്കിയ ലാഭം 2.18 കോടി രൂപ. 

പണം എത്തിയത് ജിഎന്‍എയുടെ അക്കൗണ്ടില്‍ 

ഫണ്ടുകൾ പിൻവലിച്ചതിന് ശേഷം ലാഭമുണ്ടാക്കിയവര്‍ പണം മാറ്റിയത് ജയ് സിംഗ് ആൻഡ് കമ്പനി, ജിഎൻഎ എനർജി പ്രൈവറ്റ് ലിമിറ്റഡ്, ജെഎസ്സി ഇൻഫ്രാടെക് പ്രൈവറ്റ് എന്നി കമ്പനികളിലേക്കാണ്. ഇതില്‍ ജെഎസ്‍സി കമ്പനിയുടെ അഞ്ച് ഓഹരി ഉടമകളില്‍ ജിഎന്‍എയുടെ എംഡിയുമുണ്ട്. ട്രേഡിങിലൂടെയുള്ള ലാഭം കണ്ടുകെട്ടാന്‍ തീരുമാനിച്ച സെബി ഈ തുക സ്ഥിര നിക്ഷേപ അക്കൗണ്ടുകളിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനൊപ്പം നോട്ടീസ് ലഭിച്ച എട്ടുപേരെ സെക്യൂരിറ്റി വിപണിയില്‍ നിന്നും വിലക്കുകയും ചെയ്തു.

ENGLISH SUMMARY:

SEBI ordered the alleged illegal gains of more than Rs 173 crore be impounded from nexus involving GNA Energy Private Limited after uncovering an insider trading scheme involving a Central Electricity Regulatory Commission (CERC) official and trading in the shares of Indian Energy Exchange Ltd (IEX).